ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവി എൽഡിഎഫിനും യുഡിഎഫിനും നിർണ്ണായകം. ജില്ലാ പഞ്ചായത്തിലേക്ക് എൽഡിഎഫ് 7-ഉം യുഡിഎഫിന് 7-ഉം സീറ്റുകളാണ് നിലവിലുള്ളത്. കാസർകോട് ചെങ്കള ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് മൽസരിച്ച് വിജയിച്ച ഷാനവാസ് പാദൂർ ഇടതിനൊപ്പം നിൽക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. കോൺഗ്രസ്സിനോട് പിണങ്ങിയാണ് ഷാനവാസ് ഇത്തവണ സ്വതന്ത്രനായി മൽസര രംഗത്തിറങ്ങിയത്.
ഇടതുപിന്തുണയോടെയാണ് ഷാനവാസ് മൽസരിച്ചു വിജയിച്ചതെങ്കിലും, ഇപ്പോൾ യുഡിഎഫ് പക്ഷത്ത് കൊണ്ടുവരാൻ കോൺഗ്രസ്സ് രഹസ്യനീക്കം തുടങ്ങി. ഷാനവാസിന്റെ ബലത്തിലാണ് ജില്ലാ പഞ്ചായത്ത് ഭരണം തൂങ്ങിനിൽക്കുന്നത്. ഇടതുമുന്നണിയുടെ വോട്ടുവാങ്ങി വിജയിച്ച ഷാനവാസ് മറുകണ്ടം ചാടില്ലെന്ന് ഇടതുമുന്നണി കരുതുന്നു. ഷാനവാസ് ഇടതുപക്ഷത്ത് നിന്നാൽ അദ്ദേഹം ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷ സ്ഥാനം ആവശ്യപ്പെടും. അങ്ങനെ വന്നാൽ ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സിപിഐക്ക് ഉപാധ്യക്ഷ സ്ഥാനം നഷ്ടപ്പെടും.
മടിക്കൈ ഡിവിഷനിൽ നിന്ന് വിജയിച്ച പി. ബേബിയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാനുള്ള ശ്രമം സിപിഎമ്മിൽ ഒരു ഭാഗത്ത് നടന്നു വരുന്നുണ്ടെങ്കിലും, പെരിയ ഡിവിഷനിൽ മൽസരിച്ചു ജയിച്ച ഡിവൈഎഫ്ഐ നേതാവ് ഫാത്തിമത്ത് ഷംനയെ അധ്യക്ഷയാക്കണമെന്ന ആവശ്യം ഒരു വിഭാഗം സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകർ മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലീം യുവതിയെ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദിവിയിലേക്ക് ഉയർത്തിക്കാണിച്ച് കാസർകോട് പോലുള്ള ഒരു ജില്ലയിൽ മുസ്ലീം സമുദായത്തിന്റെ പിന്തുണ തേടിയാൽ സമാഗതമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ഉദുമ തൃക്കരിപ്പൂർ അടക്കമുള്ള മണ്ഡലങ്ങൾ പിടിച്ചെടുക്കാമെന്ന രാഷ്ട്രീയ നിരീക്ഷണവും സിപിഎമ്മിൽ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്.