ജില്ലയിൽ ഡിസിസി നേതൃത്വവും എംപിയും തുറന്ന പോരിൽ

കാഞ്ഞങ്ങാട്: ട്രെയിനിൽ തനിക്ക് നേരെ നടന്ന കയ്യേറ്റ  ശ്രമത്തിന് പിന്നിൽ ഡിസിസി പ്രസിഡണ്ട്  ഹക്കീം കുന്നിലാണെന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പ്രസ്താവന ജില്ലയിൽ എംപിയും ഡിസിസി നേതൃത്വവും തമ്മിലുള്ള തുറന്ന യുദ്ധത്തിന്റെ സൂചന. രാജ്മോഹൻ ഉണ്ണിത്താനെ കാസർകോട് പാർലമെന്റ് നിയോജക മണ്ഡലത്തിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയാക്കിയത് മുതൽ തുടങ്ങിയ പ്രശ്നങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ട്രെയിനിൽ നടന്ന കയ്യാങ്കളി ശ്രമം.

രാജ്മോഹൻ ഉണ്ണിത്താൻ എംപിയായതിന് ശേഷം, ജില്ലയിലെ ഡിസിസി നേതൃത്വവുമായി യോജിക്കാതെ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുകയാണെന്ന് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ അഭിപ്രായപ്പെടുന്നു. പാർട്ടിയുടെ ജില്ലാ നേതൃത്വത്തെ നോക്കുകുത്തിയാക്കി എംപി തന്നിഷ്ടപ്രകാരം ജില്ലയിൽ സമാന്തര ഗ്രൂപ്പുണ്ടാക്കാൻ നോക്കിയെന്നും ആക്ഷേപമുണ്ട്. ഏറ്റവുമൊടുവിൽ, ഉദുമ നിയമസഭ സീറ്റ് പെരിയ ബാലകൃഷ്ണന് നൽകിയതിന് പിന്നിൽ എംപിയുടെ കൈ കടത്തലുണ്ടെന്നും ആക്ഷേപമുണ്ട്.

ജില്ലയിലെ കോൺഗ്രസ്സ് നേതൃത്വത്തെ ഒന്നടങ്കം അപമാനിക്കുന്ന വിധത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ പലതവണ നടത്തിയ പരസ്യ പ്രസ്താവനകൾ ഡിസിസി നേതൃത്വത്തെയും അലോസരപ്പെടുത്തിയിരുന്നു. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലുമായി എംപിക്ക് കടുത്ത അഭിപ്രായ വ്യത്യാസമുണ്ടെന്ന കാര്യം കോൺഗ്രസ്സ് പ്രവർത്തകർ തന്നെ സമ്മതിക്കുന്നുമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ  പ്രചാരണ പ്രവർത്തനങ്ങൾക്കിടെ എംപിക്ക് നേരെ നേരത്തെയും കയ്യേറ്റ ശ്രമം നടന്നിരുന്നു. കോൺഗ്രസ്സിനുള്ളിൽ പുതുതായി രൂപം കൊണ്ട കെ. സി. വേണുഗോപാൽ ഗ്രൂപ്പിന്റെ കാസർകോട് ജില്ലയിലെ പ്രധാന കാര്യദർശിയെന്ന നിലയിൽ അറിയപ്പെടുന്ന രാജ്മോഹൻ ഉണ്ണിത്താൻ, നിലവിലെ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനെ ഒതുക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ട്രെയിനിലെ ആക്രമണത്തിന് പിന്നിൽ ഹക്കീം കുന്നിലാണെന്ന പ്രസ്താവന നടത്തിയതെന്ന് സംശയിക്കുന്നു.

ഡിസിസി പുനഃസംഘടനയിൽ ഹക്കീം കുന്നിലിനെ ജില്ലാ കോൺഗ്രസ്സിന്റെ നാലയലത്ത് പോലും എത്തിക്കരുതെന്ന വാശിയും രാജ്മോഹൻ ഉണ്ണിത്താനുണ്ട്. കെ. സുധാകരൻ കെപിസിസി പ്രസിഡണ്ട് പദവി ഏറ്റെടുത്തതോടെ കോൺഗ്രസ്സിലെ പരസ്യമായ ഗ്രൂപ്പ് വിഴുപ്പലക്കൽ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, പുനഃസംഘടനാ പ്രശ്നത്തിൽ തട്ടി കോൺഗ്രസ്സ് ഇപ്പോഴും പഴയ സ്ഥതിയിൽത്തന്നെ തുടരുകയാണ്.

കഴിഞ്ഞ ദിവസം ട്രെയിനിൽ ഉണ്ണിത്താന് നേരെ കയ്യേറ്റ ശ്രമം നടത്തിയവരിൽ ഒരാൾ ഏ ഗ്രൂപ്പുകാരനും, മറ്റേയാൾ ഐ ഗ്രൂപ്പുകാരനുമാണ്. ജില്ലയിലെ മൂന്നാം ഗ്രൂപ്പുകാരനായ എംപിയെ തെറിവിളിക്കാൻ ബദ്ധവൈരികളായ ഏ, ഐ ഗ്രൂപ്പ് നേതാക്കൾ ഒത്തൊരുമിച്ചെന്നതും കൗതുകമാണ്. എംപിയുടെ അടുത്ത അനുയായിയും, സിക്രട്ടറിയുമായ കെഎസ്്യു നേതാവിനെ ഡിസിസി നേതൃത്വം     പുറത്താക്കിയ സംഭവത്തിന് ശേഷം എംപിയും, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലും തമ്മിൽ കടുത്ത അകൽച്ചയിലാണ്. ഈ അകൽച്ചയുടെ തെളിവാണ് എംപി കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡണ്ടിനെതിരെ നടത്തിയ പ്രസ്താവന. രാജ്മോഹൻ ഉണ്ണിത്താൻ എംപിയും, കാസർകോട് ഡിസിസി നേതൃത്വവും തമ്മിലുള്ള അകൽച്ച നീക്കാൻ കെപിസിസി നേതൃത്വം ഇടപെടണമെന്നാണ് കോൺഗ്രസ്സ് പ്രവർത്തകരുടെ ആവശ്യം.

Read Previous

എംപിയെ വധിക്കാൻ ഗൂഢാലോചന മൂന്ന് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കേസ്സ്

Read Next

സ്വർണ്ണത്തൊഴിലാളികളുടെ ജീവിതം ആസ്പദമാക്കി ഹ്രസ്വ ചിത്രം