മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും എഴുത്തുകാരും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയൻ ആർ. സി. അമല ബേസിക്ക് യുപി സ്കൂളിലെ 161–ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തി ഇന്ന് വോട്ട് രേഖപ്പെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ, കോടിയേരി ജൂനിയർ ബേസിക്ക് സ്കൂളിലെ 110–ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

റവന്യൂ മന്ത്രിയും, കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയുമായ ഇ. ചന്ദ്രശേഖരൻ ഉദുമ മണ്ഡലത്തിലെ കോളിയടുക്കം ഗവ: യുപി. സ്കൂളിലെ 33–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി വി. വി. രമേശൻ സ്വന്തം മണ്ഡലമായ കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷനൽ ഹയർസെക്കന്ററി സ്കൂൾ 155–ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.

കാസർകോട് മണ്ഡലം ഇടതു മുന്നണി സ്ഥാനാർത്ഥി എം. ഏ. ലത്തീഫ് ഉദുമയിലെ പള്ളിക്കര കല്ലിങ്കാൽ ഗവ: മാപ്പിള എൽപി. സ്കൂളിലെ 129–ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. സിപിഎം കേന്ദ്രക്കമ്മിറ്റിയംഗം പി. കരുണാകരൻ നീലേശ്വരം എൻകെബിഎം. ഏയുപി സ്കൂളിലെ 10–ാം നമ്പർ ബൂത്തിലും, ഇടതു മുന്നണി ജില്ലാ കൺവീനർ കെ. പി സതീഷ് ചന്ദ്രൻ നീലേശ്വരം വള്ളിക്കുന്ന് ഐടിഐ യിലെ 23–ാം നമ്പർ ബൂത്തിലും, സിപിഎം ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണൻ മുഴക്കോം ജിയുപി സ്കൂളിലെ 35–ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തു.

ഉദുമയിലെ ഇടതു സ്ഥാനാർത്ഥി സി.എച്ച്. കുഞ്ഞമ്പു അണങ്കൂർ ജിഎൽപി സ്കൂളിൽ 156–ാം ബൂത്തിലും, തൃക്കരിപ്പൂർ ഇടതു സ്ഥാനാർത്ഥി എം. രാജഗോപാലൻ കയ്യൂർ ജിവിഎച്ച്എസ് 30–ാം നമ്പർ ബൂത്തിലും വോട്ട് ചെയ്തു. മന്ത്രിമാരായ ഇ. പി. ജയരാജൻ അരോളി ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ 51–ാം നമ്പർ ബൂത്തിലും, കെ. കെ. ശൈലജ പഴശ്ശി വെസ്റ്റ് യുപി സ്കൂളിലെ 61–ാം നമ്പർ ബൂത്തിലും സമ്മതിദാനാവകാശം രേഖപ്പെടുത്തി.

എഴുത്തുകാരൻ ടി. പത്മനാഭൻ കണ്ണൂർ രാമതെരു സ്കൂളിലും, എം. മുകുന്ദൻ മാഹി ഗവ: എൽപി സ്കൂളിലെ ആറാം നമ്പർ ബൂത്തിലും, സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ: യുപി സ്കൂളിലെ 148–ാം നമ്പർ ബൂത്തിലും, മന്ത്രി ഏ. കെ. ശശീന്ദ്രൻ ചൊവ്വ ധർമ്മ സമാജംസ് സ്കൂളിലെ 66–ാം ബൂത്തിലും കടന്നപ്പള്ളി രാമചന്ദ്രൻ, കടന്നപ്പള്ളി ചെറുവാച്ചേരി ഗവ: എൽപി. സ്കൂളിലെ 47–ാം ബൂത്തിലും വോട്ട് ചെയ്തു.

കാസർകോട് മണ്ഡലം എൻഡിഏ സ്ഥാനാര്ത്ഥി ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ: ശ്രീകാന്ത് ഉദുമ മണ്ഡലത്തിലെ 105–ാം ബൂത്തായ ബേക്കൽ ഗവ: ഫിഷറീസ് ഹൈസ്കൂളിലും, കാസർകോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എൻ. ഏ. നെല്ലിക്കുന്ന് ഗവ: ഗേൾസ് വൊക്കേഷനൽ ഹയർസെക്കണ്ടറിയിലെ 143–ാം ബൂത്തിലും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥി പി. വി. സുരേഷ് മടിയൻ ഗവ: എൽപി, സ്കൂളിലെ 18–ാം ബൂത്തിലും, ഉദുമ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻപെരിയ 162–ാം നമ്പർ ബൂത്തായ പെരിയ ഗവ: ഹയർസെക്കണ്ടറിയിലും സമ്മതിദാനാവകാശം വിനിയോഗിച്ചു. കാഞ്ഞങ്ങാട്ടെ ബിജെപി സ്ഥാനാർത്ഥി ബൽരാജ് പുതിയകോട്ട ഗവ: ഹയർസെക്കണ്ടറി സ്കൂളിലും, ഉദുമയിലെ ബിജെപി സ്ഥാനാർത്ഥി ഏ. വേലായുധൻ കോട്ടപ്പാറ ഗവ: എൽപി, സ്കൂളിലെ 38–ാം ബൂത്തിലും വോട്ട് ചെയ്തു.

LatestDaily

Read Previous

ബൂത്തുകൾ സജ്ജം; വോട്ടെടുപ്പ് നാളെ പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിൽ

Read Next

കേരളത്തിൽ കോൺഗ്രസില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ