എം. പിയുടെ നിരാഹാര പ്രഖ്യാപനം നനഞ്ഞ പടക്കമായി

കാഞ്ഞങ്ങാട്: ചട്ടഞ്ചാൽ തെക്കിലിൽ ടാറ്റാ കോവിഡ് ആശുപത്രി ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനത്തോടെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പ്രഖ്യാപിച്ച നിരാഹാരസമരം നനഞ്ഞ പടക്കമായി.


തെക്കിലിൽ ടാറ്റാ നിർമ്മിച്ചു കൊടുത്ത ആശുപത്രി പ്രവർത്തന സജജ്മാക്കാനുള്ള നീക്കങ്ങൾ അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ആശുപത്രിക്ക് വേണ്ടി മരണ ം വരെ നിരാഹാരം കിടക്കുമെന്ന പ്രഖ്യാപനവുമായി എം. പി കാഞ്ഞങ്ങാട്ട് പത്ര സമ്മേളനം വിളിച്ചത്. ആശുപത്രിക്ക് വേണ്ടിയുള്ള നിരാഹാരത്തിൽ ജീവൻ നഷ്ടപ്പെട്ടാലും അഭിമാനിക്കുമെന്നായിരുന്നു എം. പിയുടെ അവകാശവാദം.


നവമ്പർ 1– ന് കേരളപ്പിറവി ദിനത്തിലാണ് എം. പി കാഞ്ഞങ്ങാട്ട് നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചത്. കഴിഞ്ഞ ദിവസമാണ് ആരോഗ്യ മന്ത്രി കോവിഡ് ആശുപത്രി ബുധനാഴ്ച മുതൽ പ്രവർത്തന സജജ്മാകുമെന്ന് പ്രഖ്യാപിച്ചത്.


ടാറ്റാഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ചു കൊടുത്ത ചട്ടഞ്ചാൽ തെക്കിൽ ആശുപത്രി 2 മാസം മുമ്പാണ് സർക്കാരിന് കൈമാറിയത്. ഇതിന് പിന്നാലെ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ, പാരാമെഡിക്കൽ അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങളിലായി 191 തസ്തികകൾ സർക്കാർ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമന നടപടികൾ നടക്കുന്നതിനിടയിലാണ് എം. പി ആശുപത്രി തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം പ്രഖ്യാപിച്ചത്.


തെക്കിൽ ടാറ്റാ ആശുപത്രി പ്രവർത്തന സജജ്മാക്കണമെന്നാവശ്യപ്പെട്ട് ജില്ലയിൽ വിവിധ സംഘടനകൾ സമരം നടത്തിയിരുന്നു. ജില്ലയിൽ കോൺഗ്രസും ആശുപത്രിക്ക് വേണ്ടി സമരം നടത്തി വരികയായിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് എം. പി. സ്വന്തം നിലയിൽ സമരം പ്രഖ്യാപിച്ചത്. ആശുപത്രിയിലെ സ്റ്റാഫുകളുടെ നിയമന നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, രാജ്മോഹൻ ഉണ്ണിത്താൻ സമരം പ്രഖ്യാപിച്ചത് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.


ഡി. സി. സി പ്രസിഡണ്ട് ഹക്കീം കുന്നിലുമായി ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുള്ള ഉണ്ണിത്താൻ , ഡിസിസി പ്രസിഡന്റ് അറിയാതെയാണ് സമരം പ്രഖ്യാപിച്ചതെന്ന് ആക്ഷേപമുണ്ട്. രാജ്മോഹൻ ഉണ്ണിത്താന്റെ പാർലമെന്റ് സ്ഥാനാർത്ഥി നിർണ്ണയം മുതൽ ആരംഭിച്ച അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴും നിലനില്ക്കുന്നു. എം. പി, ഡിസിസി അറിയാതെ എടുക്കുന്ന നിലപാടുകളിലും , തീരുമാനങ്ങളിലും പാർട്ടിക്കുള്ളിൽ അമർഷമുണ്ട്.


രാജ്മോഹൻ ഉണ്ണിത്താൻ എം. പി ആയതിന് ശേഷം ജില്ലയിലെ കോൺഗ്രസ് സംഘടനാ പ്രവർത്തനങ്ങളിൽ പിടിമുറുക്കിയിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ എം. പി ഇടപെടുന്നതിൽ ഡിസിസിക്കും അമർഷമുണ്ട്. അതിനിടെ, എം. പിയുടെ സമരപ്രഖ്യാപനം പരിഹാസ്യമാണെന്ന നിലപാടുമായി സിപിഎം ജില്ലാ സിക്രട്ടറി എം. വി ബാലകൃഷ്ണൻ മാസ്റ്ററും രംഗത്തെത്തി.

LatestDaily

Read Previous

ലീഗിൽ അധ്യക്ഷ പദവി കൊതിച്ച് 3 വനിതകൾ

Read Next

വെടിയേറ്റ് ചികിൽസയിലായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥൻ മരിച്ചു