തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ സംസ്ഥാന നേതാവിന്റെ പങ്ക് അന്വേഷിക്കും

കാഞ്ഞങ്ങാട്: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനെത്തിച്ച മൂന്നരക്കോടി രൂപയുടെ കുഴൽപ്പണം, വാഹന അപകടമുണ്ടാക്കി തൃശൂർ കൊടകരയിൽ തട്ടിയെടുത്ത സംഭവത്തിൽ, പാർട്ടിയുടെ സംസ്ഥാന നേതാവിന് പങ്കുള്ളതായി ലഭിച്ച സൂചന സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. പരാതി നൽകിയ കോഴിക്കോട്ടെ അബ്കാരി ധർമ്മരാജനെ ഇത് സംബന്ധിച്ച് പോലീസ് ചോദ്യം ചെയ്തപ്പോൾ ഇയാളുടെ ഉന്നത രാഷ്ട്രീയ ബന്ധം ബോധ്യപ്പെട്ടിട്ടുണ്ട്.

ധർമ്മരാജന്റെ ഡ്രൈവർ ഷംജീറാണ് പോലീസിൽ പരാതി നൽകിയത്. കാറുകളിലെത്തിയ സംഘം അപകടമുണ്ടാക്കി 25 ലക്ഷം രൂപ കവർന്നു എന്നായിരുന്നു കേസ്. ഇതിൽ 23.34 ലക്ഷം രൂപ അന്വേഷക സംഘം കഴിഞ്ഞ ദിവസം കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒമ്പതാം പ്രതി വെളൂക്കര കോണത്ത് കുന്ന് തോപ്പിൽ വീട്ടിൽ ബാബുവിന്റെ വീട്ടിൽ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.

പുറമെ, കേരള ബാങ്കിൽ 6 ലക്ഷം രൂപ വായ്പ തിരിച്ചടച്ചതിന്റെ രശീതിയും, മൂന്ന് പവൻ സ്വർണ്ണാഭരണവും പോലീസ് കണ്ടെടുക്കുകയുണ്ടായി. കാറിൽ പണവുമായി പോകുന്ന വിവരം കവർച്ച സംഘത്തിന് ചോർത്തി നൽകിയത് ഷംജീറിന്റെ സഹായി റഷീദാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. റഷീദ് ഇപ്പോൾ ഒളിവിലാണ്. പോലീസ് തെരച്ചിൽ നടത്തുന്നുണ്ട്. അതേസമയം, ദേശീയ പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടനയുടെ അന്വേഷണത്തിൽ ഗൗരവതരമായ വിവരങ്ങൾ ലഭിച്ചതായ സൂചനകളുണ്ട്.

സംഭവത്തിൽ സംസ്ഥാന നേതാവിന് പങ്കുള്ളതായ സൂചനയുടെ അടിസ്ഥാനത്തിൽ, വ്യക്തത വരുത്താനുള്ള ശ്രമം നേതൃത്വം നടത്തി വരുന്നുണ്ട്. സംഭവം നടന്ന ഉടൻ വിളിപോയത് ഈ നേതാവിന്റെ ഫോണിലേക്കാണ്. ഇതിന്റെ കോൾ ലിസ്റ്റ് പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കഴിഞ്ഞ നാല് ദിവസമായി വിളിച്ചിട്ട് കിട്ടുന്നില്ലത്രെ. പിടിയിലാവാനുള്ള മൂന്ന് പേരെ കൂടി കിട്ടിയാൽ മാത്രമെ തട്ടിപ്പിലെ രാഷ്ട്രീയ ബന്ധത്തിന്റെ ചുരുളഴിയുകയുള്ളൂ. അതിനിടെ പാലക്കാട്ട് പാളിപ്പോയ തട്ടിപ്പിനെക്കുറിച്ചുള്ള സൂചനകളും പോലീസിന് ലഭിച്ചതായി അറിയുന്നു. നാല് കോടി തട്ടിയെടുക്കാനുള്ള പദ്ധതിയാണ് പാളിപ്പോയത്. സന്ദേശം പോലീസ് ഗ്രൂപ്പിലേക്ക് ആള് മാറി എത്തിയതാണ്, പദ്ധതി പാളിപ്പോവുന്നതിൽ കലാശിച്ചത്.

LatestDaily

Read Previous

സരിതനായരെ കാഞ്ഞങ്ങാട് ജയിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് മാറ്റി

Read Next

അനന്തമായ സമരം