ഡിസിസിയിൽ ഫോട്ടോ വിവാദം

കാസർകോട്:  ഡിസിസി  പ്രസിഡണ്ട് ഹക്കീം കുന്നിലിനെതിരെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ഡിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ കഴിഞ്ഞ ദിവസം നടന്ന ഫോട്ടോ അനാച്ഛാദന ചടങ്ങിനെച്ചൊല്ലിയാണ് പുതിയ വിവാദം. ഡിസിസി ജില്ലാക്കമ്മിറ്റി ആസ്ഥാനത്ത് പ്രവാസി കോൺഗ്രസ് മുൻ സംസ്ഥാന നേതാവിന്റെ ഫോട്ടോ അനാച്ഛാദനം ചെയ്ത സംഭവത്തിലാണ് പൊട്ടിത്തെറി.

അടുത്തിടെ അന്തരിച്ച പ്രവാസി കോൺഗ്രസ് സംസ്ഥാന നേതാവിന്റെ  ഛായാചിത്രമാണ് കഴിഞ്ഞ ദിവസം വി. ടി. ബൽറാം  എംഎൽഏ, ഡിസിസി ഒാഫീസിൽ അനാച്ഛാദനം ചെയ്തത്. ജില്ലയിലെ അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാക്കളായ പി. ഗംഗാധരൻ നായർ, പി. സി. രാമൻ, കോടോത്ത് ഗോവിന്ദൻ നായർ എന്നിവരുടെ ചിത്രങ്ങൾ ഡിസിസി ആസ്ഥാനത്ത് സ്ഥാപിക്കാത്ത ഡിസിസി നേതൃത്വം പ്രവാസി കോൺഗ്രസ് നേതാവിന്റെ ചിത്രം സ്ഥാപിച്ചത് വിവേചനമാണെന്ന്  ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ  ആരോപിച്ചു.

26 പോഷക സംഘടനകളുള്ള കോൺഗ്രസിൽ പ്രവാസി കോൺഗ്രസിന് മാത്രമാണ് ഡിസിസി ആസ്ഥാനത്ത് ഒാഫീസുള്ളത്. പ്രവാസി കോൺഗ്രസിന് ഒാഫീസ് അനുവദിച്ചത് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ പ്രത്യേക താൽപ്പര്യം മൂലമാണെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രയത്നിച്ച നേതാവും, ഹക്കീമിന്റെ രാഷ്ട്രീയ ഗുരുവുമായ പി. ഗംഗാധരൻ നായരുടെ  ഫോട്ടോ ഡിസിസി ഒാഫീസിൽ സ്ഥാപിക്കാൻ മുൻകൈയെടുക്കാത്ത ഡിസിസി അധ്യക്ഷൻ അന്തരിച്ച പ്രവാസി സംഘടനാ നേതാവ് പത്മരാജന്റെ ചിത്രം സ്ഥാപിക്കാൻ അനുമതി കൊടുത്തത് ഐങ്ങോത്തെ പ്രവാസി സംഘടനാ നേതാവിന്റെ സമ്മർദ്ദത്തിലാണെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

കെഎസ്്യു സംസ്ഥാന സിക്രട്ടറി നോയൽ ടോം ജോസഫിനെ പുറത്താക്കിയ സംഭവത്തിൽ ഹക്കീം കുന്നിലിനെതിരെ പാർട്ടിയിൽ പ്രതിഷേധമുണ്ടായിരുന്നു. ബളാൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സിക്രട്ടറി സിപിഎമ്മിൽ ചേർന്നതിന് കാരണം ഡിസിസി അധ്യക്ഷനാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു. കോൺഗ്രസ് പുനഃസംഘടന നടക്കാനിരിക്കെയാണ് ഹക്കീം കുന്നിലിനെതിരെ പാളയത്തിൽ തന്നെ പടയുണ്ടായിരിക്കുന്നത്.

LatestDaily

Read Previous

ആലപ്പുഴ യുവതിയെ പീഡിപ്പിച്ച് ദൃശ്യം ക്യാമറയിൽ പകർത്തി അഞ്ച് ലക്ഷവും 10 പവനും തട്ടിയെടുത്തു

Read Next

അഞ്ജലിയെ കണ്ടെത്താൻ പോലീസ് ലുക്ക്ഔട്ട് ഇറക്കിയത് ഹൈക്കോടതി ഇടപെട്ടതുമൂലം