ഉണ്ണിത്താന്റെ കേസ്സുകൾ റെയിൽവെ പോലീസ് ഒന്നിച്ചന്വേഷിക്കും

ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത ജാമ്യമില്ലാ  കേസ്സ് റെയിൽവെ പോലീസിന് കൈമാറും

കാഞ്ഞങ്ങാട്: രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെയുള്ള വധഗൂഢാലോചനക്കേസ്സിൽ തുടരന്വേഷണം കാസർകോട് റെയിൽവെ പോലീസിന്. കോൺഗ്രസ്സ് നേതാക്കളെ പ്രതി ചേർത്ത്  ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത വധശ്രമ  ഗൂഢാലോചനക്കേസ്സ് റെയിൽവെ പോലീസിന് കൈമാറും.

ഉണ്ണിത്താൻ ആദ്യം നൽകിയ പരാതിയിൽ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കാസർകോട് റെയിൽവെ പോലീസിൽ  കേസ് നിലനിൽക്കുന്നുണ്ട്. പ്രസ്തുത കേസ്സിൽ പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത് കീഴടങ്ങി ജാമ്യത്തിലാണ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ദൽഹി യാത്രയ്ക്കിടെ മാവേലി എക്സ്പ്രസ്സിൽ നീലേശ്വരത്ത്  ഭീഷണിപ്പെടുത്തി അസഭ്യം  പറഞ്ഞതിന് ഉണ്ണിത്താൻ നേരിട്ട് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയിൽവെ പോലീസ് കേസ്സ് റജിസ്റ്റർ ചെയ്തത്.

ദൽഹിയിലെത്തിയ എം.പി, ഇമെയിൽ വഴി കാസർകോട് ജില്ലാ പോലീസ്  മേധാവിക്ക് മറ്റൊരു പരാതി നൽകിയതോടെ ഗൗരവമുള്ള രണ്ടാമത്തെ കേസ്സ് ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്തു. ട്രെയിൻ യാത്രയ്ക്കിടെ തന്നെ കൊല്ലാൻ പത്മരാജൻ ഐങ്ങോത്തും, കോൺഗ്രസ്സ് കാഞ്ഞങ്ങാട് ബ്ലോക്ക് സിക്രട്ടറി അനിൽ വാഴുന്നോറൊടിയും, കാഞ്ഞങ്ങാട്ടെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ ബവിൻരാജ് എന്നിവർ ചേർന്ന് ശ്രമിച്ചതായുള്ള എംപിയുടെ പരാതിയിൽ വധ ഗൂഢാലോചന കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പിലാണ് ഹൊസ്ദുർഗ് പോലീസ്  എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

വധ ഗൂഢാലോചനക്കേസ്സിൽ പ്രതി ചേർത്ത കോൺഗ്രസ്സ് നേതാക്കൾ ഒളിവിലാണ്. ഒരു സംഭവത്തിൽ രണ്ട് പരാതികളിൽ പോലീസിലെ രണ്ട് വിഭാഗങ്ങൾ അന്വേഷണം നടത്തുന്നത് ഉചിതമല്ലെന്ന്  കണ്ടതിനാലാണ് ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത കേസ്സ് കൂടി റെയിൽവെ പോലീസിന് കൈമാറുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അടുത്ത ദിവസം കേസ് കൈമാറും. പ്രതി ചേർക്കപ്പെട്ടവർക്ക് പുറമെ വധ ഗൂഢാലോചനയിൽ കോൺഗ്രസ്സിലെ ഉന്നതർക്ക് പങ്കുണ്ടെന്ന് ഉണ്ണിത്താൻ ആരോപിച്ചിരുന്നു.

LatestDaily

Read Previous

കാഞ്ഞങ്ങാട്ട് ഹണിട്രാപ്പ് എറണാകുളം വ്യവസായിയെ കുടുക്കി ട്രാപ്പ്സുന്ദരി സാജിദ മുങ്ങി

Read Next

2.71 കോടി രൂപയുടെ മുക്ക്പണ്ട തട്ടിപ്പ്: അപ്രസൈർ അറസ്റ്റിൽ