ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം കയ്യൊഴിഞ്ഞ ഇരകളുടെ നീതിക്കായി പീപ്പിൾസ് ഡെമോക്രസി പാർട്ടി മുന്നോട്ട് വന്നിരിക്കുന്നുവെന്നത് അഭിനന്ദനാർഹമാണ്. തട്ടിപ്പിനിരയായ മുസ്്ലീം ലീഗ് അനുഭാവികളെപ്പോലും അവരുടെ മാതൃ സംഘടന വരെ കയ്യൊഴിഞ്ഞ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടാൻ തീരുമാനമെടുത്ത പിഡിപിയുടെ നിലപാട് മികച്ച കയ്യടി അർഹിക്കുന്നു.
തട്ടിപ്പ് നടത്തിയത് ലീഗ് നേതാക്കളായതിനാൽ മുന്നണി ബന്ധങ്ങളിൽ വിള്ളൽ വീഴാതിരിക്കാൻ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഇന്നേവരെ വായ തുറന്നിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. നൂറ്റമ്പത് കോടിയോളം വരുന്ന ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേരള ചരിത്രത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രാഷ്ട്രീയ മാഫിയാവത്ക്കരണത്തിന്റെ ഉപോത്പന്നമാണ്. നിക്ഷേപത്തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും ലീഗിന്റെ അനുഭാവികളാണെങ്കിലും, അണികളുടെ ദുരിതങ്ങൾക്ക് നേരെ മുഖം തിരിച്ച ലീഗ് സംസ്ഥാന നേതൃത്വം തട്ടിപ്പുകാർക്ക് കുഴലൂതുന്ന സമീപനമാണ് സ്വീകരിച്ചത്.
ലീഗ് നേതാക്കളുടെ കറക്കുകമ്പനിയിൽ പണം നിക്ഷേപിച്ച് വഴിയാധാരമായ നിക്ഷേപകർ നിക്ഷേപത്തുക തിരികെ ലഭിക്കാൻ പല തവണ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിരുന്നുവെങ്കിലും, കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൊന്നും നിക്ഷേപകരുടെ പ്രശ്നങ്ങളിൽ കാര്യമായി ഇടപ്പെട്ടിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ലീഗും കോൺഗ്രസും ഒരിക്കലും വിഷയത്തിൽ ഇടപെട്ടില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പിലെ പിഡിപിയുടെ ഇടപെടൽ തട്ടിപ്പിനിരയായവർക്ക് പ്രതീക്ഷ നൽകുന്നത്.
സംസ്ഥാന ദേശീയ നേതൃത്വങ്ങളിലുള്ളവരടക്കം തുടർച്ചയായി സാമ്പത്തികാരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലൂടെയാണ് മുസ്്ലീം ലീഗ് കടന്നുപോകുന്നത്. അന്തഃഛിദ്രങ്ങളും അഴിമതിയാരോപണങ്ങളും മൂലം ഉലഞ്ഞുകൊണ്ടിരിക്കുന്ന മുസ്്ലീം ലീഗ് നിക്ഷേപത്തട്ടിപ്പിനിരയായവരുടെ പ്രശ്നങ്ങളിൽ ഇടപെടുമെന്ന് പ്രതീക്ഷിക്കുക വയ്യ.
ജീവിതത്തിന്റെ യൗവ്വനകാലം മുഴുവൻ മരുഭൂമിയിലെ ഉഷ്ണച്ചൂടിൽ ചോര വിയർപ്പാക്കിയുണ്ടാക്കിയ സമ്പാദ്യത്തിന്റെ സിംഹഭാഗവും ജ്വല്ലറിയിൽ നിക്ഷേപിച്ച ലീഗ് അനുഭാവികളുടെ പ്രശ്നം ഗൗരവതരമായി പരിഗണിക്കുന്നതിൽ മുസ്്ലീം ലീഗ് സംസ്ഥാന നേതൃത്വം നൂറ് ശതമാനവും പരാജയമായിരുന്നുവെന്നാണ് വസ്തുത.
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് വിഷയത്തിൽ തലസ്ഥാനത്ത് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നാണ് പിഡിപി നേതാക്കൾ അറിയിച്ചിരിക്കുന്നത്. സമര പരിപാടികളുടെ മുന്നോടിയെന്ന നിലയിൽ തട്ടിപ്പിനിരയായവരെ സംഘടിപ്പിച്ചുള്ള യോഗവും നടന്നുകഴിഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിക്കുന്നതടക്കമുള്ള സമര മാർഗ്ഗങ്ങളെക്കുറിച്ചാണ് പിഡിപി നേതൃത്വം ആലോചിക്കുന്നത്. തട്ടിപ്പിനിരയായ സ്ത്രീകളെയടക്കം പങ്കെടുപ്പിച്ച് ജില്ലാ ആസ്ഥാനത്ത് സമരം സംഘടിപ്പിക്കാനുള്ള തീരുമാനം അധികൃതരുടെ കണ്ണ് തുറപ്പിക്കാനുതകുമെന്ന് പ്രതീക്ഷിക്കാം.
നീതിക്കായി പല വാതിലുകളും മുട്ടി പരാജയപ്പെട്ട് നിരാശയുടെ നിലയില്ലാക്കയത്തിൽ മുങ്ങിത്താണ നിക്ഷേപത്തട്ടിപ്പ് ഇരകൾക്ക് പ്രതീക്ഷയുടെ കച്ചിത്തുരുമ്പാണ് വിഷയത്തിലെ പിഡിപി ഇടപെടൽ എന്നതിൽ യാതൊരു സംശയവുമില്ല. തട്ടിപ്പിനിരയായവർക്ക് നീതി ലഭിക്കാൻ പിഡിപി അവസാന നിമിഷം വരെ പോരാടുമെങ്കിൽ നന്ന്. ജ്വല്ലറി നിക്ഷേപത്തട്ടിപ്പിലെ പ്രധാന പ്രതികൾ നിയമത്തിന്റെ പിടിയിലായത് കൊണ്ടുമാത്രം ഇരകൾക്ക് നീതി ലഭിക്കില്ല.
പ്രവാസികളുടെ സമ്പാദ്യങ്ങൾക്ക് പുറമെ വയർ മുറുക്കിക്കെട്ടി മിച്ചം വെച്ച തുക ജ്വല്ലറിയിൽ നിക്ഷേപിച്ച് വഞ്ചിതരായ വീട്ടമ്മമാരുണ്ട്. ഭർത്താവ് ഉപേക്ഷിച്ചതിന്റെ പേരിൽ വീട്ടമ്മയ്ക്ക് കോടതി വിധിച്ച ജീവനാംശത്തുക വരെ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുകാർ തങ്ങളുടെ കീശയിലാക്കിയിട്ടുണ്ട്. ഇവർക്ക് നീതി ലഭിക്കണമെങ്കിൽ പ്രതികൾക്കെതിരെയുള്ള നിയമ നടപടികൾ മാത്രം പോര. ഇത്തരമാൾക്കാരുടെ സങ്കടങ്ങൾക്ക് നേരെയാണ് ലീഗ് സംസ്ഥാന നേതൃത്വം മുഖം തിരിച്ചത്. തട്ടിയെടുത്ത കോടികൾ അതിന്റെ യഥാർത്ഥ ഉടമകൾക്ക് തിരികെ വാങ്ങികൊടുക്കാൻ ഇടപെടാത്ത ലീഗ് നേതൃത്തെയടക്കം സമ്പാദ്യം നഷ്ടമായവരുടെ ശാപം വിടാതെ പിന്തുടുമെന്നതിൽ സംശയമില്ല.