രണ്ട് ദിവസത്തിനിടെ 6 മരണങ്ങൾ; ജില്ലയ്ക്ക് ദുഃഖക്കണി

കാഞ്ഞങ്ങാട്: കോട്ടിക്കുളത്ത് അതിഥി തൊഴിലാളി കൊല ചെയ്യപ്പെട്ടതടക്കം ജില്ലയിൽ രണ്ട് ദിവസങ്ങളിലായി നടന്നത് 6 മരണങ്ങൾ. പെരിയയിൽ യുവാവ് കാറിടിച്ച് മരിച്ചതിന് പിന്നാലെയാണ് വെസ്റ്റ് എളേരി പരപ്പച്ചാലിൽ വിഷുദിനത്തിൽ 2 യുവാക്കൾ പുഴയിൽ മുങ്ങി മരിച്ചത്.

ഇതേ ദിവസം തന്നെയാണ് മീങ്ങോത്ത് സ്വദേശിനിയായ വീട്ടമ്മ തീപ്പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ഇന്നലെ രാവിലെ കോട്ടിക്കുളത്ത് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട വാർത്ത പുറത്ത് വന്നതിന് പിന്നാലെയാണ് നീലേശ്വരം ആനച്ചാലിൽ ഗൃഹനാഥൻ പുഴയിൽച്ചാടി ജീവനൊടുക്കിയ സംഭവം പുറത്തു വന്നത്.

ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 6 മരണങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിലായി നടന്നത്. വിഷുത്തലേന്നാണ് പെരിയ ദേശീയപാതയിൽ വിഘ്നേഷെന്ന 19 കാരൻ ബൈക്കിൽ കാറിടിച്ച് മരിച്ചത്. പെരിയയെ ദുഃഖത്തിലാഴ്ത്തിയ സംഭവത്തിന് തൊട്ടുപിന്നാലെ വിഷുദിനത്തിലാണ് പരപ്പച്ചാൽ പാലത്തിന് സമീപം ചൈത്രവാഹിനിപ്പുഴയിൽ രണ്ട് യുവാക്കൾ മുങ്ങി മരിച്ചത്.

കുടുംബ സുഹൃത്തിന്റെ മുക്കടയിലെ വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയ വെസ്റ്റ് എളേരി കാവുന്തലയിലെ ആൽബിൻ റെജി 15, ആൽബിന്റെ പിതൃസഹോദരന്റെ പുത്രനായ ബ്ലെസൻ തോമസ് 20, എന്നിവർ പുഴയിൽ മുങ്ങിമരിച്ചത്. വിഷുദിനത്തിലാണ് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മീങ്ങോത്തെ കാർത്ത്യായനി 62, പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

വിഷുത്തലേന്ന് വീട്ടുമുറ്റത്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഇവർ ഏപ്രിൽ 14 ന്  പുലർച്ചെയാണ് ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാവിലെയാണ് ഒാർച്ചപുഴയിൽ 60 കാരനായ ഗൃഹനാഥന്റെ ജഢം കണ്ടെത്തിയത്. നീലേശ്വരം ആനച്ചാലിലെ കാവിൻവടക്ക് വീട്ടിൽ രാജനാണ് ഭാര്യയോട് പിണങ്ങി പുഴയിൽച്ചാടി ജീവനൊടുക്കിയത്. കുടുംബവഴക്കാണ് സംഭവങ്ങൾക്ക് കാരണം.

വ്യാഴാഴ്ച  രാവിലെയാണ് കോട്ടിക്കുളത്തെ കടവരാന്തയിൽ അതിഥി തൊഴിലാളിയെ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടിക്കുളം പള്ളിക്ക് മുൻവശത്തെ കടവരാന്തയിലാണ് കർണാടക സ്വദേശിയായ തൊഴിലാളിയുടെ ജഢം കണ്ടെത്തിയത്.

ശരീരത്തിന്റെ മുറിവുമായി രക്തത്തിൽ കുളിച്ച നിലയിലാണ് ജഢം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.  സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വിഷു ആഘോഷത്തിന്റെ ആഹ്ലാദത്തിമിർപ്പിനിടയിലാണ് ജില്ലയിൽ വ്യത്യസ്ത പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കൊലപാതകമടക്കം 6 മരണങ്ങൾ നടന്നത്.

LatestDaily

Read Previous

പതിനായിരം രൂപയും സ്വർണ്ണവളയും ബാക്കിവെച്ച് വീട്ടുകാരോട് മോഷ്ടാവിന്റെ കരുണ

Read Next

രക്ഷിതാക്കളെ ചീത്ത വിളിച്ചത് കൊലയ്ക്ക് കാരണം, മരണം നെഞ്ചിലേറ്റ അടി മൂലമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്