മദ്യനയ വിവാദത്തിൽ കെജ്‌രിവാളിനും പങ്കെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. തട്ടിപ്പിലൂടെ കണ്ടെത്തിയ പണം ആം ആദ്മി പാർട്ടി ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

മദ്യനയ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജയ് നായർ എന്നയാൾ 100 കോടി രൂപ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വിജയ് നായരാണ് എഎപിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ്. കെജ്‌രിവാളിന് വേണ്ടി വിജയ് നായർ സ്വന്തം ഫോണിൽ നിന്ന് മദ്യക്കമ്പനി ഉടമ സമീർ മഹേന്ദ്രുവിനെ വീഡിയോ കോൾ ചെയ്തതായും കെജ്‌രിവാൾ അദ്ദേഹവുമായി സംസാരിച്ചതായും ഇഡി പറയുന്നു. ലൈസൻസ് നൽകിയതിന് പാരിതോഷികമായി വിജയ് നായർ 100 കോടി രൂപ ഇയാളിൽ നിന്ന് വാങ്ങി. എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ പണമാണ് ഉപയോഗിച്ചതെന്ന് പറയുന്നു.

“വിജയ് എന്‍റെ അടുത്ത ആളാണ്, നിങ്ങൾക്ക് അദ്ദേഹത്തെ വിശ്വസിക്കാം” കെജ്‌രിവാൾ സമീർ മഹേന്ദ്രുവിനോട് ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞതായും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു. മനീഷ് സിസോദിയയെ കൂടാതെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കേസിൽ ഉൾപ്പെടുത്തിയുള്ള കുറ്റപത്രമാണ് ഇപ്പോൾ സമർപ്പിച്ചത്.

K editor

Read Previous

ഏകീകൃത സിവില്‍ കോഡിൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ല: കിരൺ റിജിജു

Read Next

ദളപതി 67; പുതിയ പോസ്റ്ററുമായി നിർമ്മാതാക്കൾ, ടൈറ്റിൽ പ്രഖ്യാപനം വെള്ളിയാഴ്ച