പ്രോസിക്യൂഷൻ പരാജയം: കാസർകോട്ട് മൂന്ന് കൊലക്കേസ് പ്രതികളെ വെറുതെ വിട്ടു

കാസര്‍കോട്: കാസർകോട് നടന്ന പ്രമാദമായ കൊല കേസുകളിൽ പ്രതികളെ വെറുതെ വിട്ടുകൊണ്ട് വിധി വരുന്നത് തുടർക്കഥയാകുന്നു.

നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ് വധം അടക്കം കാസര്‍കോട് ജില്ലയിലെ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വിട്ടയച്ചു. സന്ദീപ് വധക്കേസിലെ പ്രതികളായ പൊവ്വലിലെ മുഹമ്മദ് റഫീഖ് 35, ഫോര്‍ട്ട് റോഡിലെ ഷഹല്‍ ഖാന്‍ 35, ചെങ്കള നാലാംമൈല്‍ സ്വദേശി പി.എ അബ്ദുല്‍ റഹ്മാന്‍ 48, വിദ്യാനഗറിലെ എ.എ അബ്ദുല്‍ സത്താര്‍ 42, ചെങ്കള തൈവളപ്പിലെ കെ.എം അബ്ദുല്‍ അസ്ലം 38, ഉളിയത്തടുക്കയിലെ എം. ഹാരിസ് 38, അണങ്കൂരിലെ ഷബീര്‍ 36, ഉളിയത്തടുക്കയിലെ മുഹമ്മദ് റാഫി 40, എന്നിവരെയാണ് വിട്ടയച്ചത്.

മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അബ്ദുല്‍സത്താര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ കൊടിബയലിലെ മുഹമ്മദ് ഫാറൂഖ്, ഇബ്രാഹിം ഖലീല്‍, സൈനുദ്ദീന്‍ എന്നിവരെയും അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സി.പി.എം പ്രവര്‍ത്തകനായ നാരായണനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിജയന്‍, ശ്രീനാഥ്, പുഷ്പരാജ്, ആനന്ദ് എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (രണ്ട്) കോടതി വിട്ടയച്ചത്.

നാരായണനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെല്ലാം ബി.ജെ.പി പ്രവര്‍ത്തകരാണ്. സന്ദീപ് വധക്കേസില്‍ ഒമ്പത് പ്രതികളാണ് കേസിലുള്ളതെങ്കിലും എട്ട് പ്രതികളാണ് വിചാരണ വേളയില്‍ ഹാജരായത്.

ഒരു പ്രതിക്കെതിരെയുള്ള വിചാരണ പിന്നീട് നടക്കും. അബ്ദുല്‍സത്താര്‍ വധക്കേസില്‍ നാലുപ്രതികളുണ്ടെങ്കിലും മൂന്നുപ്രതികളാണ് ഹാജരായത്. വിചാരണക്ക് ഹാജരാകാത്ത പ്രതിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

2008 ഏപ്രില്‍ 14 ന് വിഷു ദിവസം രാത്രി 7.45 മണിയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് സന്ദീപ് 24, കുത്തേറ്റു മരിച്ചത്. 25 സാക്ഷികളില്‍ 18 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

സന്ദീപ് വധക്കേസിലെ പ്രധാനസാക്ഷികള്‍ അടക്കം ഭൂരിഭാഗം സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു. സുഹൃത്ത് ഹരിപ്രസാദിനൊപ്പം നടന്നുപോകുന്നതിനിടെ വഴിയരികിലെ കെട്ടിടത്തിനു സമീപം   മൂത്രമൊഴിക്കുമ്പോള്‍ സെക്യൂരിറ്റിയുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.

ഇത് പിന്നീട് വര്‍ഗീയ സംഘര്‍ഷമായി കാസര്‍കോട്ട് പടരുകയും അഡ്വ. സുഹാസ്, സിനാന്‍, മുഹമ്മദ് തുടങ്ങിയവര്‍ കൊല്ലപ്പെടുന്നതില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതില്‍ സിനാന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെവിട്ടിരുന്നു.

മുഹമ്മദ് വധക്കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവരികയാണ്. അഡ്വ. സുഹാസ് വധക്കേസിന്റെ വിചാരണ  തലശ്ശേരി കോടതിയിലാണ് നടക്കുന്നത്.

2008 ഡിസംബര്‍ 21നാണ് കൈക്കമ്പ പൈവളിഗെയില്‍ വെച്ച് അബ്ദുല്‍സത്താര്‍ കുത്തേറ്റ് മരിച്ചത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുകയായിരുന്നു.

നാരായണന്‍ കൊല്ലപ്പെട്ടത് 2015 ആഗസ്ത് 28നാണ്. സി.പി.എം പതാക നശിപ്പിച്ചതിനെ ചോദ്യം ചെയ്ത വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. ഈ കേസിലും ഭൂരിഭാഗം സാക്ഷികളും കൂറുമാറി.

ജില്ലയിലെ പലകേസുകളിലും പ്രതികൾ കൂട്ടത്തോടെ വിട്ടയക്കപ്പെടുന്നത് ജനങ്ങളിൽ പരക്കെ ആശങ്ക പരത്തുന്നുണ്ട്.

കേസന്വേഷണത്തിൽ പോലീസിന്റെയും തുടർ നടപടികളിൽ പ്രോസിക്യൂഷന്റെയും തികഞ്ഞ അലംഭാവമാണ് നാടിനെ നടുക്കിയ കേസുകളിൽ നീതിപീഠത്തെ നിസ്സഹായാവസ്ഥയിലാക്കി പ്രതികൾ രക്ഷപ്പെടാൻ കാരണമാകുന്നത്.

ഇതിനെതിരെ പൊതുസമൂഹം പ്രതികരിക്കാത്തതും ക്രിമിനലുകൾക്ക് വളമാകുന്നുണ്ട്.

ബാബരിപ്പള്ളി തകർക്കലിന് ശേഷം നടന്ന ഭൂരിഭാഗം വർഗീയ കൊലക്കേസുകളും ശിക്ഷിക്കപ്പെടാതെ പ്രതികൾ രക്ഷപെട്ടത് കാസർകോട്ട് വർഗീയ ക്രിമിനലുകൾക്ക് തഴച്ചുവളരാൻ സഹായകമായി.

ഇത് കാലാകാലങ്ങളായി മുതലെടുക്കുന്നത് വർഗീയ രാഷ്ട്രീയ കക്ഷികളാണ്.

LatestDaily

Read Previous

ചാ​ർ​ട്ടേഡ് വി​മാ​ന​ത്തി​ലെ​ത്തി​യ യു​വ​തി സ്വ​ർ​ണ്ണവുമായി പി​ടി​യി​ൽ

Read Next

കാറിലെത്തിയ മൂന്നംഗ സംഘം വ്യാപാരിയിൽ നിന്ന് പണം തട്ടിപ്പറിച്ചു