പാലക്കുന്നിൽ കർണ്ണാടക സ്വദേശിയെ തലക്കടിച്ച് കൊന്നു കാവൽക്കാരൻ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: പാലക്കുന്ന് കോട്ടിക്കുളത്ത് കർണ്ണാടക സ്വദേശിയായ മദ്ധ്യ വയസ്ക്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വിഷുദിവസം രാത്രി  കോട്ടിക്കുളത്ത് രാത്രി 11-20 മണിയോടെയാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട മദ്ധ്യവയസ്ക്കന്റെ പേരും മേൽവിലാസവും ഇതുവരെ പോലീസിന് ലഭ്യമായിട്ടില്ല. എന്നാൽ കൊലപാതകം നടത്തിയ കോട്ടിക്കുളം സ്വദേശി ഉമേശനെ 35, ബേക്കൽ പോലീസ് ഇന്ന് രാവിലെ പാലക്കുന്നിൽ നിന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

വർഷങ്ങളായി  പാലക്കുന്നിലും പരിസരങ്ങളിലും കണ്ടുവരുന്നയാളാണ് കൊല്ലപ്പെട്ട കർണ്ണാടക  സ്വദേശി. കൂലിപ്പണിയുൾപ്പെടെ ചെയ്തുവരുന്ന മദ്ധ്യവയസ്ക്കൻ കടത്തിണ്ണയിലും കോട്ടിക്കുളം റെയിൽവെ സ്റ്റേഷനിലുമായാണ് രാത്രി സമയത്ത് അന്തിയുറങ്ങുന്നത്. ഇന്ന് പുലർച്ചെ സുബ്്ഹി നിസ്ക്കരിക്കാൻ കോട്ടിക്കുളം പള്ളിയിലേക്ക് പോവുകയായിരുന്നവരാണ് കോട്ടിക്കുളത്തെ കെ.എ. ട്രേഡേഴ്സ് എന്ന തേങ്ങ വ്യാപാര സ്ഥാപനത്തിൽ ഒരാളെ മരിച്ച് കിടക്കുന്നതായി കണ്ടത്.

150 മീറ്റർ അകലെയുള്ള ബേക്കൽ പോലീസിൽ വിവരമറിയിക്കുകയും, പോലീസ് സ്ഥലത്തെത്തി മൃതദേഹം കിടന്ന കടയിലേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ ബന്തവസ്സേർപ്പെടുത്തുകയും ചെയ്തു. രാവിലെ മൃതദേഹം പരിശോധിച്ചപ്പോൾ തന്നെ മരണം കൊലപാതകമാണെന്ന സൂചന ലഭിച്ചു. തലയ്ക്കും നെഞ്ചിലും മുറിവേറ്റ പരിക്കുകൾ കണ്ടെത്തി. കടവരാന്തയിൽ മലർന്ന് കിടന്ന നിലയിലാണ് ജഡം. മരപ്പലക കഷണം കൊണ്ട് തലയ്ക്കടിച്ചാണ് പോലീസ് കസ്റ്റഡിയിലുള്ള പ്രതി മദ്ധ്യവയസ്ക്കനെ കൊലപ്പെടുത്തിയതെന്നാണ് സൂചന.

കൊലക്കുപയോഗിച്ചതെന്ന് കരുതുന്ന ബലമുള്ള നീളം കൂടിയതുമായ മരപ്പലക മൃതദേഹം കിടന്നിരുന്ന കടയ്ക്ക് സമീപത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപയോഗ ശൂന്യമായ കാറിന്റെ ടയർ ഉപയോഗിച്ച് കൊലപാതകത്തിന് മുമ്പ് പ്രതി മദ്ധ്യവയസ്ക്കനെ അടിച്ച് പരിക്കേൽപ്പിച്ചതായി വ്യക്തമായി. ടയർ പോലീസ് ബന്തവസ്സിലെടുത്തു. പോലീസ് കസ്റ്റഡിയിലുള്ള ഉമേശൻ കോട്ടിക്കുളം സ്വദേശിയാണ്. മൃതദേഹം കിന്നിരുന്ന കടയുടെ തൊട്ട് പിറകിലുള്ള പ്രവാസി സഫറുള്ളയുടെ ഇപ്പോൾ ആൾത്താമസമില്ലാത്ത വീട്ടിലെ  രാത്രി കാവൽക്കാരനാണ് ഉമേശൻ.

സഫറുള്ളയുടെ വീടിനെ കൂടാതെ കടയുടെ പിന്നിലായി സഫറുള്ളയുടെ സഹോദരിയുടെയും അനുജന്റെയും മകന്റേതടക്കമുള്ള വീടുകളുണ്ടെങ്കിലും, ഒരു വീട്ടിലും ഇപ്പോൾ ആൾത്താമസമില്ല. സഫറുള്ളയുടെ സഹോദരിയും കുടുംബവും അമേരിക്കയിലും മറ്റുള്ളവരെല്ലാം ഗൾഫ് രാജ്യങ്ങളിലുമാണ് കുടുംബ സമേതമുള്ളത്. കുടുംബത്തിലെ ഒരാൾ നാട്ടിൽ വന്ന് 10 ദിവസം മുമ്പാണ് കോട്ടിക്കുളത്തെ വീട്ടിൽ നിന്നും ഗൾഫിലേക്ക് മടങ്ങിയത്. കർണ്ണാടക സ്വദേശി കൊല്ലപ്പെട്ടത് കടവരാന്തയിൽ വച്ചല്ലെന്നും സഫറുള്ളയുടെ വീടിന്റെ ഗേറ്റിനകത്തുവെച്ച് വീടിനോട് ചേർന്നുള്ള സ്ഥലത്തുവെച്ചാണെന്നും വ്യക്തമായിട്ടുണ്ട്.

ഉച്ചയോടെ സ്ഥലത്ത് തെളിവെടുപ്പിനെത്തിയ  പോലീസ് നായ കൊലപാതകത്തിനുപയോഗിച്ച മരകഷണം മണത്ത ശേഷം സഫറുള്ളയുടെ വീട്ടുപരിസരത്തേക്ക് ഓടി തിരിച്ചെത്തുകയായിരുന്നു. ഉമേശനെ ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ കൊലപാതകത്തിന്റെ കാരണം  വ്യക്തമാകും. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മൃതദേഹം കണ്ട കെ.എ. ട്രേഡേഴ്സ് കട ചെറുവത്തൂർ മയിച്ച സ്വദേശി ബിജുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ബേക്കൽ ഡിവൈഎസ്പി കെ.ഏ. ബിജുവും പോലീസ് ഇൻസ്പെക്ടർ രതീഷും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഏഎസ്ഐ മനോജ്കുമാറിന്റെ നേതൃത്വത്തിൽ മൃതദേഹത്തിന് രാവിലെ മുതൽ കാവലേർപ്പെടുത്തി.

LatestDaily

Read Previous

കേന്ദ്ര സർവ്വകലാശാലയിലെ ചട്ടവിരുദ്ധ നിയമനത്തിനെതിരെ പരാതി

Read Next

വിഷു ദിനത്തിൽ രണ്ടുപേർ പുഴയിൽ മുങ്ങി മരിച്ചു