ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പെരിയ കൊലക്കേസ്സ് പ്രതി പീതാംബരന്റെ ഭാര്യ മഞ്ജുഷയ്ക്കാണ് പി. ബേബി ജോലി നൽകിയത്
കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസ്സിൽ ജയിലിൽക്കഴിയുന്ന ഒന്നാം പ്രതി കല്ല്യോട്ടെ സിപിഎം പ്രവർത്തകൻ പീതാംബരന്റെ ഭാര്യ മഞ്ജുഷയ്ക്ക് ജില്ലാ ആശുപത്രിയിൽ വഴിവിട്ട മാർഗ്ഗത്തിൽ ജോലി നൽകിയത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ മടിക്കൈയിലെ പെരിയേടത്ത് ബേബി. ജില്ലാ ആശുപത്രിയിൽ ശുചീകരണ വിഭാഗത്തിൽ ഇതിനകം ജോലിയിൽ പ്രവേശിച്ച മഞ്ജുഷ 30, മടിക്കൈ കാലിച്ചാംപൊതിയിലെ പുതിയപറമ്പത്ത് ബാലന്റെ മകളാണ്.
ബന്ധത്തിൽ മഞ്ജുഷ പി. ബേബിയുടെ പിതൃസഹോദര പുത്രിയായി വരും. ഇതോടെ ഈ അനധികൃത നിയമനത്തിൽ പി. ബേബിയുടെ താൽപ്പര്യം പാർട്ടിക്കൂറല്ലെന്ന് പുറത്തുവന്നു. ജില്ലാ ആശുപത്രിയിൽ മഞ്ജുഷയടക്കമുള്ള കൊലക്കേസ്സ് പ്രതികളുടെ ഭാര്യമാരായ മൂന്ന് സ്ത്രീകൾക്ക് ശുചീകരണ വിഭാഗത്തിലാണ് ബേബിയും ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ കെ. മണികണ്ഠനും ചേർന്ന് പ്രതിമാസം 14000 രൂപ ശമ്പളം ലഭിക്കുന്ന താൽക്കാലിക ജോലി നൽകിയത്.
തൽസമയം ജില്ലാ ആശുപത്രിയിൽ താൽക്കാലിക ജോലിയിൽ പ്രവേശിച്ചവരാരും ഇന്നുവരെ റിട്ടയർമെന്റ് പ്രായത്തിന് മുമ്പ് പിരിഞ്ഞുപോയിട്ടുമില്ല. ശുചീകരണ ജോലിക്ക് 450 പേരുടെ അപേക്ഷയിൽ നിന്ന് 100 പേരെ തിരഞ്ഞെടുക്കുകയും, ഒന്നാം പ്രതിയുടെ ഭാര്യ പി. മഞ്ജുഷ, കൊലക്കേസ്സിൽ രണ്ടാം പ്രതി സജി. സി. ജോർജിന്റെ ഭാര്യ ചിഞ്ചു ഫിലിപ്പ്, മൂന്നാം പ്രതി കെ.എം. സുരേഷിന്റെ ഭാര്യ എസ്. ബേബി എന്നിവർക്ക് കൂടിക്കാഴ്ചയിൽ മാർക്ക് കൂട്ടിക്കൊടുത്താണ് ബേബിയടക്കമുള്ളമുള്ളവർ നിയമനം നൽകിയത്.
ജില്ലാ ആശുപത്രിയിൽ പ്രതികളുടെ ഭാര്യമാരെ നിയമിച്ച കാര്യം പാർട്ടിയുമായി ആലോചിച്ചിട്ടില്ലെന്ന് സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണൻ മാഷ് ഇക്കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിൽ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ബേബിയെ എക്കാലവും സഹായിച്ചിട്ടുള്ള ഒരു കേന്ദ്ര കമ്മിറ്റി അംഗത്തിന്റെ പിൻബല ത്തിലാണ് പി. ബേബി പാർട്ടി അറിയാതെയുള്ള ഈ വ്യക്തി ഗത അനധികൃത നിയമനത്തിന് ധൈര്യം കാണിച്ചതെന്ന് കരുതുന്നു. ബന്ധുവിന് ജോലി നൽകിയതോടെ ബേബിക്കെതിരെ ബന്ധു നിയമന അഴിമതിക്കുറ്റവും പാർട്ടിയിൽ ഉയർന്നുകഴിഞ്ഞു.