ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
രാജഗോപാലിന്റെയും ഉദുമയിൽ കുഞ്ഞമ്പുവിന്റെയും സ്ഥാനാർത്ഥിത്വത്തിന് സിപിഎം ജില്ലാ സമിതിയുടെ അംഗീകാരം വിമർശനങ്ങൾക്കൊടുവിൽ
കാഞ്ഞങ്ങാട്: സിപിഎം ജില്ലാ സിക്രട്ടറിയേറ്റ് അംഗം കെ.ആർ.ജയാനന്ദയായിരിക്കും മഞ്ചേശ്വരത്ത് ഇടത് മുന്നണി സ്ഥാനാർത്ഥിയെന്നത് ഏറെക്കുറെ ഉറപ്പായി. ശക്തമായ ത്രികോണമത്സരം നടക്കുന്ന മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ലീഗിലെ പി.ബി. അബ്ദുറസാഖ് കഴിഞ്ഞ തവണ വിജയിച്ചത്.
അബ്ദുറസാഖിന്റെ മരണത്തെത്തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിലെ രവീശതന്ത്രി കുണ്ടാറിനെതിരെ ലീഗ് നേതാവ് എം.സി ഖമറുദ്ദീൻ മികച്ച വിജയം നേടി മഞ്ചേശ്വരം യുഡിഎഫ് നില നിർത്തി. ഇടത് മുന്നണി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന മഞ്ചേശ്വരത്ത് 2011-ൽ വിജയിച്ച സിപിഎം നേതാവ് സി.എച്ച്. കുഞ്ഞമ്പുവിന്റെ പേര് ഇത്തവണ മഞ്ചേശ്വരത്തും സാധ്യത പട്ടികയിലുണ്ടായിരുന്നു. എന്നാൽ കുഞ്ഞമ്പുവിനെ ഉദുമയിൽ സ്ഥാനാർത്ഥിയാക്കാനുള്ള പാർട്ടി സംസ്ഥാന സമിതിയുടെ തീരുമാനത്തിന് ജില്ലാ സമിതിയുടെ അംഗീകാരം കിട്ടിയതോടെയാണ് മഞ്ചേശ്വരത്ത് ജയാനന്ദ സ്ഥാനാർത്ഥിയാവുമെന്ന് ഏറെക്കുറെ ഉറപ്പായത്.
കാസർകോട് ജില്ലയിൽ സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായ തൃക്കരിപ്പൂരിൽ സിറ്റിംഗ് എംഎൽ ഏ, എം. രാജഗോപാലനെ മാറ്റി സിപിഎം ജില്ലാ സിക്രട്ടറി എം.വി. ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി ജില്ലാ കമ്മിറ്റി നൽകിയ നിർദ്ദേശം സംസ്ഥാന സമിതി തള്ളുകയും രാജഗോപാലിന് രണ്ടാം തവണയും അവസരം നൽകണമെന്ന് നിർദ്ദേശിക്കുകയുമായിരുന്നു. ഞായറാഴ്ച്ച കാഞ്ഞങ്ങാട് നടന്ന സിപിഎം ജില്ലാ സമിതിയോഗത്തിൽ എം.വി. ബാലകൃഷ്ണന് സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെതിരെ വിമർശനം ഉയർന്ന് വരികയുണ്ടായി.
മുതിർന്ന നേതാക്കൾക്ക് അവസരം നൽകാത്തതിനെതിരെ ജില്ലാ സമിതി യോഗത്തിൽ ശക്തമായ വിമർശനമാണ് ഉയർന്നത്. മുതിർന്ന നേതാവ് ഏ.കെ. നാരായണനും അന്തരിച്ച സമുന്നത നേതാവ് സി.കൃഷ്ണൻ നായർക്കും ഉണ്ടായ അനുഭവം തന്നെയാണ്, എം.ബി ബാലകൃഷ്ണനും ഉണ്ടാകുന്നതെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാണിക്കുകയുണ്ടായി. ജില്ലാ സിക്രട്ടറിയേറ്റ് യോഗം നേരത്തെ അംഗീകരിച്ച സാധ്യത പട്ടികയിൽ മഹിളാ നേതാവും, മുൻജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഇ. പത്മാവതിയുടെ പേരും ഉദുമയിലേക്ക് നിർദ്ദേശിക്കപ്പെട്ടിരുന്നുവെങ്കിലും, സി.എച്ച്. കുഞ്ഞമ്പുവിനാണ് സംസ്ഥാന സമിതിയുടെ അനുമതി കിട്ടിയത്.
സംസ്ഥാന തലത്തിൽ തന്നെ മഹിളകൾക്ക് സ്ഥാനാർത്ഥിപ്പട്ടികയിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി നിലനിൽക്കുന്നതിനിടയിലാണ് ഉദുമയിൽ മഹിളാ അസോസിയേഷൻ സംസ്ഥാന സിക്രട്ടറിയായ ഇ. പത്മാവതിയെ തഴഞ്ഞ് കുഞ്ഞമ്പുവിനെ സംസ്ഥാന സമിതി സ്ഥാനാർത്ഥി പട്ടികയിൽപ്പെടുത്തിയത്. ഇതും വിമർശന വിധേയമായി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എം.വി. ഗോവിന്ദൻ, പി.കരുണാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജില്ലാ സമിതിയോഗത്തിൽ സംസ്ഥാനസമിതിയംഗം കെ.പി. സതീഷ് ചന്ദ്രനായിരുന്നു അധ്യക്ഷത വഹിച്ചത്. എം.വി. ബാലകൃഷ്ണൻ ഉൾപ്പെടെ ജില്ല സമിതിയംഗങ്ങൾ യോഗത്തിൽ സംബന്ധിച്ചു.