മുഖ്യമന്ത്രി അറിയാൻ

കേരളത്തിന്റെ തുടർ വികസന പദ്ധതികളിൽ അഭിപ്രായ രൂപീകരണത്തിനായി കാസർകോട് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയോട് കാസർകോടൻ ജനതയ്ക്ക് പറയാൻ ഒരുപാട് പരാധീനതകളുണ്ട്. അവയിൽ ഏറ്റവും മുഖ്യമായത് ജില്ലയുടെ വികസന മുരടിപ്പ് പരിഹരിക്കണമെന്നുള്ളത് തന്നെയാണ്.

ഐക്യ കേരളത്തിന്റെ രൂപീകരണത്തോടെ സൗത്ത് കാനറ ജില്ലയിൽ നിന്നും വേർപെട്ട് കേരളത്തിൽ ലയിച്ച അവിഭക്ത കണ്ണൂർ ജില്ലയിലെ വടക്കൻ പ്രദേശങ്ങൾ കാസർകോട് ജില്ലാ രൂപീകരണത്തിന് ശേഷവും വികസനത്തിന്റെ കാര്യത്തിൽ ഏറെ പിന്നിലാണെന്നത് യാഥാർത്ഥ്യം. ഇല്ലത്തുനിന്നും പുറപ്പെട്ടു അമ്മാത്തൊട്ട് എത്തിയതുമില്ല എന്ന പഴഞ്ചൊല്ല് പോലെ കയ്യാലപ്പുറത്തെ തേങ്ങയായി ഇപ്പോഴും നിലനിൽക്കുകയാണ് കാസർകോട്.

കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങൾ ഇപ്പോഴും വികസനമെത്താത്ത നിലയിലാണ്. ഈ വികസന മുരടിപ്പ് പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ മുഖ്യമന്ത്രി പരിഗണിക്കുമെന്ന് തന്നെ കരുതാം. മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ, മംഗളൂരുവിനെ ആശ്രയിക്കേണ്ടി വരുന്ന കാസർകോട് നിവാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നാണ് ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള ഒരാശുപത്രി.

അത്യാഹിത ഘട്ടങ്ങളിൽ ജീവരക്ഷക്കായി കർണ്ണാടകയിലേക്ക് പോകേണ്ടി വരുന്ന കാസർകോട്ടെ സാധാരണക്കാരായ പൊതുജനം കിടപ്പാടം പോലും പണയപ്പെടുത്തിയാണ് ആശുപത്രി ബില്ല് തീർക്കുന്നത്. കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ചികിൽസാസൗകര്യങ്ങൾ കാസർകോടൻ ജനതയ്ക്ക് ഇന്നും അന്യമാണ്. ഇതിന് പരിഹാരമുണ്ടാക്കണമെങ്കിൽ ജില്ലാ ആശുപത്രിയെ ആധുനിക ചികിൽസാ സൗകര്യങ്ങളുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാക്കുക തന്നെയാണ് ഉചിതം.

ജില്ലയിെലത്തുന്ന മുഖ്യമന്ത്രിയുടെ പ്രഥമ പരിഗണനാവിഷയം ജില്ലാ ആശുപത്രിയുടെ വികസനവും ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജിന്റെ വികസനവുമാണ്. പാതിവഴിയിലെത്തി നിൽക്കുന്ന മെഡിക്കൽ കോളേജ് നിർമ്മാണം സർക്കാർ ഉടൻ പൂർത്തിയാക്കണമെന്ന് തന്നെയാണ് കാസർകോട്ടുകാർ ആഗ്രഹിക്കുന്നത്. കാസർകോടിന്റെ ഈ ആവശ്യം മുഖ്യമന്ത്രി കാണാതെ പോകരുത്.

പ്രവർത്തനം നിലച്ച കാസർകോട്ടെ ഭെൽ കമ്പനി ഏറ്റെടുക്കാൻ കേരള സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച അപേക്ഷ ഇപ്പോഴും പരിഗണന കാത്ത് കെട്ടിക്കിടക്കുകയാണ്. ഭെൽ ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കി അതിലെ തൊഴിലാളികൾക്ക് ജീവിത മാർഗ്ഗം തിരിച്ചു കൊടുക്കാൻ മുഖ്യമന്ത്രി ശ്രമിക്കുമെന്ന് തന്നെ കരുതാം.

പൊതുമേഖലാ സ്ഥാപനമായ ഭെൽ അടച്ചു പൂട്ടിയതോടെ നിരവധി കുടുംബങ്ങളുടെ ജീവിതമാർഗ്ഗമാണ് ഇല്ലാതായത്. വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ഇപ്പോഴും പിന്നോക്കാവസ്ഥയിൽത്തന്നെയാണ്. വിദ്യാർത്ഥികൾക്ക് അവർക്കിഷ്ടപ്പെട്ട വിഷയം പഠിക്കണമെങ്കിൽ മംഗളൂരുവിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ജില്ലയിലെ സർക്കാർ കോളേജുകളിൽ കൂടുതൽ കോഴ്സുകൾ ആരംഭിക്കുകയെന്നത് തന്നെയാണ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗ്ഗം.

മലയോര ഹൈവേയാണ് കാസർകോട് പ്രതീക്ഷിച്ചിരുന്ന മറ്റൊരു പദ്ധതി. ഇതിന് പുറമെ സർക്കാരിന്റെ പരിഗണനയിലുള്ള കാണിയൂർ റെയിൽപ്പാതാ പദ്ധതിയുമുണ്ട്. ഇവ രണ്ടും യാഥാർത്ഥ്യമാക്കാൻ മുഖ്യമന്ത്രിയുടെ സജീവപരിഗണന ഉണ്ടാകുമെന്ന് വേണം കരുതാൻ. ഹൈവേ വികസനത്തിലുണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങിയ സാഹചര്യത്തിൽ ദേശീയപാതാ വികസനത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധ പതിയേണ്ടതുണ്ട്.

കാസർകോട് ജില്ലയിൽ ദേശീയപാതയിൽ ആകെയുള്ള റെയിൽവെ ക്രോസ്സായ നീലേശ്വരം പള്ളിക്കരയിലെ റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. പള്ളിക്കര റെയിൽവെ മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാനുള്ള നീക്കങ്ങൾക്കും മുഖ്യമന്ത്രി മുൻകൈയെടുക്കുമെന്ന് കരുതാം. കാസർകോടിന്റെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾക്ക് മുഖ്യമന്ത്രിയുടെ ജില്ലാ സന്ദർശനം പരിഹാരമാകുമെന്ന് വേണം കരുതാൻ.

LatestDaily

Read Previous

അബ്ദുറഹ്മാന്റെ കൊലയിൽ രണ്ട് പക: മന്ത്രി കെ.ടി ജലീല്‍

Read Next

ചാറ്റിംഗിൽ വീടു വിട്ട ഭർതൃമതി കോടതിയിൽ മാതാവിനൊപ്പം പോയി