ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മഞ്ചേശ്വരത്ത് ഇത്തവണ മുസ്ലീം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി സ്ഥാനാർത്ഥിയാകും. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ എം. സി. ഖമറുദ്ദീനെ മൽസരിപ്പിക്കണമെന്ന ആവശ്യമുയർത്തി ഖമറുദ്ദീൻ അനുയായികൾ രംഗത്തെത്തിയതോടെ മഞ്ചേശ്വരം നിയോജക മണ്ഡലം വീണ്ടും കേരള രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി.
150 കോടിയുടെ നിക്ഷേപത്തട്ടിപ്പിനെ നിസ്സാര കേസ്സായി വ്യാഖാനിച്ചാണ് എംഎൽഏയുടെ അനുയായികൾ വീണ്ടും രംഗത്തു വന്നത്. ഖമറുദ്ദീനെതിരെയുള്ള കേസ്സുകൾ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന വിചിത്രവാദമുയർത്തുന്ന അനുയായികൾ കേസ്സുകൾ സിവിൽ സ്വഭാവമുള്ളവയാണെന്ന് ഇപ്പോഴും വാദിക്കുന്നു. എണ്ണൂറോളം നിക്ഷേപകരെ വാഗ്ദാനങ്ങൾ നൽകി കബളിപ്പിച്ച് കോടികൾ നിക്ഷേപമായി സ്വീകരിച്ച ശേഷം, പണമോ, ലാഭവിഹിതമോ നൽകാതെ വഞ്ചിച്ച സംഭവത്തെയാണ് ഖമറുദ്ദീൻ അനുയായികളും, ലീഗ് നേതൃത്വവും നിസ്സാരവൽക്കരിക്കുന്നത്.
150-ലധികം കേസ്സുകളാണ് ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിൽ എം. സി. ഖമറുദ്ദീനെതിരെ നിലവിലുള്ളത്. ഇവയിൽ 50-ൽതാഴെ കേസ്സുകളിൽ മാത്രമാണ് ഖമറുദ്ദീന് ജാമ്യം ലഭിച്ചത്. കാസർകോട് ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം. ഈ സാഹചര്യം നിലനിൽക്കുമ്പോഴാണ് ഖമറുദ്ദീനെത്തന്നെ മഞ്ചേശ്വരത്ത് മൽസരിപ്പിക്കണമെന്ന് ലീഗിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പി. ബി. അബ്ദുൾ റസാഖിന്റെ ചരമത്തെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഒരു വർഷംമുമ്പ് ഖമറുദ്ദീൻ തെരഞ്ഞെടുക്കപ്പെട്ടത്.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നിന്നും സിപിഎമ്മിന്റെ ശങ്കർറൈ, ബിജെപിയുടെ രവീശതന്ത്രി കുണ്ടാർ, എന്നിവരെ പരാജയപ്പെടുത്തിയാണ് ഖമറുദ്ദീന്റെ വിജയം. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഹായവും ഖമറുദ്ദീന് കിട്ടിയിരുന്നു. എംഎൽഏ ആയി തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾക്കുള്ളിൽത്തന്നെ ഖമറുദ്ദീൻ തട്ടിപ്പുകേസ്സിൽ ജയിലിലുമായി. ജ്വല്ലറി തട്ടിപ്പു കേസ്സിൽ ഖമറുദ്ദീന്റെ കൂട്ടുപ്രതിയായ ടി. കെ. പൂക്കോയയും, മകൻ ഇഷാമും ഇപ്പോഴും ഒളിവിലാണ്. തട്ടിപ്പു കേസ്സിൽ പ്രതിയായ എം. സി. ഖമറുദ്ദീനെ മഞ്ചേശ്വരത്ത് മൽസരിപ്പിക്കാൻ സാധ്യതയില്ലെന്ന സൂചനകൾ പുറത്തു വന്നതോടെയാണ് അദ്ദേഹത്തിന്റെ അനുയായികൾ രംഗത്തു വന്നത്.
ഖമറുദ്ദീനെ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാക്കുകയാണെങ്കിൽ, അദ്ദേഹത്തിനെതിരെ നിക്ഷേപത്തട്ടിപ്പിനിരയായവരുടെ പ്രതിനിധി മൽസരിക്കുമെന്നുറപ്പായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് പ്രധാന വിഷയമായി ഉയരാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ തട്ടിപ്പ് കേസ്സിലെ പ്രതിയെ ലീഗ് സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥിയാക്കാൻ സാധ്യത വളരെ കുറവാണ്. കൂടുതൽ തവണ യുഡിഎഫിനൊപ്പം നിന്ന മഞ്ചേശ്വരം മണ്ഡലം അപൂർവ്വ അവസരങ്ങളിൽ മാത്രമാണ് എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളത്.
മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഖമറുദ്ദീനെ സ്ഥാനാർത്ഥിയാക്കുന്നത് ആത്മഹത്യാപരമായ നടപടിയായിരിക്കുമെന്ന് ലീഗ് സംസ്ഥാന നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഏകെഎം അഷ്റഫിനെ മറികടന്നാണ് ഖമറുദ്ദീൻ കഴിഞ്ഞ തവണ സ്ഥാനാർത്ഥിത്വം നേടിയത്. സീറ്റിനായി ഖമറുദ്ദീൻ ലീഗ് സംസ്ഥാന നേതൃത്വത്തിന് പണം കൊടുത്തിരുന്നുവെന്ന ആരോപണവുമുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻഹാജിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ തവണ സീറ്റ് നിഷേധിക്കപ്പെട്ട ഏ. കെ. എം. അഷ്റഫിന് വേണ്ടിയും ഒരു വിഭാഗം രംഗത്തുണ്ട്.
ജില്ലയിൽ നിന്നും ഇതുവരെ ലീഗിന്റെ യുവ സ്ഥാനാർത്ഥികൾ മൽസരിച്ചിട്ടില്ലാത്തതിനാൽ മഞ്ചേശ്വരം ഇത്തവണ യുവാക്കൾക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പു വിഷയം നിയമസഭാ സമ്മേളനത്തിൽ സജീവ ചർച്ചയായിരുന്നു. ഫാഷൻ ഗോൾഡ് വിഷയത്തിൽ തൃക്കരിപ്പൂർ എംഎൽഏ, എം. രാജഗോപാലൻ നിയമസഭയിൽ ചോദ്യവും ഉന്നയിച്ചിരുന്നു. നിക്ഷേപകർ വിശ്വസിച്ചേൽപ്പിച്ച പണം തട്ടിയെടുത്ത സംഭവത്തിൽ വഞ്ചനാക്കുറ്റം നിലനിൽക്കുമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.