മന്ത്രി ഇ.ചന്ദ്രശേഖരന്റെ മൂന്നാമങ്കം സിപിഐയിൽ പ്രതിഷേധം കടുത്തു

കാഞ്ഞങ്ങാട്: സംസ്ഥാന റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ മൂന്നാം തവണയും , കാഞ്ഞങ്ങാട്ട് നിന്ന് കേരള നിയമസഭയിലേക്ക് മത്സരിക്കാനുള്ള ഒരുക്കങ്ങൾ ജില്ലാ സിപിഐയിൽ കടുത്ത പ്രതിഷേധമുയർത്തി. ഉമ്മൻചാണ്ടി സർക്കാറിൽ 5 വർഷം എംഎൽഏ ആയിരുന്ന ഇ. ചന്ദ്രശേഖരൻ രണ്ടാം തവണ പിണറായി സർക്കാറിൽ റവന്യൂ വകുപ്പ് മന്ത്രിയാവുകയായിരുന്നു.  മൂന്നാം തവണ താൻ മത്സരിക്കുന്നില്ലെന്ന് നേരത്തെ പാർട്ടി അണികളിൽ പ്രഖ്യാപിച്ച ചന്ദ്രശേഖരൻ കേരളത്തിൽ തുടർ ഭരണം വരുമെന്ന് ഉറപ്പാക്കിയപ്പോൾ മൂന്നാം തവണയും, കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടാനുള്ള ഒരുക്കത്തിലാണ്.

രണ്ടാം തവണ വിജയിക്കുകയും, പിണറായി ഭരണത്തിൽ മന്ത്രിമാരാവുകയും ചെയ്ത സിപിഐ നേതാക്കളിൽ പലർക്കും മൂന്നാം തവണ മത്സരിക്കാൻ സിപിഐ സംസ്ഥാന നേതൃത്വം അവസരം നിഷേധിച്ചപ്പോൾ, ഇ. ചന്ദ്രശേഖരൻ മൂന്നാം തവണയും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത് പാർട്ടി സംസ്ഥാന സിക്രട്ടറി കാനം രാജേന്ദ്രനാണ്. അഞ്ചുവർഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ എംഎൽഏയും അഞ്ചുവർഷം മന്ത്രിയുമായിരുന്ന ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ വികസനത്തിൽ ഒന്നും ചെയ്തില്ലെന്നാണ് ജില്ലയിലെ സിപിഐ പാർട്ടി അണികളുടെ കടുത്ത ആരോപണം.

മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് വിജയിച്ച സിപിഐ നേതാവ് ഡോ. സുബ്ബറാവുവാണ് കാസർകോട് ജില്ലയിലെ ഏറ്റവുമൊടുവിലത്തെ കമ്മ്യൂണിസ്റ്റ് സംസ്ഥാന മന്ത്രി. മൂന്ന് പതിറ്റാണ്ടിന് ശേഷം ഇടതുപക്ഷത്ത് നിന്ന് കാസർകോടിന് ഒരു മന്ത്രിയെ ലഭിച്ചത് 2015-ൽ ചന്ദ്രശേഖരനിലൂടെയാണ്. നീണ്ട പത്തു വർഷത്തിൽ 5 വർഷം എംഎൽഏയും, 5 വർഷക്കാലം സംസ്ഥാന മന്ത്രിയുമായിരുന്നിട്ടും, ഇ. ചന്ദ്രശേഖരന് കാസർകോടിന്റെ ആതുര ശുശ്രൂഷാ മേഖലയിൽ വിരൽ ചൂണ്ടാൻ കാസർകോട് മെഡിക്കൽ കോളേജ് പോലും യാഥാർത്ഥ്യമാക്കാൻ കഴിയാത്ത ദയനീയ അവസ്ഥയായിരുന്നു.

ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരുന്ന 2010 മുതൽ 15 വരെ ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് എംഎൽഏ ആയിരുന്നിട്ടും, കാസർകോട്ടെ ഉക്കിനടുക്കയിൽ സർക്കാർ മെഡിക്കൽ കോളേജ് പാസ്സാക്കിയിട്ടും, ഈ മെഡിക്കൽ കോളേജിന്റെ ഓഫീസ് പോലും തുറന്നത് 2020-ലെ കോവിഡ് മഹാമാരിക്കാലത്താണ്. കാഞ്ഞങ്ങാട്- കാണിയൂർ റെയിൽപാതയ്ക്ക് ബജറ്റിൽ 20 കോടി ടോക്കൺ തുക വകയിരുത്തിയത് വി.എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. ചന്ദ്രശേഖരൻ മന്ത്രിയായി അധികാരമേറ്റ 2015-ൽ കാസർകോട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കാൻ അദ്ദേഹം ആത്മാർത്ഥത കാണിച്ചിരുന്നുവെങ്കിൽ, കേരളത്തിൽ നിന്നുള്ള അത്യാഹിത രേഗികൾക്ക് നേരെ കോവിഡ് കാലത്ത് കർണ്ണാടകയുടെ അതിർത്തി മണ്ണിട്ടു മൂടിയപ്പോൾ, ചികിത്സ കിട്ടാതെ ഇരുപതോളം രോഗികൾ ജില്ലയിൽ മരണപ്പെടില്ലായിരുന്നു.

കാഞ്ഞങ്ങാട്- കാണിയൂർ പാത വെറും 1400 കോടി രൂപയുടെ പദ്ധതിയാണ്. 750 കോടി രൂപ ഈ പാതയ്ക്ക് നൽകാൻ കേന്ദ്ര റെയിൽ മന്ത്രി സന്നദ്ധത പ്രകടിപ്പിച്ചിട്ടും, ശേഷിച്ച 750 കോടിയിൽ 375 കോടി കേരളവും 375 കോടി കർണ്ണാടകയും, അനുവദിച്ചിരുന്നുവെങ്കിൽ കാഞ്ഞങ്ങാട് നിന്ന് പാണത്തൂർ – സുള്ള്യ- കാണിയൂർ കാനന പാതയിൽ ഇന്ന് ബംഗ്ളൂരുവിലേക്ക് ട്രെയിൻ ഓടുമായിരുന്നു. ചന്ദ്രശേഖരൻ സ്വന്തം മണ്ഡലത്തിൽ ചെയ്തുവെച്ചത് മഞ്ഞംപൊതിക്കുന്നിൽ ദൂരദർശിനി ഘടിപ്പിച്ച് ബേക്കൽ കോട്ട നോക്കിക്കാണാനുള്ള കുഞ്ഞു പദ്ധതിയാണ്. ബേക്കൽ കോട്ടയിൽ ലൈറ്റ് ആന്റ് സൗണ്ട് ഷോ തുടങ്ങിയെങ്കിലും, വൻ ടിക്കറ്റ് നിരക്ക് നൽകി ലൈറ്റും സൗണ്ടും കാണാൻ കാണികളില്ലാത്തതിനാൽ ഈ ലൈറ്റും സൗണ്ടും പൂട്ടി ജീവനക്കാർ സ്ഥലം വിട്ടു.

പിണറായി മന്ത്രിസഭയിലെ രണ്ടാമനായ ഇ. ചന്ദ്രശേഖരനെ ഉപയോഗിച്ച് കാണിയൂർ പാതയും, ഉക്കിനടുക്ക മെഡിക്കൽ കോളേജും യാഥാർത്ഥ്യമാക്കാൻ മന്ത്രിയുടെ പാർട്ടി സിപിഐയുടെ ജില്ലയിലെ നേതാക്കൾക്കും പത്തു വർഷം അധികാരമുണ്ടായിട്ടും കഴിഞ്ഞില്ല. മന്ത്രി എന്ന നിലയിൽ ചന്ദ്രശേഖരന്റെ കടുത്ത പരാജയം ചൂണ്ടിക്കാട്ടി ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് മണ്ഡലത്തിൽ വീണ്ടും അങ്കത്തിനിറങ്ങരുതെന്ന് സിപിഐ ജില്ലാ പാർട്ടിയുടെ ഉത്തരവാദപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.

LatestDaily

Read Previous

ബ്ലേഡ് സുനിൽ കേസിൽ അന്വേഷണം വഴിമുട്ടി

Read Next

വിഷം കലർത്തിയ ഐസ്ക്രീം കഴിച്ചുമരിച്ച കുട്ടിക്ക് പിന്നാലെ ഇളയമ്മയും മരിച്ചു