സല്യൂട്ട് വിവാദം; പോലീസ് ഡ്രൈവറെ മാറ്റിയത് യുവതിയുടെ സംഭാഷണം പുറത്തുവിട്ടതിന്

കാഞ്ഞങ്ങാട് : പോലീസ് സേനയിൽ നടന്നു വരുന്ന സല്യൂട്ട് വിവാദം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയിൽ അന്വേഷണം നടന്നുവരുന്നു. രാസപരിോധനാ വിഭാഗം ഉദ്യോഗസ്ഥ പോലീസ് സേനയെ മൊത്തം അധിക്ഷേപിച്ചു കൊണ്ട് സ്വന്തം സെല്ലിന്റെ ഡ്രൈവറോട് സംസാരിച്ച ശബ്ദ രേഖ പുറത്തുവിട്ടുവെന്നതിനാണ് പോലീസ് ഡ്രൈവറെ രാസപരിശോധനാ സെല്ലിൽ നിന്ന് ഏആർ ക്യാമ്പിലേക്ക് മാറ്റിയതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

യുവതി പരസ്യമായിട്ടല്ല, മറിച്ച് ഒരു വ്യക്തിയോടുള്ള സംഭാഷണമുണ്ടായത് 2021 ഏപ്രിൽ മാസത്തിലാണ്. ഇപ്പോൾ രണ്ടര മാസത്തിന് ശേഷമാണ് ഈ വ്യക്തിഗത ശബ്ദരേഖ ഡ്രൈവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് പകരം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരാതി നൽകുകയാണ് ശബ്ദ സന്ദേശം റെക്കോർഡ് ചെയ്ത ഡ്രൈവർ ചെയ്യേണ്ടിയിരുന്നതെന്നാണ് പോലീസ് സേനയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

പോലീസുകാർ കോളേജിന്റെ പടി കാണാത്തവരാണെന്നും, അവരിൽ കൂടിയാൽ പന്ത്രണ്ടാം ക്ലാസ്സുകാർ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും, തന്റെ തസ്തിക ഗസ്റ്റഡ് റാങ്കിലുള്ളതായതിനാൽ, പോലീസുകാർ, തന്നെ സല്യൂട്ട് ചെയ്യണമെന്നുമാണ് രാസപരിശോധനാ ഉദ്യോഗസ്ഥ യുവതി അവരുടെ ഡ്രൈവറോട് ഫോൺ സംഭാഷണത്തിൽ ആവശ്യപ്പെട്ടത്. ഈ ശബ്ദരേഖ ഇതിനകം കേരളമൊട്ടുക്കും സേനയിൽ പടർന്നു പിടിക്കുകയും ചെയ്തു.

കണ്ണൂർ ജില്ലയിൽ നിന്നുള്ള ഫോറൻസിക് യുവതിയുടെ പഠനകാലത്തുള്ള ചില പാർട്ടി  പരിപാടി ചിത്രങ്ങൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വീണ്ടും പടർന്നു പിടിച്ചിട്ടുണ്ട്. മലയോരത്ത് യുവതിയും കൂട്ടുകാരിയും കൊടിമരത്തിൽ പാർട്ടി പാതാക ഉയർത്തി ചുവട്ടിൽ നിൽക്കുന്ന ചിത്രമാണ് പുതുതായി സമൂഹ മാധ്യമത്തിൽ വന്നെത്തിയിട്ടുള്ളത്. യുവതി കടുത്ത സിപിഎം സഹയാത്രികയാണെന്ന് ഈ ചിത്രങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതു കൊണ്ടുതന്നെയാണ് പോലീസ് സംഘടനയുടെ ജില്ലാ നേതൃ-ത്വം യുവതിയെ സംരക്ഷിക്കുന്നതെന്നും ഒരു വിഭാഗം പോലീസുകാർ ആരോപിക്കുമ്പോൾ, സേനയെ അടച്ചാക്ഷേപിച്ച യുവതിയെ പോലീസ് സംഘടന രഹസ്യമായി  വേണ്ട വിധം ശാസിച്ചതായും സൂചനയുണ്ട്.

LatestDaily

Read Previous

മടിക്കൈയിൽ കാണാതായത് 55 എസ്എസ്എൽസി ബുക്കുകൾ

Read Next

പരപുരുഷ ബന്ധം സംശയിച്ച് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു