കണ്ണൂർ വിമാനത്താവളത്തിൽ 37 ലക്ഷത്തിന്‍റെ സ്വർണ്ണവേട്ട മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശികളായ നാലു പേരിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം പിടികൂടിയത്.  37 ലക്ഷത്തിന്റെ സ്വർണ്ണമാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ നിന്ന് സ്വർണ്ണം പിടികൂടിയിരുന്നു. ദുബായിൽ നിന്നെത്തിയ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനിൽ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വർണ്ണം  പിടികൂടിയത്.

വിപണിയിൽ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യൻ രൂപ വില വരും. കഴിഞ്ഞ ഞായറാഴ്ച മാത്രം വിമാനത്താവളത്തിൽ നിന്ന് ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടിയിരുന്നു.

കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസർകോട് സ്വദേശികളാണ് ഞായറാഴ്ച പിടിയിലായത്.

വന്ദേഭാരത് ദൗത്യത്തിലൂടെ തിരികെ വരുന്ന പ്രവാസികൾക്കിടയിൽ നിന്നും സ്വർണ്ണം പിടികൂടുന്നത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണ്ണക്കടത്തിന്‍റെ പശ്ചാത്തലത്തിൽ വലിയ വാർത്തയായിരുന്നു. കോവിഡ് കാലമായതിനാൽ നിലവിൽ വിമാനത്താവളങ്ങളിലേക്ക് വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്നമല്ല.

ഈ മാസം ആദ്യവാരവും കഴിഞ്ഞ മാസവുമായി കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ചത് ആറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ്.

LatestDaily

Read Previous

ഡോക്ടർ കൃഷ്ണൻ കീഴടങ്ങിയില്ല

Read Next

നാളെ മുതല്‍ പൊതുഗതാഗതത്തിൽ നിയന്ത്രണം; കടകൾ രാവിലെ 8 മുതൽ 6 വരെ