ബേക്കൽ ഡിവൈഎസ്പി ഓഫീസ് കൂനിന്മേൽ കുരുവാകും

ബേക്കൽ: കാസർകോട് ജില്ലയിൽ പുതുതായി രൂപം കൊണ്ട സബ്ഡിവിഷൻ ഓഫീസ് വേണ്ടിയിരുന്നത് മലയോര മേഖലയിലുള്ള പോലീസ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു. പുതിയ ബേക്കൽ പോലീസ് സബ്ഡിവിഷൻ പൊതുജനങ്ങൾക്കും പോലീസുദ്യോഗസ്ഥരുൾപ്പെടെ നിയമപാലകർക്കും കൂനിൻമേൽ കുരുവാകും. ബേക്കലിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള രാജപുരം, ആദൂർ, ബേഡകം പോലീസ് സ്റ്റേഷനുകളെയും അമ്പലത്തറ, മേൽപ്പറമ്പ് , ബേക്കൽ പോലീസ് സ്റ്റേഷനുകളെയും ഉൾപ്പെടുത്തി അശാസ്ത്രീയമായ രീതിയിലാണ് സബ് ഡിവിഷൻ രൂപീകരിച്ചിട്ടുള്ളത്.

കാസർകോട്, കാഞ്ഞങ്ങാട് പോലീസ് സബ്ഡിവിഷനുകളിൽ നിന്നും മൂന്ന് വീതം പോലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തിയാണ് പുതിയ സബ് ഡിവിഷൻ പ്രവർത്തനമാരംഭിച്ചത്. ശാസ്ത്രീയമായി പരിശോധനകളൊന്നും കൂടാതെയാണ് ബേക്കൽ സബ് ഡിവിഷൻ നിലവിൽ വന്നതെന്ന് ആക്ഷേമുയർന്നു. ബേക്കൽ സബ് ഡിവിഷൻ ഓഫീസ് പൊതുജനങ്ങൾക്ക് വരും നാളിൽ വലിയ ദുരിതമാവും. മലയോര മേഖലയിൽ അടുത്തുള്ള പോലീസ് സ്റ്റേഷനുകളായ രാജപുരം, ബേഡകം, വെള്ളരിക്കുണ്ട്, ചിറ്റാരിക്കാൽ, അമ്പലത്തറ, ആദൂർ സ്റ്റേഷനുകൾ ഉൾപ്പെടുത്തി മലയോരം കേന്ദ്രീകരിച്ച് പോലീസ് സബ്ഡിവിഷൻ ഓഫീസിന് സാധ്യതകളുണ്ടായിരുന്നുവെങ്കിലും മലയോരത്തിന്റെ സാധ്യതകളെ തട്ടിമാറ്റിയാണ് ബേക്കലത്ത് പുതിയ ഡിവൈഎസ്പി ഓഫീസ് നിലവിൽ വന്നത്.

മലയോര മേഖലയിൽ പോലീസ് സബ്ഡിവിഷൻ വന്നിരുന്നുവെങ്കിൽ ഹോസ്ദുർഗ്ഗ്, നീലേശ്വരം, ചീമേനി, ചിറ്റാരിക്കാൽ, ബേക്കൽ, മേൽപ്പറമ്പ് പോലീസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി കാഞ്ഞങ്ങാട് സബ്ഡിവിഷനും കുമ്പള, മഞ്ചേശ്വരം, ബേഡഡുക്ക, വിദ്യാനഗർ, കാസർകോട്, ട്രാഫിക് പോലീസ് സ്റ്റേഷൻ കാസർകോടിനെയും ഉൾപ്പെടുത്തി കാസർകോട് സബിഡിവിഷനും നിലനിർത്താമായിരുന്നു. ഇത്തരത്തിൽ മൂന്ന് സബ്ഡിവിഷനുകൾ പരാതിക്കിടയില്ലാത്ത വിധം അതാത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രയോജനപ്പെട്ടേനെ.

മലയോരമേഖലയിലുള്ള ജനങ്ങൾക്ക് ബേക്കൽ ഡിവൈഎസ്പി ഓഫീസിലെത്തണമെങ്കിൽ കാഞ്ഞങ്ങാട് ഓഫീസിലെത്തുന്നതിനെക്കാൾ കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതായി വരും. മലയോരത്തെ സ്റ്റേഷനുകളിൽ നിന്നും ബേക്കൽ ഡിവൈഎസ്പി ഓഫീസിലെത്താൻ പോലീസുദ്യോഗസ്ഥർക്കും കൂടുതൽ ദൂരം സഞ്ചരിക്കേണ്ടതായി വരും. സബ് ഡിവിഷൻ ഓഫീസുകൾ സ്ഥാപിച്ചത് പുനഃപരിശോധിച്ച് മലയോരം കേന്ദ്രീകരിച്ച് ഡിവൈഎസ്പി ഓഫീസ് നിലവിൽ വരണമെന്നാണ് ആവശ്യം.

Read Previous

എലിവിഷം കലർത്തിയത് ഐസ്ക്രീമിൽ യുവതികൾ അപകടനില തരണം ചെയ്തില്ല

Read Next

സൈബർ സെൽ സഹായം തേടും