ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോൺഗ്രസ്സിൽ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോഴും അതിനെ പ്രതിരോധിക്കാനാവാതെ കെപിസിസി നേതൃത്വം. തുടർച്ചയായ രണ്ട് ദിവസത്തിനിടെ കെപിസിസിയിലെ രണ്ട് പ്രബലരായ നേതാക്കളാണ് കോൺഗ്രസ്സ് വിട്ട് സിപിഎമ്മിൽ ചേർന്നത്. കഴിഞ്ഞ ദിവസം രാജിവെച്ചത് കാസർകോടിന്റെ ചുമതലയുണ്ടായിരുന്ന കെപിസിസി സിക്രട്ടറി ജി. രതികുമാറാണ്.
ഡിസിസി പ്രസിഡണ്ടുമാരുടെ ഗ്രൂപ്പ് വീതം വെപ്പിനെച്ചൊല്ലിയുള്ള അവകാശത്തർക്കങ്ങളാണ് ഏറ്റവുമൊടുവിൽ കോൺഗ്രസ്സിലുണ്ടായ പ്രശ്നങ്ങൾക്ക് കാരണം. പി. സി. ചാക്കോ, ലതികാസുഭാഷ്, തുടങ്ങിയ കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ നേരത്തെ തന്നെ പാർട്ടി വിട്ടിരുന്നു. കെ. സുധാകരൻ കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റതിന് ശേഷമാണ് കോൺഗ്രസ്സിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായത്.
പാർട്ടി വിടാനൊരുങ്ങുന്ന നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിർത്താനുള്ള തന്ത്രങ്ങളാവിഷ്ക്കരിക്കുന്നതിന് പകരം പാർട്ടി വിട്ടവർക്കെതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്താനാണ് കെപിസി പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് കോൺഗ്രസ്സിന് ഗുണത്തെക്കാൾ ദോഷം ചെയ്യുമെന്നാണ് കോൺഗ്രസ്സ് പ്രവർത്തകർ ഭയക്കുന്നത്.
കേരളത്തിലെ കോൺഗ്രസ്സ് സംഘടനാ സംവിധാനത്തിൽ പുതുതായി രൂപം കൊണ്ട കെ. സി. വേണുഗോപാൽ, കെ. സുധാകരൻ, വി. ഡി. സതീശൻ അച്ചുതണ്ട് ഏകാധിപത്യപരമായ രീതിയിലാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നാണ് കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സമന്വയത്തിന്റെ ഭാഷയ്ക്കു പകരം ധിക്കാരത്തിന്റെ ശരീരഭാഷ പ്രയോഗിക്കുന്ന നേതാക്കൾ സംസ്ഥാനത്തെ കോൺഗ്രസ്സ് സംഘടനയെ കുഴിയിൽ ചാടിക്കുമെന്നും കോൺഗ്രസ്സിന്റെ ഉറച്ച അനുയായികൾ ഭയപ്പെടുന്നു.
കോൺഗ്രസ്സിൽ നിന്നും ആരുപോയാലും ഒരു ചുക്കുമില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമർശം കടന്നുപോയെന്ന് ഒരു വിഭാഗം പ്രവർത്തകർ വിമർശിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസ്സിനെ പുനരുജ്ജിവിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം അനഭിമതരെ ഒതുക്കാനാണ് പ്രതിപക്ഷ നേതാവും, കെപിസിസി നേതൃത്വവും ശ്രമിക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. കോൺഗ്രസ്സിൽ ഭിന്നാഭിപ്രായങ്ങളുയർത്തുന്നവരെ അച്ചടക്കത്തിന്റെ വാൾകാട്ടി ഭീഷണിപ്പെടുത്താനാണ് കെപിസിസി പ്രസിഡണ്ടും, പ്രതിപക്ഷനേതാവും ശ്രമിക്കുന്നത്. ആറ് മാസത്തിനുള്ളിൽ കോൺഗ്രസ്സിനെ സെമി കേഡർ പാർട്ടിയാക്കുമെന്നാണ് കെ. സുധാകരന്റെ പ്രഖ്യാപനമെങ്കിലും ഇത് പ്രാവർത്തികമാകുമോയെന്ന കാര്യത്തിലും സംശയമുണ്ട്.
കോൺഗ്രസ്സിന്റെ രൂപീകരണ കാലഘട്ടം മുതൽ കോൺഗ്രസ്സിനുള്ളിൽ ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പുകളില്ലെങ്കിൽ കോൺഗ്രസ്സില്ല എന്നുതന്നെ പറയാം. മഹാത്മാഗാന്ധിയുടെ കാലം മുതൽ പാർട്ടിക്കുള്ളിൽ ആഴത്തിൽ വേരോടിയ ഗ്രൂപ്പിസം ആറ് മാസം കൊണ്ട് ഇല്ലാത്താക്കുമെന്ന കെ. സുധാകരന്റെ പ്രഖ്യാപനം നടപ്പിലാക്കാൻ ബുദ്ധിമുട്ടേറിയ ഒന്നാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
കോൺഗ്രസ്സ് അഖിലേന്ത്യാ നേതൃത്വത്തിലില്ലാത്ത സെമി കേഡർ പാർട്ടി സംവിധാനം കേരളത്തിൽ മാത്രം എങ്ങിനെ നടപ്പിലാക്കാനാകുമെന്നും രാഷ്ട്രീയ നീരീക്ഷകർ സംശയമുയർത്തുന്നുണ്ട്. കോൺഗ്രസ്സിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തിലുള്ള കൊഴിഞ്ഞുപോക്ക് യുഡിഎഫിനെത്തന്നെ ശിഥിലമാക്കുമോയെന്ന സംശയവും ഉയർന്നുവന്നിട്ടുണ്ട്.
യുഡിഎഫിലെ മുഖ്യഘടക കക്ഷിയായ കേരള കോൺഗ്രസ്സ് മാണി ഗ്രൂപ്പ് യുഡിഎഫ് വിട്ട് എൽഡിഎഫിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. മറ്റൊരു ഘടക കക്ഷിയായ ആർഎസ്പിയും പുറത്തേക്ക് പോകാനുള്ള ആലോചനകളിലുമാണ്. ഈ രാഷ്ട്രീയ സാഹചര്യം നില നിൽക്കുമ്പോഴാണ് കോൺഗ്രസ്സിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് നടക്കുന്നത്. കോൺഗ്രസ്സിനെ സെമികേഡർ പാർട്ടിയാക്കിയില്ലെങ്കിലും ഉള്ള നേതാക്കളെയും അണികളെയും പിടിച്ചു നിർത്താനെങ്കിലും കോൺഗ്രസ്സ് നേതൃത്വം തയ്യാറാകണമെന്നാണ് അണികളുടെ ആവശ്യം.