തൃക്കരിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ്സിൽ സ്ഥാനാർത്ഥിത്തർക്കം മുറുകി

തൃക്കരിപ്പൂർ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും മൽസരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥി ആരാകണമെന്നതിനെച്ചൊല്ലി കോൺഗ്രസ്സിൽ വടംവലി മുറുകി. തൃക്കരിപ്പൂരിലെ കെപിസിസി ഭാരവാഹിയും, ഡിസിസി ഭാരവാഹിയും തമ്മിലാണ് നിയമസഭാ സീറ്റിനെച്ചൊല്ലി പിടിവലി നടക്കുന്നത്. നിയമസഭാ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പേ തന്നെ കെപിസിസി ഭാരവാഹിയും, ഡിസിസി ഭാരവാഹിയും സ്ഥാനാർത്ഥിക്കുപ്പായം തുന്നിച്ച് മുൻപന്തിയിലുണ്ട്.

സ്ഥാനാർത്ഥിത്വത്തിന് വേണ്ടി അണിയറയിൽ ചരട് വലി നടത്തുന്ന തൃക്കരിപ്പൂരിലെ കെപിസിസി ഭാരവാഹി അടുത്ത കാലത്തായി ഡിസിസി നേതൃത്വവുമായി അകന്നു കഴിയുന്നയാൾ കൂടിയാണ്. കാസർകോട് ജില്ലയിലെ ഡിസിസി നേതൃത്വത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും , കെപിസിസി സിക്രട്ടറി ജി. രതികുമാറും പിടിമുറുക്കിയതോടെ ഇവരെ ചുറ്റിപ്പറ്റി ജില്ലയിൽ കോൺഗ്രസ്സിനകത്ത് പ്രത്യേക ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.  ഇവർക്ക് കെ. സി. വേണുഗോപാലിന്റെ പരോക്ഷ പിന്തുണയുമുണ്ട്.

രാജ്മോഹൻ ഉണ്ണിത്താന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തതിന്റെ പേരിൽ ഡിസിസി സിക്രട്ടറി ഹക്കീം കുന്നിലിനോട് എംപിക്ക് നീരസമുണ്ട്. കോൺഗ്രസ്സ് രാഷ്ട്രീയത്തിനകത്തെ അടിയും കളിയും മുഴുവൻ ശീലിച്ചിട്ടുള്ള രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് ജില്ലയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ കാര്യമായ പങ്ക് വഹിക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞതോടെ തൃക്കരിപ്പൂരിലെ കെപിസിസി ഭാരവാഹി സ്ഥാനാർത്ഥി മോഹവുമായി ഉണ്ണിത്താനെ ചുറ്റിപ്പറ്റിയുണ്ട്. ഡിസിസി പ്രസിഡണ്ടിനെ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചതിന്റെ പേരിൽ കെപിസിസി ഭാരവാഹി ഡിസിസി പ്രസിഡണ്ടിന്റെ കണ്ണിലെ കരടായിത്തീർന്നിട്ടുണ്ട്.

സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള യുദ്ധത്തിൽ തൃക്കരിപ്പൂരിൽ ആര് ജയിക്കുമെന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.  തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് കമ്മിറ്റിയിൽ ലീഗും കോൺഗ്രസ്സും തമ്മിൽ ആശയഭിന്നത രൂക്ഷമായിട്ടുണ്ട്. വലിയപറമ്പ് പഞ്ചായത്തിന്റെ ഭരണം നഷ്ടമായത് ലീഗിന്റെ പിടിപ്പുകേടാണെന്ന് കോൺഗ്രസ്സ് വാദിക്കുമ്പോൾ, ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി പരാജയപ്പെടാൻ കാരണം കോൺഗ്രസ്സിന്റെ തൻപ്രമാണിത്തമാണെന്നാണ് ലീഗിന്റെ ആരോപണം.

ഞായറാഴ്ച നടന്ന തൃക്കരിപ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയോഗത്തിൽ ഡിസിസി പ്രസിഡണ്ടിനെതിരെയും വിമർശനമുയർന്നിരുന്നു. കരിമ്പിൽ കൃഷ്ണനെ തൃക്കരിപ്പൂർ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്നും മാറ്റി കെ. ശ്രീധരനെ ചെയർമാനാക്കിയതിന്റെ പേരിലും യോഗത്തിൽ തർക്കമുണ്ടായി. 10 വർഷക്കാലം തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് ചെയർമാനായിരുന്നയാളാണ് കോൺഗ്രസ്സ് നേതാവായ കരിമ്പിൽ കൃഷ്ണൻ.

ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത് തന്നോട് ആലോചിച്ചിട്ടല്ലെന്ന് വാദമുയർത്തിയാണ് കരിമ്പിൽ കൃഷ്ണൻ യോഗത്തിൽ ബഹളമുണ്ടാക്കിയത്. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിന് പുറമെ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ മൽസരിക്കുന്ന കോൺഗ്രസ്സ് സ്ഥാനാർത്ഥികളെച്ചൊല്ലിയും കോൺഗ്രസ്സിനകത്ത് തർക്കം മുറകിയിട്ടുണ്ട്.

LatestDaily

Read Previous

ലീഗ് പ്രവർത്തകനെ ആക്രമിക്കുന്ന സിസിടിവി ദൃശ്യം പുറത്ത്

Read Next

പാതിരാത്രി പതിനാലുകാരിയെ വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയ 19 കാരനെ തിരെ കേസ്