അവസാന വിശകലനത്തിലും ഇടതിന് തുടർഭരണ പ്രതീക്ഷ

കാഞ്ഞങ്ങാട്: മൂന്നാഴ്ചത്തെ പ്രചാരണ കോലാഹലത്തിനൊടുവിൽ ഒരു ദിവസത്തെ നിശബ്ദ പ്രചാരണവും പൂർത്തിയാക്കി ഇന്ന് രാവിലെ മുതൽ വോട്ടർമാർ ബൂത്തുകളിലെത്തിത്തുടങ്ങി. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് തൊട്ട് മുമ്പുള്ള അവസാന വിശകലനത്തിലും ഇടതുമുന്നണിക്ക് ഭരണത്തുടർച്ച കിട്ടുമെന്ന വികാരം തന്നെയാണ് ഇടതുകേന്ദ്രങ്ങളിലുള്ളത്. അവസാന മണിക്കൂറിൽ മൽസരം കടുത്തതാണെന്ന പ്രതീതി യുണ്ടായെങ്കിലും തുടർഭരണ നിലനിൽക്കുന്നുെണ്ടന്നാണ് ഇടതുമുന്നണി വിലയിരുത്തുന്നത്.

നേമത്തും മഞ്ചേശ്വരത്തും ഉൾപ്പടെ ബിജെപി സംസ്ഥാനത്തെവിടെയും വിജയിക്കില്ലെന്ന വിലയിരുത്തലും ഇടതുമുന്നണിക്കുണ്ട്. നേമത്ത് ഇടതുസ്ഥാനാർത്ഥി ശിവൻകുട്ടി വിജയിക്കുമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ടെങ്കിലും, മഞ്ചേശ്വരത്ത് പ്രതീക്ഷ വേണ്ടെന്നാണ് സിപിഎം വിലയിരുത്തൽ. കെ. മുരളീധരൻ നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായതോടെ കഴിഞ്ഞ തവണ ബിജെപിക്ക് പോയ കോൺഗ്രസ്സ് വോട്ടുകൾ മുരളീധരൻ തിരിച്ച് പിടിക്കും. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങൾ ഇടതുമുന്നണിക്ക് വോട്ട് ചെയ്യുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

മഞ്ചേശ്വരത്തിന് പുറമെ ബിജെപി സംസ്ഥാനപ്രസിഡണ്ട് കെ. മുരളീധരൻ മൽസരിക്കുന്ന കോന്നിയിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോവുമെന്നാണ് ഇടതുമുന്നണി വിലയിരുത്തൽ.  ഭരണവിരുദ്ധ വികാരം ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ലെന്നും പകരംഭരണത്തുടർച്ചയ്ക്ക് വോട്ട് നൽകണമെന്നുമുള്ള വികാരം ദൃശ്യമാണെന്നും സിപിഎം കണക്കുകൂട്ടുന്നു. വികസനനേട്ടങ്ങൾ, ക്ഷേമപെൻഷൻ, ഭക്ഷ്യക്കിറ്റ് എന്നിവ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ടതിനാൽ അതൊക്കെ ഇടതുമുന്നണിക്ക് അനുകൂലമായ വോട്ടായി മാറും.

മധ്യകേരളത്തിൽ 2016-ലേതിനേക്കാൽ മെച്ചപ്പെട്ട നിലയിലെത്താനും മലബാറിൽ കൂടുതൽ മെച്ചപ്പെട്ട നിലയിലെത്താനും തെക്കൻ കേരളത്തിൽ കഴിഞ്ഞ തവണ കൈവിട്ട സീറ്റുകൾ തിരിച്ച്പിടിക്കാനും കഴിയുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. ഇപ്രകാരം മുസ്ലീം വോട്ടുകളിൽ ഒരു വിഭാഗം ഇടതുമുന്നണിക്കനുകൂലമാവുകയും ജോസ്. കെ. മാണിയുടെ വരവോടെ ക്രിസ്ത്യൻ മേഖല യിൽ കൂടുതൽ സീറ്റ് നേടാനാവുമെന്നുമാണ് ഇടതുമുന്നണി വിലയിരുത്തുന്നത്.

എന്നാൽ രാഹുലിന്റെയും പ്രിയങ്കയുടെയും പ്രചാരണത്തോടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ കഴിഞ്ഞുവെന്നാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ആദ്യഘട്ടത്തിൽ യുഡിഎഫ് പ്രവർത്തകർക്കുണ്ടായ ആശങ്ക മറികടന്ന വലിയ ചലനങ്ങൾ ഉണ്ടാക്കാൻ രാഹുലിന്റെയും പ്രിയങ്കയുടെയും ഇടപെടലിൽ സാധ്യമായെന്ന് കോൺഗ്രസ്സ് നേതൃത്വം കരുതുന്നുണ്ട്. ആഴക്കടൽ മൽസ്യബന്ധനക്കരാർ വിവാദം തീരമേഖലയിൽ പൊതുവെ യുഡിഎഫിനനുകൂലമാവുമെന്ന വിലയിരുത്തലും കോൺഗ്രസ്സിനുണ്ട്.
ശരണം വിളി നടത്താനല്ലാതെ ശബരിമല വിഷയത്തിൽ എന്തെങ്കിലും പ്രഖ്യാപനം നടത്താൻ പ്രധാനമന്ത്രി മോദിതയ്യാറാവാത്തത് തങ്ങൾക്കനുകൂലമായി വോട്ടിൽ പ്രതിഫിലിക്കുമെന്നാണ് കോൺഗ്രസ്സ് കണക്ക് കൂട്ടുന്നത്.

മലബാറിന്റെ മുസ്ലീം ജനവിഭാഗങ്ങളും മധ്യതിരുവിതാംകൂറിൽ ക്രിസ്ത്യൻ വിഭാഗവും പൊതുവെ യുഡിഎഫിനനുകൂലമായി നിലനിൽക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്ന നേമത്ത് ഇത്തവണ കോൺഗ്രസ്സിലെ കെ. മുരളീധരൻ വിജയിക്കുമെന്നും സംസ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും അന്തിമ വിശകനനത്തിൽ യുഡിഎഫ് പ്രതീക്ഷ പുലർത്തുന്നു.

എന്നാൽ, പത്തിലധികസീറ്റുകൾ നേടുമെന്ന അമിത പ്രതീക്ഷയിലാണ് ബിജെപി 35 മണ്ഡലങ്ങളിൽ നല്ല മൽസരം കാഴ്ച വെക്കാനായെന്നും വോട്ടിംഗ് ശതമാനത്തിൽ വലിയ വർദ്ധനവുണ്ടാവുമെന്നും ബിജെപി കണക്കികൂട്ടുന്നു. തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാർത്ഥികളില്ലാത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. കാസർകോട്, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, തൃശൂർ, ജില്ലകളിലാണ് ബിജെപി വലിയ പ്രതീക്ഷ പുലർത്തുന്നത്.

ശബരിമല മുഖ്യവിഷയമാക്കിയ കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രനും പത്ത് വർഷത്തോളമായി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൃഷ്ണദാസിലൂടെ കാട്ടാക്കടയും പിടിക്കാനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പാറശ്ശാല, കോവളം, ആറ്റിങ്ങൽ, കോന്നി, തൃശൂർ, മണലൂർ, പുതുക്കാട്, പാലക്കാട്, മലമ്പുഴ, കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബിജെപിക്ക് വിജയപ്രതീക്ഷയുണ്ട്.

LatestDaily

Read Previous

വോട്ടിങ്ങ് സമാധാനപരം

Read Next

തലശ്ശേരിയിൽ യൂത്ത് ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു