കാസർകോട് ജില്ലാ റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി നിക്ഷേപകരെ വഞ്ചിച്ചു

ചിറ്റാരിക്കാൽ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള കാസർകോട് ജില്ലാ റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി ഭരണ സമിതിയുടെ സാമ്പത്തിക കെടുകാര്യസ്ഥത മൂലം പണം നഷ്ടപ്പെട്ട നിക്ഷേപകർ സംഘടിച്ചു.

ജില്ലാ റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റിയുടെ ചിറ്റാരിക്കാലിലുള്ള ഹെഡ് ഓഫീസിലും വിവിധ സ്ഥലങ്ങളിലുള്ള ശാഖകളിലും,  പണം നിക്ഷേപിച്ച നിരവധി പേരാണ് നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും പണം കിട്ടാതെ വലയുന്നത്.

മോഹന വാഗ്ദാനങ്ങൾ നൽകിയാണ് കാസർകോട് ജില്ലാ റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി,  നിരവധി നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ സ്വീകരിച്ചത്.

നിക്ഷേപത്തിന്റെ കാലാവധി പൂർത്തിയായിട്ടും ഇവർക്ക് പണം തിരികെ കിട്ടിയില്ല. സ്ഥലം വിറ്റ് ബാക്കി വന്ന 1 ലക്ഷം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ച നിർധനനായ വൃദ്ധനെയും,  സ്ഥാപനം നിക്ഷേപത്തുക തിരികെ കൊടുക്കാതെ ബുദ്ധിമുട്ടിച്ചിരുന്നു.

റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ച് വഞ്ചിതരായവരിൽ അന്യ ജില്ലകളിൽ താമസിക്കുന്നവർ വരെയുണ്ട്. എറണാകുളം, കോട്ടയം ജില്ലകളിലടക്കം പലർക്കും നിക്ഷേപത്തുക തിരികെ ലഭിക്കാനുണ്ട്.

ചിറ്റാരിക്കാലിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്ന ഇവർ സ്ഥലം വിറ്റ് സ്വന്തം  നാട്ടിലേക്ക് മടങ്ങിപ്പോയവരാണ്. ഇത്തരത്തിൽ ഇരുപത്തിയഞ്ചോളം പേർ തങ്ങളുടെ സങ്കടം ഈസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയിംസ് പന്തമ്മാക്കലിനെ വിളിച്ചറിയിച്ചിട്ടുണ്ട്.

വിദേശത്ത് ജോലിയുള്ള കൊന്നക്കാട് സ്വദേശിക്ക് കാസർകോട് റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റിയിൽ നിന്നും 15 ലക്ഷം രൂപ ലഭിക്കാനുള്ളതായി തെളിഞ്ഞിട്ടുണ്ട്. വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയായ ഒരാൾക്ക് സൊസൈറ്റിയിൽ നിന്ന് ലഭിക്കാനുള്ളത് 33 ലക്ഷം രൂപയാണ്.

പരപ്പ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകനും, കാലിച്ചാനടുക്കത്ത് താമസക്കാരനുമായ ജോയി ജോസഫ് താഴത്തു വീട്ടിൽ കാസർകോട് റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റിയുടെ പരപ്പ ശാഖയിൽ നിക്ഷേപിച്ച 4,65,000 രൂപയുടെ നിക്ഷേപ കാലാവധി പൂർത്തിയായിട്ട് 2 വർഷത്തിലേറെയായെങ്കിലും പണം ഇതുവരെ തിരികെ കിട്ടിയില്ല.

റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റിയുടെ ചതി മുൻ അധ്യാപകനായ ജോയി ജോസഫ് ലേറ്റസ്റ്റ് ഓഫീസിൽ നേരിട്ടെത്തിയാണ് അറിയിച്ചത്.

സൊസൈറ്റിയുടെ അധീനതയിലുള്ള സ്ഥലം വിറ്റാൽ മാത്രമേ നിക്ഷേപത്തുക തിരികെ കൊടുക്കാൻ കഴിയുകയുള്ളൂ എന്നാണ് ബാങ്ക് പ്രസിഡണ്ട് പറഞ്ഞതെന്ന് ജോയ് ജോസഫ് പറഞ്ഞു. ഈ വിഷയത്തിൽ സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ നൽകിയ ഉത്തരവ് പോലും റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി അധികൃതർ നടപ്പാക്കിയില്ല.

കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ കാസർകോട് ജില്ലാ റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റി നിക്ഷേപകർക്ക് തിരികെ കൊടുക്കാനുള്ളത്.

കോടികളുടെ നിക്ഷേപത്തുക കൊടുക്കാനില്ലാതെ സാമ്പത്തിക പ്രതിസന്ധിയിലായ റബ്ബർ മാർക്കറ്റിങ്ങ് സൊസൈറ്റിയിൽ ആർഭാടത്തിന് കുറവൊന്നുമില്ല.

അടുത്ത കാലത്താണ് സൊസൈറ്റി ആസ്ഥാനത്ത് പുതിയ 3 താൽക്കാലിക നിയമനങ്ങൾ നടന്നത്.

സൊസൈറ്റി ആവശ്യത്തിനായി പുതിയ വാഹനം വാങ്ങിയതും കഴിഞ്ഞ വർഷമാണ്.

സൊസൈറ്റി സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും ജീവനക്കാരുടെ ശമ്പള വിതരണത്തിൽ തടസ്സങ്ങളൊന്നുമില്ല.

LatestDaily

Read Previous

കേരളത്തിൽ കൊവിഡ് മരണങ്ങൾ ഉയരും

Read Next

ബംഗാളികൾ തടിതപ്പി കോട്ടച്ചേരി മേൽപ്പാലം പണി പിന്നെയും നിലച്ചു