ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പൊതുമേഖലാ സ്ഥാപനമായ കാസർകോട്ടെ ഭെൽ– ഇഎംഎൽ കമ്പനിയിൽ തൊഴിലാളികൾ നടത്തുന്ന സമരം നൂറു ദിവസവും പിന്നിട്ട് അനന്തമായി നീളുകയാണ്. ഒരു വർഷത്തിലധികമായി അടച്ചിട്ട കമ്പനി തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്രസർക്കാരാണ് ഇനി കനിയേണ്ടത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന കമ്പനിയെ കേന്ദ്രസർക്കാർ കയ്യൊഴിഞ്ഞിട്ട് രണ്ടര വർഷത്തിലധികമായതോടെ സ്ഥാപനത്തിൽ ജോലിയെടുത്തിരുന്ന ജീവനക്കാരെല്ലാം മുഴുപ്പട്ടിണിയിലാണ്.
സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നൂറ്റി എൺപത്തഞ്ച് ജീവനക്കാർക്ക് ഇരുപത്തൊമ്പത് മാസമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. കമ്പനിയുടെ ഒാഹരി കൈമാറ്റത്തിന് കേന്ദ്രസർക്കാർ അന്തിമ അനുമതി നൽകാത്തതാണ് നിലവിലെ പ്രതിസന്ധികൾക്കെല്ലാം കാരണം. ഒാഹരി കൈമാറാൻ കോടതി നിർദ്ദേശമുണ്ടായിട്ടും ഫലമുണ്ടായിട്ടില്ല. കമ്പനിയിലെ മുഴുവൻ തൊഴിലാളി യൂണിയനുകളും ചേർന്നുള്ള സംയുക്ത സമരസമിതിയാണ് അതിജീവനത്തിന് വേണ്ടി നൂറ് ദിവസത്തിലധികമായി സമരവഴിയിലുള്ളത്. ജനുവരി മാസത്തിലാംരംഭിച്ച സമരം തീരുമാനമാകാതെ നീണ്ടു പോകുന്നതിന് കാരണം, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയല്ലാതെ മറ്റൊന്നല്ല. മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് സർക്കാറിന്റെ അനാസ്ഥ മൂലം തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നത്.
കേന്ദ്രസർക്കാർ അടച്ചു പൂട്ടിയ സ്ഥാപനം ഏറ്റു വാങ്ങാൻ കേരള സർക്കാർ തയ്യാറാണെങ്കിലും സ്ഥാപനം, സംസ്ഥാന സർക്കാരിന് വിട്ടു കൊടുക്കാൻ കേന്ദ്ര സർക്കാർ വിമുഖത കാണിക്കുന്നതിന്റെ കാരണം വ്യക്തമല്ല. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സമരപ്പന്തൽ സന്ദർശിച്ച് സമരം ചെയ്യുന്ന തൊഴിലാളികളെ അഭിസംബോധന ചെയ്ത് വാഗ്ദാനങ്ങൾ ചൊരിഞ്ഞിരുന്നെങ്കിലും, ഈ വാഗ്ദാനങ്ങളെല്ലാം ജലരേഖയായിത്തീർന്നിരിക്കുകയാണ്. രാഷ്ട്രീയ നേതൃത്വങ്ങൾ മൂന്ന് നേരം മൃഷ്ടാന്ന ഭക്ഷണം കഴിക്കുമ്പോൾ, തൊഴിൽ രഹിതരായ ഭെൽ–ഇഎംഎൽ കമ്പനി തൊഴിലാളികൾക്ക് കണ്ണീരുപ്പ് കലർന്ന അരവയർ ഭക്ഷണം കഴിക്കാനാണ് വിധി.
തൊഴിൽ സ്ഥാപനം അടച്ചിട്ടതോടെ പെരുവഴിയിലായ ജീവനക്കാരുടെ കുടുംബങ്ങൾ അരക്ഷിതാവസ്ഥയിലാണുള്ളത്. ഇവരുടെ സങ്കടങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തികഞ്ഞ പരാജയമായിരുന്നുവെന്ന് തന്നെ പറയേണ്ടിവരും. നൂറ് ദിവസം പിന്നിട്ട തൊഴിൽ സമരം പരിഹരിക്കുന്നതിൽ കാര്യമായ ഇടപെടലുകൾ രാഷ്ട്രീയ പാർട്ടികളൊന്നും തന്നെ നടത്തിയിട്ടില്ലെന്ന് വേണം കരുതാൻ. താൽക്കാലിക വാഗ്ദാനങ്ങൾക്ക് പകരം ശാശ്വതമായ പ്രശ്ന പരിഹാരമാണ് തൊഴിലാളികൾക്കാവശ്യം.
ഭെൽ–ഇഎംഎൽ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം സംസ്ഥാന സർക്കാരിന് കൈമാറുന്നതിനുള്ള തടസ്സമെന്താണെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. സ്ഥാപനം ഏറ്റെടുക്കാൻ തയ്യാറായി സംസ്ഥാനസർക്കാർ നിൽക്കുമ്പോൾ അത് കൈമാറാതെ തീരുമാനം വലിച്ചുനീട്ടിക്കൊണ്ടു പോകുന്നതിന്റെ കാരണമെന്തെന്ന് വ്യക്തവുമല്ല. പൊതുമേഖലാ സ്ഥാപനത്തിന്റെ കൈമാറ്റത്തിന് തടസ്സമായി നിൽക്കുന്ന പ്രതിബന്ധങ്ങൾ തട്ടിമാറ്റി സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കുകയെന്ന എന്നതാണ് രാഷ്ട്രീയ പാർട്ടികൾ തൊഴിലാളികളോട് ചെയ്യുന്ന സൽപ്രവൃത്തി ഭെൽ–ഇഎംഎൽ ജീവനക്കാരെ സംരക്ഷിക്കാൻ നടപടി വേണമെന്ന് കാസർകോട് ജില്ലാപഞ്ചായത്ത് കേന്ദ്ര–സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടിട്ടുണ്ടെന്നുള്ള കാര്യം സ്വാഗതാർഹമാണ്.
കേന്ദ്രമായാലും സംസ്ഥാനമായാലും സ്ഥാപനം തുറന്ന് പ്രവർത്തിക്കാനുള്ള അടിയന്തിര നടപടിയാരംഭിക്കണം. പട്ടിണിയിലായ കുടുംബങ്ങളുടെ യാതനകൾ തിരിച്ചറിയാൻ ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയ്യാറായാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുകയുള്ളൂ. വിശക്കുന്ന വയറുകൾക്ക് വാഗ്ദാനങ്ങളല്ല വേണ്ടതെന്ന തിരിച്ചറിവ് രാഷ്ട്രീയ നേത-ൃത്വങ്ങൾക്ക് ഉണ്ടാകാത്ത കാലത്തോളം പ്രശ്നം പരിഹൃതമാകില്ല.