ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: നൂറ് കോടി രൂപ മുടക്കി കാഞ്ഞങ്ങാട് കാഞ്ഞിരടുക്കത്ത് 2017-ൽ നിർമ്മാണമാരംഭിച്ച സത്യസായ് ധർമ്മാശുപത്രി ഒരിക്കലും യാഥാർത്ഥ്യമാകാതിരിക്കാൻ തുരങ്കം വെച്ചത് മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിക്കൽ ലോബി. രോഗികളിൽ നിന്ന് ഒരു ചില്ലിക്കാശ് പോലും ചികിത്സയ്ക്ക് ഈടാക്കാത്തതും, കാഷ് കൗണ്ടറില്ലാത്തതും, 200 കിടക്കകളുള്ളതുമായ സത്യസായ് ആശുപത്രിയുടെ നിർമ്മാണം പുല്ലൂർ-പെരിയ പഞ്ചായത്തിലെ കാഞ്ഞിരടുക്കത്ത് 2017-ൽ നല്ല നിലയിൽ ആരംഭിച്ചുവെങ്കിലും ഒരു വർഷം പിന്നിട്ടപ്പോൾ, നിർമ്മാണമേറ്റെടുത്ത ആർഎംകെ ഗ്രൂപ്പ് എന്ന കരാർ കമ്പനി ആശുപത്രി നിർമ്മാണം പാടെ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു.
കാഞ്ഞങ്ങാട് ടൗണിൽ നിന്ന് ഇരിയ വഴി 22 കീ മീറ്റർ ദൂരത്തിൽ പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരടുക്കത്ത് 2017-ലെ ശിവരാത്രി നാളിലാണ് ശ്രീ സത്യസായ് ധർമ്മാശുപത്രി കെട്ടിട നിർമ്മാണം ആരംഭിച്ചത്. വിശാലമായ കാഞ്ഞിരടുക്കം പ്രദേശത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് സത്യസായ് ആശുപത്രിക്ക് തറക്കല്ലിട്ടത്. അതിനുമുമ്പ്, കേന്ദ്രമന്ത്രി സദാനന്ദ ഗൗഢ ആശുപത്രിക്ക് ഭൂമി പൂജ നടത്തുകയും ചെയ്തു. തിരുവനന്തപുരം ആസ്ഥനമായ ശ്രീ സത്യസായ് ഓർഫനേജ് ട്രസറ്റ് 100 കോടി രൂപയാണ് കാഞ്ഞിരടുക്കം ധർമ്മാശുപത്രിക്ക് നീക്കി വെച്ചിരുന്നത്.
ആരംഭത്തിൽ 30 കോടി രൂപയാണ് ആശുപത്രി കെട്ടിടത്തിന് അനുവദിച്ചത്. ഘട്ടം ഘട്ടമായി ആശുപത്രി നിർമ്മാണം പൂർത്തിയാക്കുന്നതനുസരിച്ച് 10 കോടി രൂപ വീതം നിർമ്മാണക്കമ്പനിക്ക് നൽകാനും 2018 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് ആശുപത്രി കെട്ടിടം ഉദ്ഘാടനം നടത്താനുമായിരുന്നു സത്യസായ് ഓർഫനേജ് ട്രസ്റ്റിന്റെ പദ്ധതിയെങ്കിലും, നിർമ്മാണം തുടങ്ങി 12 മാസം തികയും മുമ്പ് കരാർ കമ്പനിയായ എം.കെ. ഗ്രൂപ്പ് ഒരു കാരണവുമില്ലാതെ നിർമ്മാണ ജോലികൾ ഉപേക്ഷിച്ച് സ്ഥലം വിടുകയായിരുന്നു. തുടക്കത്തിൽ അതിഥി തൊഴിലാളികളായ ഇരുന്നൂറോളം പേർ രാപ്പകൽ ആശുപത്രിക്കെട്ടിടം സൈറ്റിൽ ജോലി ചെയ്തിരുന്നു.
അതിവേഗത്തിലാണ് ഒരു മാസക്കാലം കെട്ടിട നിർമ്മാണ പ്രാരംഭ ജോലികൾ മുന്നോട്ടു പോയത്. പത്തുനിലകളിൽ പണിയാൻ പ്ലാൻ തയ്യാറാക്കിയിരുന്ന ആശുപത്രി കെട്ടിടത്തിന്റെ 15-ലധികം കോൺക്രീറ്റ് പില്ലറുകളുടെ അടിത്തറയും മറ്റും നിർമ്മിച്ച ശേഷം പില്ലറുകൾ തീർക്കാൻ കമ്പികെട്ടി ഉയർത്തിയ നിലയിലാണ് ഇപ്പോഴുള്ളത്. വിശാലമായ വർക്ക് സൈറ്റിൽ എഞ്ചിനീയർമാർക്കും മറ്റുമായി മൂന്നോളം ശീതികരിച്ചതും ആധുനിക സൗകര്യങ്ങളോടും കൂടിയതുമായ കാരവനുകൾ ആശുപത്രി നിർമ്മാണ സൈറ്റിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ കഴിഞ്ഞ രണ്ടു വർഷമായി ഉപേക്ഷിച്ച നിലയിലാണ്. തൊട്ടടുത്തു തന്നെ ഇരുന്നൂറോളം അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ പ്രത്യേക മുറികളുള്ള ഷെഡ്ഡും പണിതീർത്തിരുന്നു. ആശുപത്രി നിർമ്മിക്കാനുള്ള കരാർ ജോലികൾ സത്യസായ് ട്രസ്റ്റ് ഏൽപ്പിച്ചത് ബംഗളൂരു ആസ്ഥാനമായ ടാറ്റാ കൺസ്ട്രക്ഷൻ കമ്പനിയേയാണ്. ടാറ്റയുടെ സബ് കോൺട്രാക്ടർമാരാണ് എം.കെ. ഗ്രൂപ്പ്. ഈ ഗ്രൂപ്പാണ് ആശുപത്രി നിർമ്മാണം പാതിവഴിയിലിട്ട് കാഞ്ഞിരടുക്കത്ത് നിന്ന് മുങ്ങിയത്.