ഉണ്ണിത്താന്റെ വീടിന് മുന്നിൽ കോൺ. പ്രവർത്തകരുടെ പ്രതിഷേധം; എംപിക്ക് വൻ പോലീസ് സുരക്ഷ

എംപിക്കെതിരെ കെപിസിസി പ്രസിഡണ്ടിനെ സമീപിക്കും

പടന്നക്കാട് : രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പരിപാടികൾക്കും വീടിനും പോലീസിന്റെ വൻ സുരക്ഷ. എംപിയുടെ പടന്നക്കാട് ഐങ്ങോത്തെ വാടക വീടിന് മുന്നിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ. വധ ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ്സ് നേതാക്കളെ എംപി കള്ളക്കേസ്സിൽ കുടുക്കിയതായി ആരോപിച്ചാണ് 15ഓളം വരുന്ന കോൺഗ്രസ്സ് നേതാക്കളടക്കമുള്ള പ്രവർത്തകർ എംപിയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചത്.

ഇന്നലെ രാവിലെ 11-30-ന് ആരംഭിച്ച പ്രതിഷേധ പരിപാടി അര മണിക്കൂർ നീണ്ടുനിന്നു. എംപിയുടെ വീടിന് മുന്നിൽ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തവർ സജീവ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരാണ്. കോൺഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് തോമസ് മാസ്റ്റർ, വാഴുന്നോറൊടി 22-ാം ബൂത്ത് പ്രസിഡണ്ട് രാജൻ തെക്കെക്കര, ഡോ. ദിവ്യ, തസ്റീന, ഷിഹാബ് കാർഗിൽ, ഖാദർ ചെമ്മനാട്, മനോജ് ഉപ്പിലിക്കൈ ഉൾപ്പെടെയുള്ളവർ കോൺഗ്രസ്  പതാകയേന്തി ഉണ്ണിത്താന്റെ വീടിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുകയായിരുന്നു.

എംപിയുടെ വീടിന്  മുന്നിലെ സമരത്തിൽ പങ്കെടുത്തവരിൽ രാജൻ, തസ്റീന, ഡോ. ദിവ്യ എന്നിവർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികളായിരുന്നു. എംപിയുടെ വീട്ടിലേക്ക് കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടാകുമെന്നതിനാൽ, രാവിലെ പോലീസ് ഉണ്ണിത്താന്റെ വീടിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു. എംപിയുടെ വീട്ടിലേക്കുള്ള വഴിയിൽ മൂന്ന് പോലീസ് വാഹനങ്ങൾ കുറുകെയിട്ടാണ്  പോലീസ് സമരക്കാരെ നേരിട്ടത്.

കോൺഗ്രസ്സ് പ്രവർത്തകർ ഐങ്ങോത്ത് ദേശീയപാതയിൽ സംഘടിച്ചതോടെ പോലീസ് സമരക്കാരെ സമീപിച്ച് പിരിഞ്ഞുപോകാനാവശ്യപ്പെട്ടു. എംപിയുടെ വീട്ടിലേക്ക് ആൾക്കൂട്ട മാർച്ച് നടത്തില്ലെന്നും, വീടിന് മുന്നിൽ പ്രതിഷേധിക്കാൻ ജനാധിപത്യപരമായി അനുവദിക്കണമെന്നുമുള്ള  കോൺഗ്രസ്സ് പ്രവർത്തകരുടെ ആവശ്യം പോലീസ് അനുവദിക്കുകയായിരുന്നു.

ഉണ്ണിത്താന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ സമരത്തിൽ കടുത്ത പ്രതിഷേധമുയർന്നു. എംപി,  കോൺ പ്രാദേശിക നേതാക്കളെ കള്ളക്കേസ്സിൽ കുടുക്കിയതായി ആരോപിച്ചു. മാവേലി എക്സ്പ്രസ്സിലുണ്ടായ അനുഭവത്തിൽ റെയിൽവെ പോലീസ് കേസ്സെടുത്തു. അച്ചടക്ക നടപടി സ്വീകരിച്ച ശേഷവും ഗുരുതരമായ കുറ്റം ചുമത്തി എംപി കോൺഗ്രസ്സ് നേതാക്കളെ ജയിലിലടക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

സമരസമയത്ത് എംപി ഐങ്ങോത്തെ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹം ഏകെഎം അഷ്റഫ് എംഎൽഏക്കൊപ്പം മഞ്ചേശ്വരത്ത്  പരിപാടിയിലായിരുന്നു. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ നേതൃത്വത്തിൽ എംപിക്കെതിരെ പരാതിയുമായി കെപിസിസി പ്രസിഡണ്ട് കെ. സുധാകരനെ സമീപിക്കാൻ ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിലേക്ക് പരാതിയുമായി ഇന്ന് പോകാനിരുന്നതാണെങ്കിലും, അദ്ദേഹം തിരുവനന്തപുരത്തായതിനാൽ യാത്ര മാറ്റി. പാർലമെന്റ് സമ്മേളനം കഴിഞ്ഞ് ദൽഹിയിൽ നിന്നും മടങ്ങിയ എംപിക്ക് ഇന്നലെ ജില്ലയിൽ തിരക്കിട്ട പരിപാടികളായിരുന്നു. എം.പി. പങ്കെടുത്ത മുഴുവൻ പരിപാടികളിലും പോലീസ് കനത്ത സുരക്ഷയൊരുക്കി.

വാഴുന്നോറൊടിയിലെ പരിപാടിക്കിടെ പ്രതിഷേധമുണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും, അതുണ്ടായില്ല. അച്ചാംതുരുത്തി, പയ്യന്നൂർ, കല്ല്യാശ്ശേരി, മഞ്ചേശ്വ രം ഉൾപ്പെടെ നടന്ന വിവിധ പരിപാടികളിൽ എംപി. പങ്കെടുത്തു. ചെമ്മട്ടംവയലിലെ പരിപാടിയിൽ എംപി പങ്കെടുത്തില്ല. തുടർന്നുള്ള ദിവസങ്ങളിലും എപിയുടെ പരിപാടിക്ക് പോലീസ് സുരക്ഷയുണ്ടാവും. ഉണ്ണിത്താന്റെ ഐങ്ങോത്തെ വീട് പോലീസ് നിരീക്ഷിക്കും. ഗൺമാനുൾപ്പെടെ പോലീസ് സംരക്ഷണം നൽകാമെന്ന് പോലീസ് അറിയിച്ചുവെങ്കിലും, ഇത്തരം സുരക്ഷ ആവശ്യമില്ലെന്ന് പറഞ്ഞ് എംപി നിരസിച്ചു.

LatestDaily

Read Previous

ഖമറുദ്ദീനെ പൂക്കോയക്ക് ഒപ്പമിരുത്തി ചോദ്യംചെയ്യും

Read Next

കാഞ്ഞങ്ങാട് നഗരം കൂരിരുട്ടിൽ സിപിഎം മിണ്ടുന്നില്ല