വിജയാഹ്ലാദം സൈബറിടങ്ങളിൽ ഒതുങ്ങി ആരവങ്ങളില്ല, എങ്ങും ഹർത്താൽ പ്രതീതി

കാഞ്ഞങ്ങാട്: 99 സീറ്റുകൾ നേടി ഇടത് മുന്നണി സംസ്ഥാനത്ത് ഭരണത്തുടർച്ച നേടിയപ്പോൾ ജില്ലയിൽ പ്രതീക്ഷിച്ചത് പോലെ ഇടത്-വലത് മുന്നണികൾ നിലവിലെ സീറ്റുകൾ നിലനിർത്തി. ആഹ്ലാദ പ്രകടനത്തിന് ഒട്ടും  മുതിരാതെ ആഹ്ലാദത്തിനുള്ള സമയമല്ലിതെന്ന  മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ  അർത്ഥവത്താക്കി ജനം വീടുകളിൽ ഒതുങ്ങിക്കഴിയുകയായിരുന്നു.

ചെറിയ തോതിലുള്ള വെടിക്കെട്ടുകളുണ്ടായി എന്നതൊഴിച്ചാൽ മറ്റ്  ആഹ്ലാദ പ്രകടനങ്ങളെല്ലാം  സൈബറിടങ്ങളിൽ ഒതുക്കി സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള ആഘോഷമാക്കി തെരഞ്ഞെടുപ്പ് ജയം ഒതുക്കുകയായിരുന്നു ജനങ്ങൾ ചെയ്തത്. വോട്ടെണ്ണൽദിനമായ ഇന്നലെ ലീഡുകൾ മാറി മറിഞ്ഞ് ഉൽക്കണ്ഠയുടെ നിമിഷങ്ങൾ കടന്ന് പോകുമ്പോഴും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ  നൽകിയ മാർഗ നിർദ്ദേശങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രവർത്തകരും പൂർണ്ണമായും അംഗീകരിക്കുകയായിരുന്നു.

ആളുകൾ കൂട്ടം കൂടുന്നതിനെയും അനാവശ്യമായ പുറത്തിറങ്ങുന്നതിനെയും ഹൈക്കോടതിയും വിലക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും നിയമപാലകരുടെയും നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്താൻ ജില്ലാ  തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് കർശ്ശനമായ നിർദ്ദേശം നൽകുകയുമുണ്ടായി.  വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നോഡൽ ഓഫീസർമാരുടെയും  ആരോഗ്യ വകുപ്പുദ്യോഗസ്ഥരുടെയും സാന്നിദ്ധ്യവും ഉറപ്പുവരുത്തി.

Read Previous

നാളെ മുതൽ നിയന്ത്രണം കർശ്ശനം

Read Next

കാസർകോടിന് സിപിഎം മന്ത്രി പരിഗണനയിൽ