മഞ്ചേശ്വരത്ത് അടിയൊഴുക്കുണ്ടായെങ്കിലും വിജയം ഉറപ്പാക്കി യുഡിഎഫ്

കാഞ്ഞങ്ങാട്: ജില്ലയിൽ ഏറ്റവും കൂടിയ പോളിംഗ് രേഖപ്പെടുത്തിയ മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ടെടുപ്പിൽ വലിയ തോതിൽ അടിയൊഴുക്കുകൾ ഉണ്ടായതായി ഇടതു–വലതു മുന്നണികളുടെ വിലയിരുത്തൽ. 76.5 ശതമാനമായിരുന്നു മഞ്ചേശ്വരത്തെ വോട്ടിംഗ് നില. തുളുനാട്ടിൽ വോട്ടെടുപ്പ് ദിവസവും വലിയ ആവേശം എവിടെയും പ്രകടമായിരുന്നില്ല. അതേസമയം ജില്ലയിൽ മഞ്ചേശ്വരത്തിന് സമാനയായ രാഷ്ട്രീയ സാഹചര്യമുള്ള കാസർകോട് മണ്ഡലത്തിലെ വോട്ടിംഗ് ശതമാനം 70.87 ശതമാനം മാത്രമായിരുന്നു.

മഞ്ചേശ്വരത്തും, കാസർകോട്ടുമായി ആറ് ശതമാനത്തിന്റെ വ്യത്യാസം ഉണ്ടായി. ഇത് ആർക്കാണ് പ്രഹരമുണ്ടാക്കുകയെന്ന് തല പുകഞ്ഞ ചിന്തയിലാണ് ഇടതു–വലതു മുന്നണികളും, ബിജെപിയും. സാഹചര്യങ്ങൾ ഇതൊക്കെയാണെങ്കിലും വിജയം ഉറപ്പിക്കാനാവുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രങ്ങളായ മംഗൽപ്പാടി, കുമ്പള പഞ്ചായത്തുകളിൽ പ്രതീക്ഷിച്ച പോളിംഗ് നടന്നതായാണ് ലീഗ് വിലയിരുത്തുന്നത്.

ബിജെപി കൂടുതൽ പ്രതീക്ഷകളർപ്പിക്കുന്ന പൈവളികെ, വോർക്കാടി, എൻമകജെ പഞ്ചായത്തുകളിലും കൂടുതൽ പോളിംഗ് നടന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തു നിന്നുള്ള യുഡിഎഫ് വോട്ടുകൾ ഇത്തവണ പഴയത് പോലെ വന്നില്ല. അതേസമയം ഇടതു മുന്നണി പ്രതീക്ഷിച്ച സുന്നി, കാന്തപുരം വിഭാഗത്തിന്റെ മൂവായിരത്തോളം വോട്ട് തങ്ങൾക്ക് ലഭിച്ചതായാണ് യുഡിഎഫ് വിലയിരുത്തുന്നത്. എന്നാൽ, കാന്തപുരം വിഭാഗത്തിന്റെ വോട്ട് പൂർണ്ണതോതിൽ യുഡിഎഫിന് പോയില്ലെന്നും ഒരു വിഭാഗം ഇടതുമുന്നണിക്ക് കിട്ടി എന്ന വിലയിരുത്തലിലാണ് സിപിഎം.

എസ്ഡിപിഐ യുടെ പിന്തുണ ഇത്തവണ യുഡിഎഫിനുണ്ടായിരുന്നു. അയ്യായിരത്തിന് മുകളിൽ വോട്ട് മഞ്ചേശ്വരത്ത് എസ്ഡിപിഐക്കുണ്ട്. കള്ളവോട്ടിനെതിരെ ഇത്തവണയുണ്ടായ പൊതു വികാരവും തങ്ങൾക്കനുകൂലമാവുമെന്ന വിലയിരുത്തൽ യുഡിഎഫിനുണ്ട്. എസ്ഡിപിഐയുടെ പരസ്യ പിന്തുണ യുഡിഎഫിന് ദോഷം ചെയ്തുവെന്ന വിലയിരുത്തലും ഒരു വിഭാഗത്തിനുണ്ട്. ചില പഞ്ചായത്തുകളിൽ കോൺഗ്രസ് വോട്ടുകളിലും ചോർച്ചയുണ്ടായിട്ടുണ്ട്. എങ്കിലും, ലീഗ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പിക്കാനാവുമെന്ന വിലയിരുത്തലിൽ തന്നെയാണ് യുഡിഎഫ് എത്തി നിൽക്കുന്നത്.

LatestDaily

Read Previous

അധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ വീണ്ടും പോലീസ് അന്വേഷണം

Read Next

ഫാഷൻ ഗോൾഡ് തട്ടിപ്പ്: നിയമോപദേശം നൽകിയ വക്കീലിനെതിരെ നിക്ഷേപകരുടെ പ്രതിഷേധം