കടകളടക്കൽ: സർവ്വത്ര ആശയക്കുഴപ്പം

കാഞ്ഞങ്ങാട്: നോമ്പെടുക്കുന്ന വിശ്വാസിക്ക് നോമ്പ് തുറക്കാൻ സമയമായാൽ തിരക്കോട് തിരക്കും സർവ്വത്ര ആശയക്കുഴപ്പവും. വ്യാപാരികളായ നോമ്പുകാരിടെ കാര്യമാണ് ഏറെ കഷ്ടം. സന്ധ്യ 6 മണി 45 മിനുറ്റാകുമ്പോഴാണ് നോമ്പ് മുറിക്കേണ്ടത്. കടകൾ രാത്രി ഒമ്പതിന് അടക്കണമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് കടകൾ രാത്രി 7.30ന് അടക്കണമെന്നാണ്.

ഹോട്ടലുകൾ രാത്രി ഒമ്പത് വരെ തുറക്കാമെന്നാണ് പറയുന്നത്. എന്നാൽ ഇരുന്ന് ഭക്ഷണമില്ല. പാർസലുകൾ ഒമ്പത് മണി വരെയാകാമെന്നുള്ള വെളിപ്പെടുത്തലുമുണ്ട്. രാത്രികാല കർഫ്യൂ ഒമ്പത് മണിക്കാണ് തുടങ്ങുന്നത്. എന്നാൽ പള്ളികളിൽ  രാത്രി നമസ്ക്കാരത്തിന്  ഒമ്പത് വരെ സമയം അനുവദിച്ചതായാണ് മത നേതാക്കൾ പറഞ്ഞത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദാകരണമൊന്നുമുണ്ടായിട്ടില്ല. സന്ധ്യയ്ക്ക് 6.45ന് നോമ്പ്  മുറിക്കുന്ന ഒരു വിശ്വാസി ഉടൻ തന്നെ മഗ്്രിബ് നമസ്ക്കാരം കഴിഞ്ഞാൽ നോമ്പ് തുറക്കാനുള്ള ചെറിയ ഇടവേള മാത്രമാണുള്ളത്. എട്ട് മണിയോടെ ഇശാ നമസ്ക്കാരം. ഉടൻ തന്നെ നോമ്പ് തുറന്ന് വീണ്ടും പള്ളിയിലെത്തിയാൽ മാത്രമെ ഇശാ നമസ്ക്കാരത്തിന്റെ ജമാഅത്ത് കിട്ടുകയുള്ളു.

ഒപ്പം തന്നെ  നോമ്പിന്റെ പ്രത്യേക രാത്രി നമസക്കാരമായ തറാവീഹ് തുടങ്ങുകയായി. എല്ലാംകൂടി തിരക്കിട്ട് ഒമ്പത് മണിക്ക് നമസ്ക്കാരം തീർത്താൽ മാത്രമെ കർഫ്യൂ തുടങ്ങുമ്പോഴേക്കും  പള്ളിയിൽ നിന്ന് ഇറങ്ങാൻ കഴിയുകയുള്ളു. നോമ്പുകാരനായ വ്യാപാരി യാണെങ്കിൽ, നോമ്പ് മുറിക്കാനും നമസ്ക്കാരത്തിനും നോമ്പ് തുറക്കാനുമൊക്കെ സമയം കണ്ടെത്തുന്നതിന് പുറമെ തിരക്കിട്ട് കടകൾ അടയ്ക്കുകയും വേണം. കടയടക്കുന്നതിനിടയിൽ ഇടപാടുകാർ വന്നാൽ അവരെയും തൃപ്തിപ്പെടുത്തേണ്ടതുണ്ട്.

സർക്കാർ ഉത്തരവിലും ഉത്തരവാദപ്പെട്ടവരുടെ പ്രഖ്യാപനങ്ങളിലുമുള്ള അവ്യക്തതയും ആശയക്കുഴപ്പവും കാരണം നോമ്പുകാർക്ക് നോമ്പ് മുറിക്കുന്നത് മുതൽ രാത്രി നമസ്ക്കാരം കഴിയുന്നത് വരെയുള്ള സമയത്ത് ചെയ്ത് തീർക്കാൻ ഒട്ടേറെയുണ്ടെങ്കിലും ഒന്നിനും സമയം കിട്ടുന്നില്ല. ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന  നോമ്പുകാർക്ക് പള്ളിയിൽ നിന്നിറങ്ങിയാൽ പിന്നെ ഭക്ഷണമെന്തെങ്കിലും കിട്ടാനുള്ള തത്രപ്പാടിലാണ്.

ഹോട്ടൽ ഭക്ഷണത്തെ ആശ്രയിച്ച് നോമ്പെടുക്കുന്നവർക്ക് അത്താഴം കഴിക്കാതെ നോമ്പെടുക്കേണ്ട സാഹചര്യമാണുള്ളത്. കോവിഡ് കാലത്തിന് മുമ്പാണെങ്കിൽ നോമ്പുമുറിക്കും നോമ്പ് തുറക്കുമുള്ള ഭക്ഷണങ്ങൾ മിക്കവാറും പള്ളികളിൽ നിന്ന് തന്നെ കിട്ടുമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികൾ കേന്ദ്രീകരിച്ചുള്ള നോമ്പ് തുറകൾ എവിടെയും ഇപ്പോഴില്ല. ചില പള്ളികളിൽ നോമ്പ് മുറിക്കാനുള്ള വിഭവങ്ങൾ മാത്രം ഒരുക്കുന്നുണ്ടെങ്കിലും അതിനും നിയന്ത്രണങ്ങൾ ബാധകമാണ്.

LatestDaily

Read Previous

പി. കെ. രാമൻ അന്തരിച്ചു

Read Next

മാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ: കോവിഡ് -19 പാലിക്കേണ്ട മാനദണ്ഡങ്ങൾ