കരിപ്പൂർ അപകട കാരണം ടേബിൾടോപ്പല്ല

737 ബോയിംഗ് വിമാനമിറക്കാൻ 600 അടി റൺവേ ധാരാളം

കാഞ്ഞങ്ങാട്: കരിപ്പൂരിൽ എയർഇന്ത്യാ എക്സ്പ്രസ് 737 ബോയിംഗ്- 800 വിമാനം അപകടത്തിൽപ്പെടാൻ കാരണം ടേബിൾടോപ്പ് റൺവേ അല്ലെന്ന്  വിദഗ്ധർ.

കരിപ്പൂരിൽ 1600 അടി നീളമുള്ള രണ്ട്  റൺവേകളുണ്ട്. 737 ബോയിംഗ് വിമാനങ്ങൾക്ക് പറന്നിറങ്ങാൻ1600 അടി നീളമുള്ള റൺവേ ധാരാളമാണെന്ന് വ്യോമയാന മേഖലയിലുള്ള വിദഗ്ധർ പറഞ്ഞു.

കുന്നിടിച്ചു നിരത്തി കൈക്കുമ്പിളെന്ന പോലെ നിർമ്മിക്കുന്ന റൺവേയെയാണ് ടേബിൾടോപ്പ് എന്ന് വിളിക്കുന്നത്.

മംഗളൂരുവിൽ 2010-ൽ എയർഇന്ത്യാ എക്സ്പ്രസ് വിമാനം  തകർന്നു വീണത് ടേബിൾടോപ്പ് റൺവേയിലാണ്.

പറന്നിറങ്ങുന്ന വിമാനത്തിന്റെ പിൻചക്രങ്ങൾ ആദ്യമായി റൺവേയിൽ തൊടുന്നതിന് സീബ്രാലൈൻ എന്ന് പറയുന്ന മാർക്കുണ്ട്.  ഈ മാർക്കിൽ കൃത്യമായി  പിൻചക്രങ്ങൾ തൊട്ടാൽ പിന്നീട്  വിമാനത്തിന് മുന്നോട്ട് ഓടാൻ റൺവേയിൽ ധാരാളം സ്ഥലം ലഭിക്കും.

മുന്നോട്ടുള്ള ദൂരത്തിനിടയിൽ ഓട്ടോ ബ്രേയ്ക്കിംഗ് സംവിധാനവും, കാലുകൊണ്ട് പെഡൽ ചവിട്ടിയുള്ള മാന്വൽ ബ്രേയ്ക്കിംഗ് ഉപയോഗിച്ചുമാണ്  റൺവേയിൽ ടയറുകളിലോഓടുന്ന വിമാനത്തെ പൈലറ്റ് പിടിച്ചു നിർത്തുന്നത്.

കാൽ കൊണ്ടുള്ള ബ്രേയ്ക്കിംഗ് സംവിധാനം പൈലറ്റും സഹപൈലറ്റും ഒരു പോലെ ഉപയോഗിക്കും. പെഡൽ ചവുട്ടി കാർ നിർത്തുന്ന അതേസംവിധാനമാണ് ടയറിൽ ഓടുന്ന വിമാനത്തെ പിടിച്ചു നിർത്താൻ ഉപയോഗിക്കുന്നത്.

കരിപ്പൂരിൽ പറന്നിറങ്ങിയ എയർഇന്ത്യ എക്സ്പ്രസ് ബോയിംഗ്് വിമാനത്തെ  റൺവേയിൽ ബ്രേയ്ക്ക് ഉപയോഗിച്ച് നിർത്താൻ മുഖ്യപൈലറ്റ് ദീപക് വസന്ത് സാത്തെക്കും സഹപൈലറ്റിനും കഴിയാതെ പോയതിനാൽ റൺവേയും കടന്നുള്ള പച്ചപ്പിലൂടെ സഞ്ചരിച്ചാണ് വിമാനം കുന്നിന് താഴെ  35 അടിയിലേക്ക് പതിച്ചത്.

നിലം തൊട്ടു കഴിഞ്ഞ വിമാനത്തിന്റെ വേഗത ആവശ്യത്തിലധികമായാൽ ഓട്ടോ ബ്രേയ്ക്കിംഗിലും, പെഡൽ ബ്രേയ്ക്കിംഗിലും, റൺവേയിൽ പിടിച്ചു നിർത്താൻ പ്രയാസമാകും.

മംഗളൂരു വിമാനാപകടത്തിൽ സംഭവിച്ചതും കരിപ്പൂരിൽ സംഭവിച്ചതും, ഏതാണ്ട് ഒരേ രീതിയിലാണ്.

തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂർ, വിമാനത്താവളങ്ങളിൽ ഈ രീതിയിൽ നിലം തൊട്ട വിമാനങ്ങൾക്ക് വീണ്ടും സഞ്ചരിക്കാനുള്ള റൺവേയുടെ നീളം ആവശ്യത്തിലധികമുള്ളതിനാൽ എങ്ങിനെയും നിശ്ചിത ദൂരത്തിനുള്ളിൽ വിമാനത്തെ ബ്രേയ്ക്ക് ചെയ്ത് നിർത്താൻ കഴിയും.

കരിപ്പൂർ  വിമാനത്താവളത്തിൽ നിലവിലുള്ള റൺവേയിൽ നിന്ന് 1000 അടിയിലേക്ക് ദീർഘിപ്പിക്കാനുള്ള ശ്രമങ്ങൾ കഴിഞ്ഞ 10 വർഷക്കാലമായി നടന്നു വരുന്നുവെങ്കിലും നാട്ടുകാർ സ്ഥലം വിട്ടുകൊടുക്കാത്തതിനാൽ റൺവേ വികസനം പാടെ മുടങ്ങിക്കിടക്കുകയാണ്.

ദൽഹിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ പരിശോധിക്കുമെന്ന് കരുതുന്ന അപകടത്തിൽപ്പെട്ട വിമാനത്തിന്റെ കറുത്തപെട്ടി തുറക്കുന്നതോടെ കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനത്തിന് യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് കണ്ടെത്താൻ കഴിയും.

737 ബോയിംഗ്  വിമാനം നിർമ്മിച്ച യുഎസ്സിൽ  നിന്നുള്ള വിദഗ്ധർ എത്തിയാലുടൻ വിമാനത്തിന്റെ കോക്്പിറ്റ് റെക്കാർഡറും ബ്ലാക്ക്ബോക്സ് റെക്കാർഡറും തുറന്നു പരിശോധിക്കും.

കോക്ക്  പിറ്റിൽ അപകടസമയത്ത് പൈലറ്റും സഹപൈലറ്റും പരസ്പരം നടത്തിയ ആശയവിനിമയങ്ങളടക്കമുള്ള മുഴുവൻ വിവരങ്ങളും ഇരു ഇലക്രോണിക്സ് റെക്കാർഡറുകളിൽ നിന്നും വ്യക്തമായി ലഭിക്കും.

LatestDaily

Read Previous

കേസ്സെടുക്കാൻ പാടില്ലെന്ന് എഴുതിയിട്ടില്ല: പ്രോസിക്യൂട്ടർ

Read Next

സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കി