മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക് സ്ഥാനാർത്ഥിക്ക് മറിഞ്ഞു

കാഞ്ഞങ്ങാട്: മഞ്ചേശ്വരത്ത് കോൺഗ്രസ് വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് മറിച്ച് നൽകി ഉദുമയിൽ ബാലകൃഷ്ണൻ പെരിയയ്ക്ക് ബിജെപി വോട്ടുകൾ ലഭിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എംപി, ഇടനിലക്കാരതായി അണിയറ വർത്തമാനം. ഉണ്ണിത്താന്റെ കൂടി നോമിനിയായ ബാലകൃഷ്ണൻ പെരിയയെ ഉദുമയിൽ ഏതു വിധേനയും ജയിപ്പിച്ചെടുക്കണമെന്ന നിർബ്ബന്ധത്തിന്റെ ഭാഗമായാണ് മഞ്ചേശ്വരത്തും, ഉദുമയിലും പരസ്പരം വോട്ട് മറിക്കാനുള്ള ധാരണയുണ്ടാക്കിയതെന്നാണ് സൂചന.

ഉദുമയിൽ ബാലകൃഷ്ണൻ പെരിയയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിൽ കാസർകോട് ഡിസിസിക്കുള്ളിൽ ശക്തമായ എതിർപ്പുണ്ടായിരുന്നു. ഡിസിസിയോട് ആലോചിക്കാതെ ഉദുമയിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ഡിസിസി പ്രസിഡണ്ടടക്കമുള്ളവർ രാജി ഭീഷണി മുഴക്കിയിരുന്നു. കോൺഗ്രസിനുള്ളിൽ പുതുതായി രൂപം കൊണ്ട കെ. സി. വേണുഗോപാൽ ഗ്രൂപ്പിന്റെ കാസർകോട് ജില്ലയിലെ അമരക്കാരനായ രാജ്മോഹൻ ഉണ്ണിത്താന്റെ ഇഷ്ടക്കാരൻ കൂടിയാണ് ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ബാലകൃഷ്ണൻ പെരിയ.

കെപിസിസി ഭാരവാഹിയും, മുൻ ഉദുമ എംഎൽഏയുമായ കെ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിലാണ് ബാലകൃഷ്ണൻ പെരിയയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാരംഭഘട്ടത്തിൽ പ്രതിഷേധമുണ്ടായത്. കെ. പി. കുഞ്ഞിക്കണ്ണന്റെ മകന്റെ ഭാര്യ ഡോ: വീണ. എസ് നായർ തിരുവന്തപുരം വട്ടിയൂർക്കാവിൽ യു  ഡിഎഫ് സ്ഥാനാർത്ഥിയായതോടെയാണ് അദ്ദേഹം പ്രതിഷേധ സംഘത്തിന്റെ മുൻ നിരയിൽ നിന്നും മാറി നിന്ന് വട്ടിയൂർക്കാവിൽ മരുമകളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഉണ്ണിത്താനെ ബിജെപി സഹായിച്ചിരുന്നു. ഇതിന്റെ പ്രത്യുപകാരമെന്ന നിലയിലാണ് ഇത്തവണ നിയമസഭാ തെരഞ്ഞടുപ്പിൽ കെ. സുരേന്ദ്രനെ സഹായിക്കാൻ രാജ്മോഹൻ ഉണ്ണിത്താൻ എംപി, അണിയറയിൽ പ്രവർത്തിച്ചതെന്നാണ് ആരോപണം. കോൺഗ്രസ് വോട്ടുകൾ ബിജെപിക്ക്  മറിച്ച് നൽകിയത് യുഡിഎഫ് സ്ഥാനാർത്ഥി ഏ. കെ. എം. അഷ്റഫിന്റെ വിജയ സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചതായും സൂചനയുണ്ട്.

കോൺഗ്രസ് വോട്ടുകൾ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദന് ലഭിച്ചിട്ടുണ്ടോയെന്നറിയാൻ മെയ് 2 വരെ കാത്തിരിക്കേണ്ടി വരും. ഉദുമ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കൈകടത്തിയ രാജ്മോഹൻ ഉണ്ണിത്താനെതിരെ കാസർകോട് ഡിസിസിയിൽ പ്രതിഷേധം ശക്തമാണ്. കോൺഗ്രസിലെ പ്രമുഖ നേതാക്കൾ പലരും ഉദുമയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടു നിന്നത് ഈ പ്രതിഷേധത്തിന്റെ ഭാഗമായാണ്. എംപി, തന്നിഷ്ട പ്രകാരം തീരുമാനമെടുക്കുന്നതിനെതിരെ ഡിസിസി നേതൃത്വം, സംസ്ഥാന നേതൃത്വത്തിന് പരാതി സമർപ്പിച്ചിട്ടുണ്ട്.

ഉദുമയിൽ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബാലകൃഷ്ണൻ പെരിയയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. ഏഐസിസി പ്രവർത്തക സമിതിയംഗമായ കെ. സി. വേണുഗോപാലും, കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും ചേർന്ന് പ്രത്യേക താൽപ്പര്യമെടുത്താണ് ബാലകൃഷ്ണൻ പെരിയയെ ഉദുമയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതെന്നാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ ആരോപണം. ഉണ്ണിത്താൻ കാസർകോട് ജില്ലയിൽ സമാന്തര കോൺഗ്രസായി പ്രവർത്തിക്കുകയാണെന്നും, ഡിസിസിയിലെ ഒരു വിഭാഗം ആരോപിക്കുന്നു.

ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റേതുൾപ്പെടെ നിരവധി കോൺഗ്രസ് നേതാക്കളുടെ പേരാണ് ഉദുമയിൽ പറഞ്ഞു കേട്ടിരുന്നതെങ്കിലും ഒടുവിൽ ബാലകൃഷ്ണൻ പെരിയക്കാണ് നറുക്ക് വീണത്. സ്വന്തം നോമിനിയെ വിജയിപ്പിച്ചെടുക്കേണ്ടത് രാജ്മോഹൻ ഉണ്ണിത്താന്റെ അഭിമാന പ്രശ്നമാണ്. ഇതിനാലാണ് മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രന് കോൺഗ്രസിന്റെ വോട്ടുകൾ മറിച്ചു നൽകി, പകരം ഉദുമയിൽ ബാലകൃഷ്ണൻ പെരിയക്ക് ബിജെപി വോട്ടുകൾ ലഭിക്കുന്ന തന്ത്രം ഉണ്ണിത്താൻ ആസൂത്രണം ചെയ്തതെന്നാണ് അണിയറ വർത്തമാനം.

LatestDaily

Read Previous

വഴി വിളക്കുകൾ കണ്ണ് ചിമ്മിയിട്ട് മാസങ്ങളായി പരിഹാരമില്ല; ദിവസവും കൂടുതൽ വിളക്കുകൾ കേടാവുന്നു

Read Next

അഞ്ജലി എങ്ങുമില്ല