മഞ്ചേശ്വം ബിജെപി പിടിച്ചാൽ രമേശന് എതിരെ പാർട്ടി നടപടി

കാഞ്ഞങ്ങാട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രൻ ഇത്തവണ ജയിച്ചു കയറിയാൽ, സുരേന്ദ്രനോട് മത്സരിച്ച കാഞ്ഞങ്ങാട് നഗരസഭ മുൻ ചെയർമാൻ ഇടതുമുന്നണിയിലെ വി.വി. രമേശന് എതിരെ പാർട്ടി നടപടി ഉറപ്പ്. മഞ്ചേശ്വരത്ത് ഇടതു സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കണമെങ്കിൽ ഇടതുമുന്നണിക്ക് 60,000 വോട്ടുകൾ ലഭിക്കണം.

സിപിഎം പാർട്ടി കണക്കനുസരിച്ച് രമേശന്റെ പെട്ടിയിൽ ഇത്തവണ വീണു കിടക്കുന്നത് വെറും 40,000 വോട്ടുകൾ മാത്രമാണ്. മുസ്ലീം ലീഗിലെ എം. സി. ഖമറുദ്ദീൻ വിജയിച്ച ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി ശങ്കർ റായ്ക്ക് ലഭിച്ചത് 37,500 വോട്ടുകളാണ്. ഖമറുദ്ദീനോട് അതിശക്തമായ പോരാട്ടമാണ് ശങ്കർ റായ് നടത്തിയത്. ശങ്കർ റായിയേക്കാൾ വെറും 2,500 വോട്ടുകൾ മാത്രം ഇത്തവണ രമേശന് അധികം നേടാൻ കഴിഞ്ഞതിൽ പാർട്ടിയിൽ സംശയങ്ങൾ ബലപ്പെട്ടു കഴിഞ്ഞു.

60,000 വോട്ടുകൾ പെട്ടിയിൽ വീണിരുന്നുവെങ്കിൽ, രമേശൻ ജയിക്കുമായിരുന്നുവെങ്കിലും, ഇത്തവണ വെറും 40,000 വോട്ടുകൾ കൊണ്ട് രമേശന് രാഷ്ട്രീയ കളം വിടേണ്ടിവരും. കന്നട വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള അവസരങ്ങൾ രമേശൻ നടത്താതിരുന്നത് ദുരൂഹതയുയർത്തി. കന്നട വോട്ട് മേഖലയിൽ പോകാതെ രമേശൻ ലീഗ് കേന്ദ്രങ്ങളിൽ ചെന്ന് വോട്ടു ചോദിച്ചതാണ് പാർട്ടിയെ അത്ഭുതപ്പെടുത്തിയത്.

മഞ്ചേശ്വരത്ത് യുഡിഎഫ് നില അൽപ്പം പരുങ്ങലിലാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻകൂർ ജാമ്യവും, രമേശന്റെ പെട്ടിയിൽ കിടക്കുന്ന 40,000 വോട്ടുകളുടെ എണ്ണവും, ഇടതുമുന്നണി കാലേക്കൂട്ടി നോക്കിക്കണ്ടതും, കൂട്ടിക്കിഴിക്കുമ്പോൾ, ഇക്കുറി മഞ്ചേശ്വരം മണ്ഡലത്തെ ഇത്തവണ കാവിയിൽ പൊതിഞ്ഞ് ഹെലികോപ്റ്ററിൽ തന്നെ കെ. സുരേന്ദ്രൻ കേരള നിയമസഭയിലെത്തിക്കും. കന്നട സിപിഎം വോട്ടുകൾ ഇത്തവണ സുരേന്ദ്രന് മറിഞ്ഞത് ഇടതു സ്ഥാനാർത്ഥിയുടെ മൗനത്തോടെ ആണെന്ന ചീത്തപ്പേര് സിപിഎമ്മിന് വന്നു ചേർന്നാൽ വി.വി. രമേശന് സ്വന്തം പാർട്ടിക്ക് മുന്നിൽ തലതാഴ്ത്തി നിൽക്കേണ്ടിവരും.

രമേശനെ സ്വന്തം അരുമയാക്കി ഇത്രയും കാലം കൊണ്ടു നടന്ന മന്ത്രി ഇ.പി. ജയരാജൻ  തെരഞ്ഞെടുപ്പ് വേളയിൽ രണ്ടു നാൾ മഞ്ചേശ്വരം മണ്ഡലത്തിൽ തമ്പടിച്ച് രമേശന് വേണ്ടി കുടുംബ യോഗങ്ങളിൽ പോലും സംബന്ധിച്ചിരുന്നു. മുസ്ലീം ലീഗിലെ അന്തരിച്ച എംഎൽഏ പി.ബി. അബ്ദുൾ റസാക്കിനോട്  വെറും 89 വോട്ടുകൾക്ക്  നേരത്തെ പരാജയപ്പെട്ട കെ. സുരേന്ദ്രൻ ഇനി മഞ്ചേശ്വരത്തേക്കില്ലെന്ന് തീർത്തു പറഞ്ഞ് പത്തനംതിട്ട, കോന്നി മണ്ഡലം ലക്ഷ്യമിട്ട് ഒരു വർഷക്കാലമായി വോട്ടിന് വേണ്ടി  പ്രവർത്തിക്കുമ്പോഴാണ് മഞ്ചേശ്വരത്ത് വി. വി. രമേശനാണ് ഇടതുമുന്നണി സ്ഥാനാർത്ഥിയെന്ന് ഒരു നാൾ ഒാർക്കാപ്പുറത്ത്  പുറത്തു വന്നത്.

ഈ തിരിച്ചറിവിന് ശേഷമാണ് കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും ഒരിക്കൽക്കൂടി അങ്കത്തിനിറങ്ങാൻ സുരേന്ദ്രൻ തീരുമാനിച്ചതും, ഇരു മണ്ഡലങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഹെലികോപ്റ്ററിൽ പറന്നെത്തി വോട്ടു തേടിയതും. കെ. സുരേന്ദ്രനും, വി. വി. രമേശനുമിടയിൽ ആരോ ഒരു ഇടനിലക്കാരൻ പ്രവർത്തിച്ചതായ സംശയവും പാർട്ടിയിൽ ബലപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

LatestDaily

Read Previous

അനുജൻ മരിച്ച് ഒരാഴ്ച തികയുമ്പോൾ ജ്യേഷ്ഠനും മരിച്ചു

Read Next

കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച കാർ ഇടയിലക്കാട്ടെ കമിതാക്കൾ രക്ഷപ്പെടാനുപയോഗിച്ചത്