ജില്ലാആശുപത്രി വികസനം

ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം അഭിനന്ദനാർഹാണ്. ജില്ലാ ആശുപത്രിയെന്ന ബോർഡ് വെച്ച് ബാലാരിഷ്ടതകളിൽ കൈകാലിട്ടടിക്കുന്ന തോയമ്മലിലെ ജില്ലാ ആശുപത്രിക്ക് ജീവ വായു നൽകാനുള്ള തീരുമാനങ്ങൾ ആരെടുത്താലും അവരെ അഭിനന്ദിക്കുക തന്നെ വേണം.

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി ജില്ലാ ആശുപത്രിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നത് യാഥാർത്ഥ്യം തന്നെയാണ്. ജില്ലാ ഭരണകൂടത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ അടിസ്ഥാന പ്രശ്നമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിൽപ്പോലും ജില്ല പഞ്ചായത്ത് ഭരണ സമിതി തികഞ്ഞ പരാജയമായിരുന്നുവെന്ന് തന്നെ വിലയിരുത്തണം. വേനൽക്കാലം ആരംഭിക്കുമ്പോൾത്തന്നെ ജലക്ഷാമം രൂക്ഷമാകുന്ന ജില്ലാശുപത്രിയിൽ കുടിവള്ള വിതരണം സാധ്യമാക്കുന്നതിലായിരിക്കണം പുതിയ ജില്ലാ പഞ്ചായത്ത് ഭരണ സമിതി മുൻഗണന നൽകേണ്ടത്.

സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിച്ച് കൂടുതൽ സൗകര്യങ്ങളുണ്ടാക്കാനുള്ള പദ്ധതിയാണ് ജില്ല പഞ്ചായത്ത് തയ്യാറാക്കാനുദ്ദേശിക്കുന്നത്. കാന്റീൻ, ആശുപത്രി ജീവനക്കാർക്കുള്ള പാർക്കിംഗ് സ്ഥലം, ഏടിഎം കൗണ്ടർ, കംഫർട്ട് സ്റ്റേഷൻ, ഡോർമിറ്ററി, കുട്ടികളുടെ കളിസ്ഥലം മുതലായവ നിർമ്മിക്കാനുള്ള നിർദ്ദേങ്ങളാണ് ജില്ലാ പഞ്ചായത്ത് സമർപ്പിച്ചിട്ടുള്ളത്. സമഗ്രമായ മാസ്റ്റർ പ്ലാനാണ് ജില്ലാ ആശുപത്രി വികസനത്തിന് തയ്യാറാകുന്നത്.

ജില്ലാ ആശുപത്രിയുടെ പരാധീനതകളും, പരാതികളും പലതവണ പറഞ്ഞുമടുത്തതാണ്. ഭൗതിക സാഹചര്യങ്ങളും, അനുബന്ധസൗകര്യങ്ങളുമുണ്ടെങ്കിലും വികസന കാര്യത്തിൽ ആശുപത്രി തുടങ്ങിയിടത്ത് തന്നെ നിൽക്കുകയാണ്. ന്യൂറോളജി, ഹൃദ്രോഗ ചികിത്സ മുതലായ നിരവധി വിഭാഗങ്ങൾ ജില്ല ആശുപത്രിക്ക് ഇപ്പോഴും അന്യമാണ്. പേരിന് ട്രോമാകെയർ യൂണിറ്റുണ്ടെങ്കിലും അത്യാഹിത ഘട്ടങ്ങളിൽ അടിയന്തിര ചികിത്സ ലഭിക്കണമെങ്കിൽ അപകടത്തിൽപ്പെട്ടവരെ മംഗളൂരുവിലോ, പരിയാരത്തോ എത്തിക്കേണ്ട ഗതികേടിലാണ് കാസർകോട് ജില്ലയിലെ സാധാരണക്കാരായ പൊതുജനം.

ജില്ലയിലെ പട്ടിണിപ്പാവങ്ങളായ പതിനായിരങ്ങളുടെ ഏക അത്താണിയാണ് കാഞ്ഞങ്ങാട് നഗരസഭയിലെ തോയമ്മലിലുള്ള ജില്ലാശുപത്രി. നാനൂറോളം കിടക്കകളുള്ള ആശുപത്രിയിൽ കിടക്കകൾക്ക് അനുപാതികമായ നിരക്കിൽ ഡേക്ടർമാരോ, നഴ്സുമാരോ ഇല്ലെന്നതാണ് യാഥാർത്ഥ്യം. കുറുന്തോട്ടിക്ക് വാതം വന്നാലുള്ള അവസ്ഥയിലാണ് ജില്ലാശുപത്രി ഇപ്പോഴുള്ളത്. ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്കുയർത്താനുള്ള ശ്രമങ്ങൾ അഭിനന്ദനാർഹമാണെങ്കിലും ആശുപത്രിയിലെ അടിസ്ഥാന പ്രശ്നമായ കുടിവെള്ള ക്ഷാമം പരിഹരിക്കാതെ മറ്റെന്ത് നേടിയിട്ടും ആശുപത്രിക്ക് കാര്യമില്ല.

ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള തയ്യാറെടുപ്പുകൾ പുതുതായി ഭരണമേറ്റ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ ആരംഭശൂരത്വമാകാതിരുന്നാൽ നന്ന്. ആശുപത്രി വികസനം യാഥാർത്ഥ്യമാക്കുന്നത് വരെ ജില്ലാ പഞ്ചായത്ത് ഭരണ സമിതി രംഗത്തുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാഷ്ട്രീയഭേദമന്യേ രംഗത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ആശുപത്രി വികസനത്തിന് പ്രഖ്യാപനങ്ങൾ മാത്രമല്ല വേണ്ടതെന്ന സത്യം ഉൾക്കൊള്ളാൻ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളും തയ്യാറാകണം.

ആശുപത്രിയുടെ പേരു മാറ്റി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്നാക്കിയാൽ മാത്രം പ്രശ്നങ്ങൾ തീരുന്നില്ല. എല്ലാത്തരം രോഗികൾക്കും ചികിത്സ കിട്ടുന്ന ആശുപത്രിയാക്കി ജില്ലാ ആശുപത്രിയെ ഉയർത്തിക്കൊണ്ടുവരണമെങ്കിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഏർപ്പെടുത്തണം. വികസനത്തിന്റെ കാര്യത്തിൽ ജില്ലാശുപത്രി ആവശ്യപ്പെടുന്നത് തൊലിപ്പുറത്തെ ചികിത്സയല്ല. പരാധീനതകളിൽ ശ്വാസം മുട്ടുന്ന ആശുപത്രിക്ക് സമ്പൂർണ്ണ ശസ്ത്രക്രിയ നൽകി പൂർണ്ണമായി ഉടച്ചു വാർക്കുന്നത് തന്നെയാണ് അഭികാമ്യം.

LatestDaily

Read Previous

ലേറ്റസ്റ്റ് റിപ്പോർട്ടർ മുഹമ്മദ് അസ് ലമിന് റോട്ടറി പുരസ്ക്കാരം

Read Next

ക്രിമിനൽ കേസ്സ് പ്രതിയെ വീട് വളഞ്ഞ് പിടികൂടി