മദ്യം കടത്തിയ ലോറികൾ വിട്ടയക്കാൻ പോലീസ് ₨ 80,000 കൈക്കൂലി വാങ്ങി

കാഞ്ഞങ്ങാട്: കർണ്ണാടകയിൽ നിന്ന് ടാങ്കർ ലോറിയിൽ  3 ലക്ഷം രൂപ വില വരുന്ന വിദേശ മദ്യം കടത്തിയ ലോറി വിട്ടയക്കാൻ ഹൈവേ പോലീസ് 80,000 രൂപ കൈക്കൂലി വാങ്ങി. പൊയ്നാച്ചി മുതൽ തലപ്പാടി കേരള അതിർത്തി വരെ ദേശീയപാതയുടെ ചുമതലയുള്ള പോലീസ് വാഹനം കിലോ വണ്ണിൽ സംഭവ ദിവസം ഡ്യൂട്ടി ചെയ്ത തൃക്കരിപ്പൂർ സ്വദേശിയായ ഗ്രേഡ് എസ്ഐയാണ് ലോറിക്കാരിൽ നിന്ന് 80,000 രൂപ കൈക്കൂലി വാങ്ങിയത്.

ജൂൺ 8-ന് നടന്ന കൈക്കൂലി ഇടപാട് പുറത്തുവരാൻ കാരണം പണം വീതിക്കുന്നതിലുണ്ടായ തർക്കമാണ്. സംഭവ ദിവസം രാത്രി ഒരു മണിക്ക് മൂന്ന് ടാങ്കർ ലോറികളാണ് കർണ്ണാടക വിദേശ മദ്യവുമായി തലപ്പാടി ചെക്ക് പോസ്റ്റ് കടന്നു വന്നത്.  മൂന്ന് ലോറികളിലും കാബിനുകളിൽ മൂന്ന്  ലക്ഷം രൂപ വിലവരുന്ന വിലകൂടിയ സ്കോച്ച് വിസ്കികൾ അടക്കമുള്ള മദ്യക്കുപ്പികളായിരുന്നു.

മൂന്ന് വണ്ടികളും കേസ്സെടുക്കാതെ വിട്ടയക്കാൻ പുലർകാലം റോഡിൽ തന്നെ ഹൈവേ പോലീസ് ഗ്രേഡ് എസ്ഐയും, ലോറി ഡ്രൈവർമാരും ചർച്ച നടത്തി. ഒടുവിൽ ഒരു ലോറിയും മദ്യവും വിട്ടയക്കാനും, രണ്ട് ലോറികളുടെ പേരിൽ കേസ്സെടുക്കാനും ഗ്രേഡ് എസ്ഐയുമായി ധാരണയുണ്ടാക്കി. മഞ്ചേശ്വരം സബ് ഇൻസ്പെക്ടറെ ഗ്രേഡ് എസ്ഐ പുലർകാലം വിളിക്കുകയും,  രണ്ട് ലോറികളിൽ നിന്ന് മദ്യം പിടികൂടിയ കാര്യം അറിയിക്കുകയും, മഞ്ചേശ്വരം എസ്ഐ, എൻ. പി. രാഘവൻ ഉടൻ സ്ഥലത്തെത്തി രണ്ട് ലോറികളും മദ്യക്കുപ്പികളും കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനിലെത്തിച്ച് കേസ്സ് രജിസ്റ്റർ ചെയ്തു.

അപ്പോഴേക്കും മൂന്നാമത്തെ ലോറിയും ഈ ലോറിയിൽ കടത്തിയ മൂന്ന് ലക്ഷം രൂപ  വിലമതിക്കുന്ന മദ്യക്കുപ്പികളും ഗ്രേഡ് എസ്ഐയും ഹൈവേ  വണ്ടിയിലുണ്ടായിരുന്ന പോലീസുകാരും വിട്ടയച്ചിരുന്നു. ഒരു ലോറിയും അതിൽ കടത്തിയ മദ്യവും വിട്ടയക്കാൻ ഒരു ലക്ഷം രൂപയാണ് ഗ്രേഡ് എസ്ഐ കൈക്കൂലി ഉറപ്പിച്ചത്. മുൻകൂർ തുക 80,000 രൂപ അപ്പോൾ തന്നെ ഗ്രേഡ് എസ്ഐ കൈപ്പറ്റി.

ബാക്കിവന്ന 20,000 രൂപയ്ക്ക് ഗ്രേഡ്എസ്ഐ,   മൂവാറ്റുപുഴയിലുള്ള   ലോറിയുടമയെ മൂന്നാഴ്ചക്കാലം നിരന്തരം വിളിച്ചതിനെ തുടർന്നും ഗ്രേഡ് എസ്ഐ കൈപ്പറ്റിയ കൈക്കൂലി തുക സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് വീതിക്കാത്തതിനെ തുടർന്നുമാണ് ഈ കൈക്കൂലി ഇടപാട് നീണ്ട 22 ദിവസത്തിന് ശേഷം പുറത്തു വരാൻ കാരണം. കർണ്ണാടകയിൽ നിന്ന് മൂവാറ്റുപുഴയിലേക്ക്  കടത്തുകയായിരുന്ന വിദേശ മദ്യമാണ് മഞ്ചേശ്വരം പോലീസ് തലപ്പാടി അതിർത്തിയിൽ പിടികൂടിയത്.

LatestDaily

Read Previous

സുകന്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഡിവൈഎഫ്ഐ നേതാവ്

Read Next

രണ്ട് ലോറികളിൽ നിന്ന് പിടികൂടിയത് 37 കെയ്സ് മദ്യം