ഒരേ കിടപ്പിൽ ദുരിതമനുഭവിച്ച വൃദ്ധയ്ക്ക് ആശ്വാസം: ചികിത്സ ഒരുക്കാൻ സബ് കലക്ടറുടെ നിർദ്ദേശം

കാഞ്ഞങ്ങാട്: വൃണം വന്നൊലിച്ച കാലുമായി നാല് വർഷത്തോളമായി രോഗക്കിടക്കയിലായ വൃദ്ധയ്ക്ക് ചികിത്സാ സൗകര്യമൊരുക്കാൻ കാഞ്ഞങ്ങാട് സബ് കലക്ടർ നിർദ്ദേശം നൽകി. കാഞ്ഞങ്ങാട് നഗരസഭ 21-ാം വാർഡിൽപ്പെട്ട ഉപ്പിലിക്കൈ ഏഴാത്തോട് സ്വദേശിനി സരോജിനിക്കാണ് 68, സബ് കലക്ടറുടെ ഇടപെടലിലൂടെ രോഗശയ്യയിൽ നിന്നും മോചനമായത്.

വൃണം ബാധിച്ച് ഗുരുതരമായ നിലയിലായ കാലുമായി കഴിഞ്ഞ സരോജിനിയെ മറ്റ് രോഗങ്ങൾ കൂടി കീഴ്പ്പെടുത്തിയതോടെ പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാതെയായി.  അവിവാഹിതയായ സരോജിനിയും സഹോദരൻ ശ്രീധരനും മാത്രമാണ് കാലപ്പഴക്കം ചെന്ന തറവാട് വീട്ടിൽ താമസിക്കുന്നത്. ശ്രീധരൻ എന്തെങ്കിലും എത്തിച്ചു നൽകുന്നത് മാത്രമാണ് ഇവരുടെ ആഹാരം.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയ 21-ാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. രാജഗോപാലനും കോൺഗ്രസ് പ്രവർത്തകരുമാണ് സരോജിനിയുടെ ദുരിത ജീവിതം നേരിൽക്കണ്ട് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാജഗോപാലൻ, സബ് കലക്ടറെ കണ്ട് സരോജിനി അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് ബോധിപ്പിച്ചു. വീട്ടു പരിസരം മാലിന്യങ്ങൾ നിറഞ്ഞ നിലയിലായിരുന്നു. ദ്രവിച്ച് തീരാറായ കിടക്കയിലായിരുന്നു സരോജിനി കിടന്നിരുന്നത്.

വസ്ത്രങ്ങളിൽ നിന്നും ദുർഗന്ധമുണ്ടായി. സരോജിനിയുടെ ജീവിതാവസ്ഥ ദയനീയസ്ഥിതിയിലായിട്ടും ഇത്രയും കാലത്തിനിടയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടില്ല. വൃദ്ധയ്ക്ക് അടിയന്തിര ചികിത്സ ഒരുക്കാൻ ഡിഎംഒയോട് സബ് കലക്ടർ നിർദ്ദേശിച്ചു.  ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സരോജിനിയുടെ സ്ഥിതി നേരിൽക്കണ്ടു.  ജില്ലാശുപത്രിയിലേക്ക് മാറ്റി കൂടുതൽ ചികിത്സ നൽകാനാണ് തീരുമാനം. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നിർദ്ദേശ പ്രകാരം സരോജിനിയെ പരിചരിക്കുന്നതിന് നഴ്സിന്റെ പ്രത്യേക സേവനവും ലഭ്യമാക്കും.

LatestDaily

Read Previous

കോവിഡിൽ കുടുംബശ്രീയുടെ ഊട്ടി- കൊടൈക്കനാൽ വിനോദ യാത്ര

Read Next

അമ്മയും കുഞ്ഞും ആശുപത്രി പുതിയകോട്ടയുടെ നഷ്ടപ്രതാപം വീണ്ടെടുക്കും