ഗതാഗതനിയന്ത്രണത്തിൽ അവ്യക്തത

കാഞ്ഞങ്ങാട്:  ജില്ലയിൽ ജൂലായ് 17 മുതൽ പൊതുഗതാഗതം നിരോധിച്ചതായുള്ള ജില്ലാ കലക്ടറുടെ  ഉത്തരവിലെ  അവ്യക്തതമൂലം  ജില്ലയിൽ ഇന്ന് ഗതാഗതം ഭാഗികമായി  സ്തംഭിച്ചു.

കഴിഞ്ഞദിവസം  ജില്ലാ കലക്ടറേറ്റിൽ നടന്ന യോഗത്തിലാണ് പൊതുഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനമായത്. ജില്ലയിൽ കോവിഡ് രോഗവ്യാപന ഭീഷണി വർദ്ധിച്ചതോടെയാണ് ജില്ലാ ഭരണാധികാരിയായ കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനമായത്.

ഇന്നലെ സന്ധ്യയോടെയാണ്   ജില്ലാ കലക്ടർ  ഗതാഗതത്തിന് നിരോധനമില്ലെന്ന   തരത്തിൽ  നവമാധ്യമങ്ങൾ  വഴി സന്ദേശം പുറത്തിറക്കിയത്.  കാസർകോട്  ജില്ലാതിർത്തിയായ കാലിക്കടവ് വരെ  പൊതുഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി  അറിയിച്ച ജില്ലാ കലക്ടർ ഇന്നലെ  വൈകുന്നേരത്തോടെയാണ്  നിയന്ത്രിത രീതിയിൽ  പൊതുഗതാഗതമാകാമെന്നും  ഗതാഗതത്തിന്  നിരോധനമില്ലെന്നും  വ്യക്തമാക്കിയത്.

ജില്ലാ  കലക്ടറുടെ ഉത്തരവിലെ  അവ്യക്തത  മൂലം ജില്ലയിൽ നാമമാത്രമായുണ്ടായിരുന്ന സ്വകാര്യ ബസ് സർവ്വീസ്  ഇന്നത്തെ ദിവസം  നടന്നില്ല. കെ.എസ്.ആർ.ടി.സി. ബസ്സുകൾ മാത്രമാണ് പേരിന് സർവ്വീസ് നടത്തിയത്.  ഗതാഗത നിരോധനമില്ലെന്ന  കലക്ടറുടെ വാക്ക് വിശ്വസിച്ച് അത്യാവശ്യകാര്യങ്ങൾക്കായി  പുറത്തിറങ്ങിയ പൊതുജനം ഇന്ന് പെരുവഴിയിലുമായി.

ജൂലായ് 31 വരെ നിയന്ത്രിത രീതിയിൽ പൊതുഗതാഗതമാകാമെന്ന്  ജില്ലാ കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്. 

LatestDaily

Read Previous

താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

Read Next

കോവിഡ് : ജില്ലാശുപത്രിയിലെ സ്ത്രീകളുടെ വാർഡ് അടച്ചിട്ടു