ബേബി പാർട്ടിക്ക് മുകളിൽ, തീരുമാനങ്ങൾ പലതിലും കച്ചടവട താൽപ്പര്യം

കാഞ്ഞങ്ങാട്: ജില്ലാ പഞ്ചായത്ത് അധ്യക്ഷ മടിക്കൈയിലെ പി. ബേബിക്കെതിരെ പാർട്ടി നേതൃനിരയിൽ മുറുമുറുപ്പ്. ബേബി പാർട്ടിക്ക് മുകളിലാണെന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണ്ടെത്തൽ. ജില്ലാ പഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങൾ ജനോപകാരപ്രദമല്ലെന്നുള്ളതിന് തെളിവുകൾ ധാരാളം.

ജില്ലാ പഞ്ചായത്ത് ഓഫീസും പരിസരവും മോടി പിടിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി  ജില്ലാ പഞ്ചായത്ത് വളപ്പിലുള്ള കരിങ്കൽ പ്രതിമ പൂർത്തിയാക്കാൻ പി.ബേബി, പ്രശസ്ത ശിൽപ്പി കാനായിയെ സമീപിച്ചതും, ജില്ലാ ആശുപത്രി മോടി പിടിപ്പിക്കാൻ ഹാബിറ്റേറ്റ് വിദഗ്ധൻ തിരുവനന്തപുരത്തെ ശങ്കറിനെ സമീപിച്ചതുമെല്ലാം, ബേബി അധ്യക്ഷയായ ജില്ലാ പഞ്ചായത്തിന്റെ കച്ചവട താൽപ്പര്യമാണെന്ന് പാർട്ടിയിൽ ചർച്ച ഉയർന്നു.

ജില്ലാ ആശുപത്രിയിൽ ഒരു കാത്ത് ലാബ് ആരംഭിക്കാൻ വർഷങ്ങൾ കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. ഹൃദയാഘാതമുണ്ടാകുന്ന ജില്ലയിലെ രോഗികൾ മംഗളൂരുവിലേക്കും പരിയാരത്തേക്കും കണ്ണൂരിലെ സ്വകാര്യാശുപത്രികളിലേക്കുമാണ് നിലവിൽ ചികിത്സ തേടിപ്പോകുന്നത്. കടുത്ത ഹൃദയാഘാതം അനുഭവപ്പെട്ട രോഗിയെ പരിയാരത്ത് എത്തിക്കാൻ ചുരുങ്ങിയത് രണ്ടു മണിക്കൂർ വേണം. മംഗളൂരിലേക്കാണെങ്കിൽ 2 മണിക്കൂർ യാത്ര ചെയ്യണം. അതിനിടയിൽ രോഗി ചികിത്സ ലഭ്യമാകാതെ മരണപ്പെടുകയും ചെയ്യും.

24 മണിക്കൂറും പ്രവർത്തിക്കുന്ന കാത്ത് ലാബും ഹൃദ്രോഗ വിദഗ്ധരും സംസ്ഥാനത്തെ ഒട്ടുമുക്കാൽ ജില്ലാശുപത്രികളിലുമുണ്ടെങ്കിലും, കാഞ്ഞങ്ങാടിന് മാത്രം  സൗകര്യങ്ങൾ ഏറെയുണ്ടായിട്ടും കാത്ത് ലാബ് യാഥാർത്ഥ്യമായില്ല. പെരിയയിൽ അവശ്യ സാധനങ്ങളുടെ മൊത്ത വിൽപ്പന കേന്ദ്രം ആരംഭിക്കുമെന്ന് അധ്യക്ഷ പദവിയിലെത്തിയ ഉടൻ പി. ബേബി പ്രഖ്യാപിച്ചിരുന്നു. കമ്പനികളിൽ നിന്നും മറ്റും മൊത്ത വിലയ്ക്ക് സാധന സാമഗ്രികൾ ഇറക്കി സ്റ്റോക്ക് ചെയ്ത് ചെറുകിട കച്ചവടക്കാർക്ക് വിൽപ്പന നടത്തുന്ന പുറം വ്യാപാരമാണ് ബേബി ലക്ഷ്യമിട്ടത്.   ഈ വ്യാപാരത്തെ സിപിഎം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായി എതിർത്തു കഴിഞ്ഞു.

എതിർപ്പുകൾ മൂലം  ചെറുകിട വ്യാപാരികളുടെ പള്ളക്കടിക്കുന്ന മൊത്ത വിൽപ്പന കേന്ദ്രം ബേബി ഉപേക്ഷിച്ച മട്ടിലാണ്. ജില്ലാ ആശുപത്രിയിൽ നാലു സ്ത്രീകളെ ബേബി നേരിട്ടിടപെട്ട് ജോലിയിൽ നിയമിച്ച കാര്യം പാർട്ടി അറിയുന്നത്, സംഭവം വിവാദമായതിന് ശേഷമാണ്. പെരിയ ഇരട്ടക്കൊലക്കേസ്സിലെ പ്രതികളുടെ ഭാര്യമാർക്കാണ് പി. ബേബി ജില്ലാ ആശുപത്രി ശുചീകരണ വിഭാഗത്തിൽ ദിവസ വേതന നിരക്കിൽ ജോലി നൽകിയത്. പെരിയ ഇരട്ടക്കൊല പ്രതികളെ പാർട്ടി സംസ്ഥാന നേതൃത്വം ആദ്യം തന്നെ തള്ളിപ്പറഞ്ഞിരുന്നു.

പാർട്ടി ഇടപെടൽ, കൊലക്കേസിലും, പിന്നീട് പ്രതികളുടെ ജാമ്യത്തിലും, ഉണ്ടാകാതിരുന്നതു കൊണ്ടുതന്നെ ഇരട്ടക്കൊലക്കേസ്സിലെ മുഴുവൻ പ്രതികളും കഴിഞ്ഞ ഒന്നരവർഷക്കാലമായി ജാമ്യം ലഭിക്കാതെ കണ്ണൂർ ജയിലിൽ റിമാന്റ് തടവിലാണ്.

പാർട്ടി തള്ളിപ്പറഞ്ഞ ഇരട്ടക്കൊലക്കേസ്സ് പ്രതികളുടെ ഭാര്യമാർക്ക് പി. ബേബി സർക്കാർ ആശുപത്രിയിൽ ജോലി നൽകിയ സംഭവത്തിൽ ബേബിയെ പാർട്ടി പരസ്യമായി ശാസിക്കുകയെങ്കിലും, ചെയ്യണമെന്ന അഭിപ്രായം പാർട്ടി ജില്ലാ സിക്രട്ടറിയേറ്റിലും, ജില്ലാ കമ്മിറ്റിയിലും ശക്തമായി ഉയർന്നിരുന്നുവെങ്കിലും, ബേബിയെ ശാസിക്കുന്നതിന് പാർട്ടിയിൽ തടസ്സം സൃഷ്ടിച്ചത് ബേബിയുമായി ഏറെ അടുപ്പവും സ്വാധീനവുമുള്ള ഒരു പ്രബല നേതാവാണ്. ബേബിയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കിയ നടപടി തെറ്റായിപ്പോയെന്ന രീതിയിലേക്ക് പാർട്ടി ജില്ലാ നേതൃത്വം വൈകിയെങ്കിലും വൈകിയെങ്കിലും എത്തിച്ചേർന്നിട്ടുണ്ട്.

LatestDaily

Read Previous

കോട്ടഞ്ചേരി വനത്തിൽ കുടുങ്ങിയ 14 പേരെ പോലീസ് രക്ഷപ്പെടുത്തി

Read Next

ബേക്കൽ ക്ലബ്ബ് തർക്കം പിടിവിട്ടു, 2 ക്രിമിനൽ കേസ്സുകൾ