ജില്ലയിൽ ആരോഗ്യ പ്രവർത്തനം കുത്തഴിഞ്ഞു

കാഞ്ഞങ്ങാട്   :  ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതോടെ മറ്റ് രോഗങ്ങൾ ബാധിച്ച നിർധന വിഭാഗം ജനങ്ങൾ ചികിത്സയ്ക്കായി  ജില്ല മുഴുവൻ  നെട്ടോട്ടത്തിൽ.

ജില്ലാ ആശുപത്രിയിൽ  ലഭിച്ചു കൊണ്ടിരുന്ന ചികിത്സാ സേവനങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് മാറ്റിയതോടെയാണ് രോഗികൾ കഷ്ടത്തിലായത്.

ജില്ലാ ആശുപത്രിയിൽ ലഭിച്ചിരുന്ന ചികിത്സകൾ നീലേശ്വരം താലൂക്ക് ആശുപത്രി, പെരിയ ഗവൺമെന്റാശുപത്രി, കാസർകോട് ജനറൽ ആശുപത്രി മുതലായ വിവിധ ആശുപത്രികളിലേക്കാണ് മാറ്റിയത്. ഏതൊക്കെ ചികിത്സകൾ എവിടെയൊക്കെയാണ് ലഭിക്കുന്നതെന്നറിയാതെ സാധാരണക്കാരായ പൊതുജനം ആശുപത്രികൾ കയറിയിറങ്ങേണ്ട ഗതികേടിലാണ്.

കാസർകോട് ജില്ലയിലെ മലയോര മേഖലയിൽ നിന്നുള്ളവരാണ് ജില്ലാശുപത്രിയെ ചികിത്സക്കായി പ്രധാനമായി  ആശ്രയിച്ചിരുന്നത് . ഇവിടത്തെ ഒ. പിയിൽ മാത്രം ദിനം പ്രതി നൂറുകണക്കിന് രോഗികൾ ചികിത്സയ്ക്കെത്താറുണ്ട്. ചെലവ് കുറഞ്ഞ ഗർഭചികിത്സ ലഭിച്ചിരുന്ന ജില്ലാശുപത്രിയിൽ  ഈ വിഭാഗം കൂടി  അടച്ചിട്ടതോടെ  നിർധന വിഭാഗത്തിൽപ്പെട്ടവർ സ്വകാര്യാശുപത്രിയുടെ കൊള്ളയ്ക്ക് തലവെച്ചു കൊടുക്കേണ്ട ഗതികേടിലാണ്.

ജില്ലാശുപത്രി കോവിഡ് ആശുപത്രിയാക്കിയതോടെ പാലിയേറ്റീവ് വിഭാഗത്തിന്റെ  പ്രവർത്തനവും അവതാളത്തിലായി. ക്യാൻസർ രോഗികളടക്കമുള്ളവർ ഇപ്പോൾ നീലേശ്വരം താലൂക്കാശുപത്രിയെയാണ് ആശ്രയിക്കേണ്ടത്. സാന്ത്വന പരിചരണം ആവശ്യമുള്ള  രോഗികളുടെ  പരിശോധനകൾ നീലേശ്വരം  താലൂക്ക്  ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ  ലഭിക്കുമെങ്കിലും, ഇവർക്കുള്ള  മരുന്ന്  വിതരണം രോഗികൾ താമസിക്കുന്ന  പഞ്ചായത്ത് പരിധിയിലെ ആശുപത്രിയിലാണ് നടക്കുന്നത്.

ഫലത്തിൽ നീലേശ്വരത്ത് പരിശോധന  നടത്തിയ ശേഷം മരുന്ന് വാങ്ങാൻ വീണ്ടും ആശുപത്രി തേടി  അലയേണ്ട ഗതികേടിലാണ് ക്യാൻസർ ബാധിതരടക്കമുള്ള കിടപ്പ് രോഗികൾ. പാമ്പ്  കടിയേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിലാണ് ചികിത്സയ്ക്ക്  എത്തിക്കേണ്ടത്.  ആശുപത്രിയിലേക്കുള്ള യാത്രയിൽ പാമ്പ് കടിയേറ്റയാളുടെ  ജീവൻ നഷ്ടപ്പെടാതിരുന്നാൽ ഭാഗ്യം.

ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങൾ  മറ്റിടങ്ങളിലേക്ക് മാറ്റിയതറിയാതെ ഇപ്പോഴും, നിരവധി പേർ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ജില്ലാശുപത്രിയിൽ ചികിത്സയില്ലെന്നറിയാതെ  രോഗികൾ ആശുപത്രിക്ക് മുന്നിൽ വട്ടം കറങ്ങുന്നത് പതിവ്  കാഴ്ചയാണ്.

ജില്ലാശുപത്രിയിൽ നിന്നും രോഗികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആരോഗ്യ സേവനങ്ങൾ ജില്ല മുഴുവൻ ചിതറിക്കിടക്കുന്ന നിലയിലായതോടെ  കോവിഡ്  ബാധിതരൊഴികെയുള്ള രോഗികളുടെ ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ കുത്തഴിഞ്ഞ നിലയിലാണ്. ജില്ലാശുപത്രിയിൽ നിസ്സാര തുകയ്ക്ക് ലഭ്യമായിരുന്ന  പരിശോധകളും, എക്സേ റേയും, സ്കാനിങ്ങ് സൗകര്യങ്ങളും, രോഗികൾക്ക് നിഷേധിക്കപ്പെട്ടതോടെ  ഇവയ്ക്കെല്ലാം  വേണ്ടി സ്വകാര്യ ലാബുകളെ  ആശ്രയിക്കേണ്ട ഗതികേടിലാണ് നിർധനരായ രോഗികൾ.

പരിശോധനകൾക്ക്  കഴുത്തറപ്പൻ ഫീസ് വാങ്ങിക്കുന്ന  സ്വകാര്യ  ലാബുകളുടെയും, സ്കാനിങ്ങ് കേന്ദ്രങ്ങളുടേയും ചാകരക്കാലമാണിപ്പോൾ. സർക്കാർ ആശുപത്രികളിലെത്തുന്ന രോഗികളെ സ്വകാര്യാശുപത്രികളിലേക്കും,  ലാബുകളിലേക്കും, സ്കാനിങ്ങ് കേന്ദ്രങ്ങളിലേക്കുമാണ് ഡോക്ടർമാർ പറഞ്ഞു വിടുന്നത്.

LatestDaily

Read Previous

സംശയിക്കേണ്ട ഇത് പോലീസ് സ്റ്റേഷനാണ്

Read Next

വാട്സാപ്പ് ഗ്രൂപ്പിൽ ഡോക്ടർമാരുടെ തന്തയ്ക്ക് വിളി: ഡോ. പത്മാനാഭനെതിരെ പോലീസ് കേസ്സെടുത്തു