കാസർകോട് എയിംസിനായി സമരകാഹളം

സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തി ജില്ലയായ കാസർകോട് മറ്റിതര മേഖലപോലെ ആതുരശ്രുശ്രൂഷാ രംഗത്തും ഇപ്പോഴും മുടന്തി നടക്കുന്ന പരുവത്തിലാണ്.

നാടിന്റെ സർവതോത്മുഖ വികസനത്തിന് ആക്കം കൂട്ടുകയെന്ന ലക്ഷ്യവുമായി 1984 ൽ  ജില്ല പിറവിയെടുത്തെങ്കിലും, നിർഭാഗ്യവശാൽ നീണ്ട മൂന്നര പതിറ്റാണ്ട് കാലം ജില്ല പിന്നിട്ടത് വികസനത്തിന്റെ സങ്കട ദൂരമാണ്‌.

സമഗ്രവികസനമെന്നത് ജില്ലക്കിന്നും മരീചിക മാത്രം. ആസ്ഥാനവും അനുബന്ധ സർക്കാർ സ്ഥാപനങ്ങളും ഉയർന്നെങ്കിലും സർവ മേഖലയിലും  കാലത്തിനൊത്ത മാറ്റത്തിന്റെ വാതായനങ്ങൾ ഇനിയുമിവിടെ തുറക്കപ്പെട്ടില്ല.

ആരോഗ്യ മേഖലയിലാണ് ജില്ലയുടെ ദയനീയ മുഖം  ഏറ്റവും പ്രകടമായി കാണാനാവുക. നൂതന സൗകര്യങ്ങളോടെയുള്ള  ആശുപത്രികൾ, വിദഗ്ധ ഡോക്ടർമാർ ,പാരാമെഡിക്കൽ വിഭാഗം എന്നിവയുടെ അപര്യാപ്തത ജില്ലയിലിന്നും മുഴച്ചു നിൽക്കുന്നു.

തെക്കൻ ജില്ലകളിലുള്ളവരെ പണിഷ്മെന്റ് ട്രാൻഫർ നടത്താനുള്ള ഇടമായി കാണുന്ന ഭരണകൂട മനോഭാവത്തിന് ഇപ്പോഴും മാറ്റമില്ല. തെക്കുനിന്നും സ്ഥലംമാറ്റം വഴിയും ഉദ്യോഗക്കയറ്റം ലഭിച്ചും ഇവിടെയെത്തിയാൽ തിരിച്ചങ്ങോട്ട് വണ്ടി കയറാൻ അവർക്ക് തിടുക്കമാണ്.

ഭരണസ്വാധീനത്തിൽ നാട്ടിലേക്കുള്ള തിരിച്ചു പോക്കിന്റെ ഉത്തരവിന്നായുള്ള പരക്കംപാച്ചിലിൽ അനാഥമാകുന്നത് ഇവിടുത്തെ  സർക്കാർ സംവിധാനമാകെയാണ്.

വകുപ്പ് മേധാവി അടക്കമുള്ള ഉയർന്ന തസ്തികകൾ പോലും ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്നത് ജില്ലയുടെ  എക്കാലത്തേയും ശാപമാണ്.

രാജ്യം ശ്രദ്ധിച്ച  എൻഡോസൾഫാൻ ഇരകളുടെ നാടാണിത്.

എൺമകജെ അടക്കമുള്ള കാസർകോടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ മിക്കതും ഈ മാരക വിഷം തളിച്ചതിലൂടെ  തലമുറയാകെ ജീവച്ശ വങ്ങളായി ജീവിതം തള്ളിനീക്കാൻ തുടങ്ങിയിട്ട് ഏറെ വർഷങ്ങളായി.

ഇവരുടെ പുനരധിവാസത്തിന്നായുള്ള പ്രത്യേക പാക്കേജ് പോലും യഥാവിധി നടപ്പിലാക്കാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം നിലനില്ക്കുകയാണ്.

സംസ്ഥാനത്തെ മറ്റിതര ജില്ലകളിൽ സർക്കാർ – സ്വകാര്യ മേഖലകളിലായി ഒന്നിലധികം മെഡിക്കൽ കോളേജുകളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളും നിലവിലുള്ളപ്പോൾ കാസർകോട്ട് ഇതിൽ  ഒന്നെങ്കിലും യഥാർത്ഥ്യമാകാൻ കോവിഡ് കാലംവരെ കാത്തിരിക്കേണ്ടിവന്നു.

ബദിയെടുക്ക ഉക്കിനടുക്കയിലെ  സർക്കാർ മെഡിക്കൽ കോളേജ് പൂർണതോതിൽ എന്നാൽ പ്രവർത്തന സജ്ജമായിട്ടുമില്ല.

രോഗം വന്നാൽ മംഗലാപുരമെന്നത് ഇവിടുത്തുകാരുടെ മനസ്സിൽ എന്നോ പതിഞ്ഞുപോയ മനോഭാവമാണ്. ഇതാണ് ആശുപത്രികളുടെ പട്ടണമായി മംഗലാപുരത്തെ മാറ്റിയത്.

ക്രമേണ ഇന്നാട്ടിലെ സമ്പന്നരും ആരോഗ്യ മേഖലയിൽ തങ്ങളുടെ നിക്ഷേപത്തിനും സ്ഥാപന നടത്തിപ്പിന്നും മംഗലാപുരത്തെ കണ്ടു.

കാസർകോടിന്റെ ആതുരശ്രുശ്രൂഷാ മേഖല ഇതുവഴി  നാൾക്കുനാൾ വിളർത്തു.ജില്ലയുടെ ആരോഗ്യ സംവിധാനത്തിന്റെ പിന്നാക്കാവസ്ഥയെ പറ്റി ആരും കാര്യമായി ആലോചിച്ചുമില്ല. ഒരു ന്യൂറോളജിസ്റ്റുപോലും ഇല്ലാത്ത ജില്ലയാണെന്നത് സർക്കാറിനെ അലോസരപ്പെടുത്തിയില്ല.

കോവിഡ് കാലാരംഭത്തോടെ നാടിന്റെ ദൈംന്യമുഖം ലോക ശ്രദ്ധനേടി. ആരോഗ്യ മേഖലയിൽ സ്വയം പര്യാപ്തയുടെ ആവശ്യകത ഭരണകൂടത്തിനും ബോധിച്ചു.

മഹാമാരി ജില്ലയെ വരിഞ്ഞുമുറുക്കിയ ആദ്യ നാളുകളിൽ തലപ്പാടി അതിർത്തി കർണാടക കൊട്ടിയടച്ചതോടെ പതിനാറോളം  ജീവൻ ആവശ്യമായ ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങേണ്ടി വന്നു. ഇന്നാട്ടുകാർക്ക്  ഇതൊരു തിരിച്ചടിയും തിരിച്ചറിവുമായി.

പരശ്ശതം രോഗികൾ ഇനിയെങ്ങോട്ട് എന്ന ആധിയിലായി. ഒരു നാടിന്റെ ആപത് സാഹചര്യം കണ്ട് പല പ്രമുഖരും സ്ഥാപനങ്ങളും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വാഗ്ദത്തം ചെയ്തു. ചട്ടഞ്ചാലിലെ ടാറ്റാ ആശുപത്രി മാത്രമാണ് , പക്ഷേ പ്രതീക്ഷകൾക്ക് ചിറക് നൽകി പൂവണിയാനിരിക്കുന്നത്.

ഇത്കൊണ്ടൊന്നും ഒരു ജനതയുടെ ആരോഗ്യ രംഗത്തെ പരാധീനതകൾക്ക് അറുതിയാകില്ലെന്നിടത്താണ് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ആവശ്യത്തിന് വീണ്ടും കാഹളമുയർന്നിരിക്കുന്നത്.

ന്യൂദൽഹി അടക്കം രാജ്യത്ത് 15 ഇടങ്ങളിലായി എയിംസ് പ്രവർത്തിച്ചുവരുന്നു. 2025 ഓടെ എട്ട് എണ്ണം കൂടി നിലവിൽ വരും .ഇതിന് പുറമെ പുതുതായി ആറ് ഇടങ്ങളിൽ കൂടി എയിംസ്  സ്ഥാപിക്കാനാണ്  കേന്ദ്ര സർക്കാറിന്റെ പരിഗണനയിലുള്ളത്.

എൻഡോസൾഫാൻ ദുരിതബാധിതരുടെ അതിജീവനത്തിന്റെ ആദ്യ നാളുകളിൽ തന്നെ കാസർകോട്ട് എയിംസ് സ്ഥാപിക്കണമെന്ന ജനകീയാവശ്യം ഉയർന്ന് വന്നതായിരുന്നു. എന്നാൽ കോവിഡ് കാല പ്രതിസന്ധി കൂടി വന്നെത്തിയതോടെയാണ് ഈ ആവശ്യം കൂടുതൽ സജീവവും ശ്രദ്ധേയവുമാകുന്നത്.

ലോകോത്തര ചികിത്സ ലഭ്യമാക്കാനും ഉയർന്ന ഗവേഷണത്തിനും ഉതകുമെന്നതാണ് എയിംസിന്റെ സവിശേഷത.  ഇതിന്നായി കെട്ടിട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ അധീനതയിലടക്കം ധാരാളം സ്ഥലം ഇവിടെ ലഭ്യമാണ്.

എയിംസ് നേടിയെടുക്കാൻ ചരിത്രപരമായ പരിശ്രമത്തിന് നാടൊന്നാകെ രംഗത്തിറങ്ങിയതാണ് കഴിഞ്ഞ ദിവസം നടന്ന അവകാശ വിളംബരം.

എം എൽ ഏ മാർ അടക്കമുള്ള ജനപ്രതിനിധികളും വിവിധ തുറകളിലെ പ്രമുഖരും സാധാരണക്കാരും വിവിധ കേന്ദ്രങ്ങളിലെ സമര വിളംബങ്ങളിൽ പങ്കാളികളായി.

എല്ലാ വിഭാഗീയതകൾക്കും അതീതമായി നാടും നഗരവും ഒരേ മനസ്സോടെ ഈ ആവശ്യം ഏറ്റെടുത്തു കഴിഞ്ഞു.  രാഷ്ട്രീയ- സാമൂഹിക സംഘടനകൾ മിക്കതും ഈ ആവശ്യമുന്നയിച്ച് സമര പഥത്തിലാണ്.

എയിംസ് ജില്ലയുടെ രോഗാതുരതയ്ക്ക് പരിഹാരമാകുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു.

ഇതിന്നാവശ്യമായ ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നല്കണമെന്നും അവർ ആവശ്യപ്പെടുന്നു.

ജില്ലാ രൂപീകരണകാലത്തിന് ശേഷം മറ്റൊരു ഐതിഹാസിക പോരാട്ടത്തിന്നാണ്  ഈ വടക്കൻദിക്കിൽ കച്ചമുറുക്കുന്നത്.

അധികാര കേന്ദ്രങ്ങൾ കണ്ണുതുറന്ന് കാണുന്നത് വരെ നീളുന്ന മറ്റൊരു നീതിക്ക് വേണ്ടിയുള്ള  പോർമുഖം ഇവിടെ തുറന്നിരിക്കുന്നു.

LatestDaily

Read Previous

ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം വേണമെന്ന് വീണ്ടും ആവശ്യം

Read Next

ദുർഗ്ഗയ്ക്ക് ഇത്തവണയും നൂറുമേനി