ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ജില്ലാശുപത്രിയിൽ അനുവദിച്ച കാത്ത് ലാബ് യൂണിറ്റ് പ്രവർത്തനമാരംഭിക്കാത്തതിനെത്തുടർന്ന് ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. കാത്ത് ലാബിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് കാത്ത് ലാബ് ഉദ്ഘാടനം അനന്തമായി നീളുകയാണ്. നിർദ്ധനരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ ഹൃദ്രോഗ ചികിത്സ ലഭ്യമാക്കുന്നതിനാണ് തോയമ്മൽ ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് അനുവദിച്ചത്.
2020 ആദ്യം തന്നെ ലാബിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചിരുന്നു. ജില്ലാശുപത്രിയിലെ പ്രസവ വാർഡിന് മുന്നിലെ കെട്ടിടത്തിൽ പ്രത്യേകമായി തയ്യാറാക്കിയ കാത്ത് ലാബിലേക്കുള്ള യന്ത്രോപകരണങ്ങളും കഴിഞ്ഞ വർഷം തന്നെ സ്ഥാപിച്ചിരുന്നു. കാത്ത് ലാബ് ഉടൻ പ്രവർത്തന സജ്ജമാക്കുമെന്ന് കഴിഞ്ഞവർഷം മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉറപ്പ് നൽകിയിരുന്നെങ്കിലും, ഈ കാത്ത് ലാബിന്റെ കാര്യത്തിൽ വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ.
കാസർകോട് ജില്ലയ്ക്ക് ഇത്രയൊക്കെ മതിയെന്ന് ഭരണാധികാരികൾ തീരുമാനിച്ചിട്ടുണ്ടോയെന്ന് സംശയിക്കുന്ന രീതിയിലാണ് ജില്ലാശുപത്രി വികസനം. കീശയിൽ കാശുള്ളവർ ലക്ഷങ്ങൾ കൊടുത്ത് സ്വകാര്യശുപത്രികളിൽ ചികിത്സ തേടുമ്പോൾ പട്ടിണിപ്പാവങ്ങൾക്ക് ഹൃദ്രോഗം വന്നാൽ ചികിത്സാ സൗകര്യമില്ലാതെ ചത്തൊടുങ്ങാനാണ് വിധി. ജില്ലാശുപത്രി കാത്ത് ലാബിനെക്കുറിച്ച് ലേറ്റസ്റ്റ് പത്രാധിപർ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിൽ ലാബിൽ യന്ത്രോപകരണങ്ങൾ സ്ഥാപിട്ടിട്ടുണ്ടെന്ന് സമ്മതിക്കുന്നുണ്ട്.
യന്ത്രോപകരണങ്ങൾ സ്ഥാപിച്ചതിന്റെ സർട്ടിഫിക്കറ്റ് സ്റ്റോറിൽ നൽകുകയോ സ്റ്റോക്ക് എൻട്രി നടത്തുകയോ ചെയ്തിട്ടില്ലെന്നും ഡിഎംഒ വിശദീകരിക്കുന്നു. കാത്ത് ലാബിനോടനുബന്ധിച്ചുള്ള കോറോണ റികെയർ യൂണിറ്റിന്റെ സിവിൽ ജോലികൾ പൂർത്തിയായിട്ടില്ലന്നും, വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ പറയുന്നു. 99 ശതമാനവും പണി പൂർത്തിയായ കാത്ത് ലാബ് നിസ്സാര സാങ്കേതിക പ്രശ്നങ്ങൾ മൂലം പ്രവർത്തനം തുടങ്ങാനാകാതെ നോക്കുകുത്തിയായിട്ടും, സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് പ്രവർത്തന സജ്ജമാക്കാൻ അധികൃതർ തയ്യാറാകാത്തത് സ്വകാര്യ ആശപത്രികളെ സഹായിക്കാനാണെന്ന് ആക്ഷേപമുയർന്നു.
കാത്ത് ലാബിൽ സ്ഥാപിച്ച ലക്ഷക്കണക്കിന് രൂപയുടെ യന്ത്രോപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുമ്പോഴും, ആശുപത്രിയുടെ നിയന്ത്രണാധികാരമുള്ള ജില്ലാ പഞ്ചായത്ത് അധികാരികൾ ആശ്രിതരെ ആശുപത്രിയിൽ തിരുകിക്കയറ്റുന്ന തിരക്കിലാണ്.