ഏടിഎം തകർത്ത് 24 ലക്ഷം തട്ടിയ പ്രതികൾ അറസ്റ്റിൽ

കണ്ണൂർ: അറസ്റ്റിലായ അന്തർ സംസ്ഥാന ഏടിഎം കവർച്ചാ സംഘത്തെ കോടതി റിമാന്റ് ചെയ്തു.  മാങ്ങാട്ടും, കല്ല്യാശ്ശേരിയിലും ഏടിഎം തകർത്ത് പണം കവർച്ച ചെയ്ത ഹരിയാന മേവാലത്ത് ജില്ലയിലെ നോമാൻ 30, മേവാംഗ് ജില്ലയിലെ സുജുദ് 33, രാജസ്ഥാൻ ഭരത്പൂരിലെ മുവീൻ 30, എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിലെത്തി അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 21-നാണ് മാങ്ങാട്ടെയും, കല്ല്യാശ്ശേരിയിലെയും മൂന്ന് ഏടിഎമ്മുകളിൽ നിന്ന് കവർച്ച സംഘം 24 ലക്ഷം രൂപ കവർന്നത്. ഗ്യാസ് കട്ടറുപയോഗിച്ച് ഏടിഎം മെഷീൻ തകർത്താണ് കവർച്ച. ഏടിഎമ്മുകളിൽ നിന്നും കവർച്ച ചെയ്ത പണം കണ്ടെയ്നറുകളിലാണ് ഹരിയാനയിലേക്ക് കടത്തിയത്. കേസ്സിൽ പ്രതിയായ നൊമാനാണ് കണ്ടെയ്നറുമായെത്തി പണം കൊണ്ടുപോയത്. കവർച്ചാ സംഘത്തിലെ 4 പേരെ ഇനിയും പിടികൂടാനുണ്ട്. കവർച്ച ചെയ്ത 24 ലക്ഷത്തിൽ നിന്നും 16 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.

ആളൊഴിഞ്ഞ സ്ഥലങ്ങളിലുള്ള ഏടിഎമ്മുകൾ കണ്ടെത്തിയാണ് സംഘം കവർച്ച നടത്തിയിരുന്നത്. ഏടിഎമ്മുകളിൽ സുരക്ഷാ കാവൽക്കാരില്ലാത്തതും കവർച്ചക്കാർക്ക് അനുഗ്രഹമായി. ഏടിഎമ്മുകളിലെ നിരീക്ഷണ ക്യാമറകൾ തകർത്താണ് സംഘം കവർച്ച നടത്തിയിരുന്നത്. കവർച്ച നടന്ന പരിസരങ്ങളിലുള്ള നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളാണ് കവർച്ചക്കാരെ കണ്ടെത്താൻ സഹായിച്ചത്. റിമാന്റിലായ സംഘത്തെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് കണ്ണൂർ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പി. ബാലകൃഷ്ണൻ പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയയുടെ നേതൃത്വത്തിൽ കേസ്സിന്റെ അന്വേഷണം തുടരുകയാണ്.

LatestDaily

Read Previous

ഇരു മുന്നണികളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ച തീരുമാനം രണ്ട് ദിവസത്തിനകം

Read Next

നൗഫീറയ്ക്ക് ഭർതൃഗൃഹത്തിൽ ക്രൂര പീഡനമേറ്റുവെന്ന് പിതാവ്