കാസർകോട്ട് 5 ഓൺലൈൻ ചാനലുകൾ നിരീക്ഷണത്തിൽ

കാസർകോട്: മതസ്പർധയുണ്ടാക്കുന്ന വാർത്തകൾ പുറത്തുവിട്ട് വർഗ്ഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസ്സിൽ പ്രതിയായ ഓൺലൈൻ വാർത്താ ചാനലുടമയ്ക്ക് വേണ്ടി പോലീസ് തെരച്ചിൽ.  കാസർകോട്ടെ പബ്ലിക്ക് കേരള ഓൺലൈൻ വാർത്താ ചാനൽ ഉടമ ഖാദർ കരിപ്പോടിക്കുവേണ്ടിയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്.

ജനുവരി 23-ന് കാസർകോട് കിംസ് ആശുപത്രി പരിസരത്ത് ചെമ്മനാട് ദേളിയിലെ സി.എച്ച്. മുഹമ്മദ് റഫീഖ് കുഴഞ്ഞുവീണ് മരിച്ചത് സംഘപരിവാർ പ്രവർത്തകരുടെ ആക്രമണത്തെത്തുടർന്നാണെന്നായിരുന്നു പബ്ലിക്ക് കേരള പുറത്തു വിട്ട വാർത്ത. മുഹമ്മദ് റഫീഖിന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. 

കാസർകോട്ട് നടന്നത് സംഘപരിവാറിന്റെ ആൾക്കൂട്ട കൊലപാതകമാണെന്ന് വരുത്താനുള്ള വിധത്തിലാണ് ഈ ചാനൽ വാർത്ത പുറത്തുവിട്ടത്. ചാനലിന്റെ ശ്രമം മനഃപ്പൂർവ്വം കലാപമുണ്ടാക്കാനാണെന്ന് പരാതി ഉയർന്നിരുന്നു. ഖാദർ കരിപ്പോടിയുടെ കാസർകോട്ടെ ഓഫീസിൽ നിന്നും പോലീസ് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഖാദർ കരിപ്പോടിയെ അനുകൂലിച്ച് ഇക്കഴിഞ്ഞ രാത്രി കാസർകോട് ടൗണിൽ എട്ടംഗ സംഘം മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയിരുന്നു.

യൂത്ത് ഓഫ് അണങ്കൂറിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ പോലീസ് ഖാദറിനെ വേട്ടയാടുന്നുവെന്ന രീതിയിലാണ് മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ടത്. മുഹമ്മദ് റഫീഖിന്റെ മരണം കൊലപാതകമാണെന്ന് യുവാക്കൾ വാദമുന്നയിച്ചിരുന്നു. കാസർകോട് പുതിയ ബസ്്സ്റ്റാന്റിന് സമീപത്തുള്ള റൗണ്ട് എബൗട്ടിലാണ് ഈ പ്രകടനം നടന്നത്. ഖാദർ കരിപ്പോടി ഇപ്പോൾ അജ്ഞാത കേന്ദ്രത്തിൽ ഒളിവിലാണ്. ഇദ്ദേഹത്തെ ഒളിവിൽ പാർപ്പിച്ചവർക്കെതിരെ കർശ്ശന നടപടിയുണ്ടാകുമെന്ന് പോലീസ് നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംഘപരിവാറിനെ സ്ഥാനത്തും അസ്ഥാനത്തും വിമർശിക്കുന്ന പബ്ലിക്ക് കേരള ഓൺലൈൻ ചാനലടക്കം, കേരളത്തിലെ 9 ഓൺലൈൻ വാർത്താ ചാനലുകൾ ഇന്റലിജൻസ് അധികൃതരുടെ നിരീക്ഷണത്തിലാണ്.  ഇതിന്റെ ഭാഗമായി ഐബി ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മുഹമ്മദ് റഫീഖിന്റെ മരണം ആൾക്കൂട്ടക്കൊലപാതകമാണെന്നാണ് ഒരു സംഘമാൾക്കാർ ഇപ്പോഴും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

ഇതേവാദമുയർത്തി മുസ്്ലീം ലീഗും രംഗത്തുണ്ട്. റഫീഖിന്റെ ഹൃദയധമനികളിൽ അഞ്ചിൽക്കൂടുതൽ ബ്ലോക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. പബ്ലിക്ക് കേരളയുടെ കാസർകോട്ടെ ഓഫീസ് അടച്ചുപൂട്ടിെയങ്കിലും, ചാനലിന്റെ പേരിൽ ഇപ്പോഴും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇതിന്റെ ഉറവിടം ഏതാണെന്ന അന്വേഷണത്തിലാണ് പോലീസും കേന്ദ്ര ഇന്റലിജൻസ് അധികൃതരും.

LatestDaily

Read Previous

പൂച്ചയ്ക്കാരു മണികെട്ടും

Read Next

വി.വി.രമേശന്റെ ഭൂമി, വിജിലൻസ് തെളിവുകൾ ശേഖരിച്ചു