ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പാർട്ടി വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവും
കാഞ്ഞങ്ങാട് : കാസർകോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷ മടിക്കൈയിലെ പെരിയേടത്ത് ബേബി ജില്ലാ ആശുപത്രിയിൽ ജോലി നൽകിയത് പാർട്ടി തള്ളിപ്പറഞ്ഞ പെരിയ കൊലക്കേസ്സിലെ മൂന്ന് പ്രതികളുടെ ഭാര്യമാർക്ക്. ഇതോടെ ബേബിയുടെ പാർട്ടി വിരുദ്ധ നിലപാടും ബന്ധു നിയമനവും ഇതുവഴി സത്യപ്രതിജ്ഞാ ലംഘനവും പുറത്തു വന്നു.
ആരോടും, മമതയോ, വാൽസല്യമോ കൂടാതെ ഇന്ത്യൻ ഭരണഘടനയോട് കൂറ് പുലർത്തി താൻ പ്രവർത്തിച്ചുകൊള്ളാമെന്ന് സത്യപ്രതിജ്ഞ ചെയ്ത ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്വന്തം ബന്ധത്തിൽപ്പെട്ട മടിക്കൈയിലെ മഞ്ജുഷയ്ക്ക് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയ സംഭവം സത്യപ്രതിജ്ഞാ ലംഘനം തന്നെയാണ്.
പെരിയ – കല്ല്യോട്ട് കൊലക്കേസ്സിൽ ഒന്നാം പ്രതി പീതാംബരന്റെ ഭാര്യ മഞ്ജുഷയടക്കം മൂന്ന് സ്ത്രീകൾക്കാണ് ബേബി ജില്ലാ ആശുപത്രി ശുചീകരണ വിഭാഗത്തിൽ നേരിട്ട് നിയമനം നൽകിയത്. മഞ്ജുഷ ബേബിയുടെ ബന്ധുവായതിനാൽ ഈ നിയമനം ഇന്ത്യൻ ഭരണഘടനയനുസരിച്ച് ബേബി നടത്തിയ സത്യപ്രതിജ്ഞാലംഘനവും ബന്ധുനിയമനവുമാണ്. ആരോടും പ്രത്യേക മമതയോ വാൽസല്യമോ കൂടാതെ പ്രവർത്തിക്കുമെന്ന പ്രതിജ്ഞയിൽ മഞ്ജുഷയുടെ നിയമനത്തിൽ ബേബിയുടെ മമതയും വാൽസല്യവും മുഴച്ചു നിൽക്കുന്നു.
മടിക്കൈ കാലിച്ചാംപൊതിയിലെ പുതിയ പറമ്പത്ത് ബാലന്റെ മകളാണ് കൊലക്കേസ്സ് പ്രതി പീതാംബരന്റെ ഭാര്യ മഞ്ജുഷ. ബന്ധത്തിൽ മഞ്ജുഷ ബേബിയുടെ പിതൃസഹോദര പുത്രിയാണ്. പാർട്ടി സംസ്ഥാന നേതൃത്വം തന്നെ തള്ളിപ്പറഞ്ഞ ഇരട്ടക്കൊലയാണ് പെരിയ- കല്ല്യോട്ട് കൊല. ഇതുകൊണ്ട് തന്നെ പാർട്ടിക്ക് ഈ കൊലയുമായി യാതൊരു ബന്ധവുമില്ലെന്ന് തുടക്കത്തിൽ തന്നെ വ്യക്തമായതാണ്.
പാർട്ടി തള്ളിപ്പറഞ്ഞ കൊലക്കേസ്സ് പ്രതികളുടെ മൂന്ന് ഭാര്യമാർക്കാണ് ബേബി ജോലി നൽകിയതെന്നതുകൊണ്ടുതന്നെ ബേബി പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തി. പുല്ലൂർ- പെരിയ പ്രദേശം സിപിഎം കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റിയിൽ ഉൾപ്പെട്ടതാണ്.
പാർട്ടി തള്ളിപ്പറഞ്ഞ കൊല എന്നതുകൊണ്ടു മാത്രമാണ് സിപിഎം ഏസി നാളിതുവരെ ഈ കേസ്സിലെ പ്രതികളെ ജാമ്യത്തിലെടുക്കാൻ ഇടപെടാതിരുന്നത്.
കൊലക്കേസ്സ് പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയിൽ ജോലി നൽകുമ്പോൾ ബേബി പാർട്ടി നേതൃത്വവുമായി ആലോചിച്ചിരുന്നില്ല. ഇക്കാര്യം പാർട്ടി ജില്ലാ സിക്രട്ടറി തന്നെ ഇതിനകം പൊതുസമൂഹത്തോട് വ്യക്തമാക്കുകയും ചെയ്തതാണ്. ബേബി ജില്ലാ പഞ്ചായത്തിന്റെ ഭരണസാരഥ്യം ഏറ്റെടുത്തതിന് ശേഷം പാർട്ടി അറിയാതെ നേരിട്ട് നടത്തിയ നിയമനങ്ങളിൽ ഒന്നാണ് ഇപ്പോൾ പുറത്തു വന്ന ജില്ലാ ആശുപത്രി ശുചീകരണത്തൊഴിലാളികളുടെ നിയമനം.
ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷൻ ഷാനവാസ് പാദൂരുമായി ചേർന്ന് ബേബി പല കാര്യങ്ങളിലും നേരിട്ട് ഇടപെടുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ജില്ലയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാന ത്തിന് പിന്നിൽ ബന്ധക്കാർക്കും സ്വന്തക്കാർക്കും നേരിട്ട് ജോലി നൽകാനുള്ള നീക്കമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.