കാസർകോട്ട് നടന്നത് ആൾക്കൂട്ടക്കൊലപാതകമല്ല

കാസർകോട്: കാസർകോട് ആൾക്കൂട്ടത്തിന്റെ കയ്യേറ്റത്തിനിരയായ 48 കാരന്റെ മരണകാരണം മർദ്ദനമേറ്റതു മൂലമല്ലെന്ന് തെളിഞ്ഞു. ഹൃദയത്തിലെ നാല് വാൾവുകളിൽ മൂന്നിലും ബ്ലോക്കുണ്ടായതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ശനിയാഴ്ച്ച പകൽ ഒന്നര മണിയോടെയാണ് ചെമ്മനാട് ദേളിയിലെ സി.എച്ച് മുഹമ്മദ് റഫീഖ് കാസർകോട്ടെ സ്വകാര്യാശുപത്രിക്ക് മുന്നിൽ കുഴഞ്ഞു വീണ് മരിച്ചത്. കാസർകോട്ടെ സ്വകാര്യശുപത്രിയിൽ മരുന്ന് വാങ്ങാനെത്തിയ സ്ത്രീയെ മുഹമ്മദ് റഫീഖ് ശല്യം ചെയ്തതായി പരാതിയുണ്ടായിരുന്നു. സ്ത്രീ ബഹളമുണ്ടാക്കിയതോടെ ആശുപത്രിയിൽ നിന്നും ഇറങ്ങിയോടിയ ഇദ്ദേഹത്തെ  പരിസരത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാർ തടഞ്ഞു നിർത്തി ചോദ്യം ചെയ്തിരുന്നു.

ഇതിനിടെ മുഹമ്മദ് റഫീഖ് ആശുപത്രിക്ക് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.  മരണം ആൾക്കൂട്ടക്കൊലയാണെന്ന ആരോപണമുയർന്നതിനെത്തുടർന്ന് മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജൻ ഡോ. എസ്. ഗോപാലകൃഷ്ണപ്പിള്ളയുടെ മേൽനോട്ടത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

ഹൃദയത്തിലുണ്ടായ ബ്ലോക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . സംഭവത്തിൽ കാസർകോട് പോലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്.  മരണകാരണം ഹൃദയ സംതംഭനമാണെന്ന് കണ്ടെത്തിയതോടെ കേസിൽ കൊലക്കുറ്റം ചേർക്കേണ്ട സാഹചര്യമില്ലെന്ന് പോലീസ് വ്യക്തമാക്കി. മുഹമ്മദ് റഫീഖിനെ കയ്യേറ്റം ചെയ്തതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പോലീസ്  പരിശോധിച്ച ശേഷം കയ്യേറ്റം ചെയ്തവർക്കെതിരെ കേസെടുക്കും.

LatestDaily

Read Previous

അലാമിപ്പള്ളി സ്റ്റാന്റിൽ കയറാൻ ബസ്സുകൾക്ക് മടി; ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി ജനങ്ങൾ

Read Next

മടിക്കൈയിൽ ബ്ലെയ്ഡുകാരന്റെ വീട്ടിൽ റെയിഡ്, രേഖകൾ പിടികൂടി