കാണിയൂര്‍ പാത: മുഖ്യമന്ത്രിക്ക് കര്‍മ്മസമിതിയുടെ അഭിനന്ദനം

കാഞ്ഞങ്ങാട്: കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് പരിഗണനയിലുള്ള റെയില്‍പാതകളില്‍ ഏറ്റവും സ്വീകാര്യമായത് നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് – കാണിയൂര്‍ റെയില്‍പാതയാണെന്ന് നിയമസഭയില്‍ അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും വിഷയത്തില്‍ ഇടപെട്ട കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരനെയും നഗരവികസന കര്‍മ്മസമിതി അഭിനന്ദിച്ചു. കാണിയൂര്‍ പാതയ്ക്ക് മറ്റ് തര്‍ക്കവിഷയങ്ങളൊന്നും ഇല്ലെന്നും നടപ്പാക്കാനാകുമെന്ന് തന്നെയാണ് സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളതെന്നും ഇ.ചന്ദ്രശേഖരന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാത കടന്ന് പോകുന്ന കര്‍ണ്ണാടകയുടെ ഭാഗത്ത് കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും ഇതേവരെ അനുകൂലമായ തീരുമാനം ഉണ്ടായിട്ടില്ല. കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനത്തിന് കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് സമിതി യോഗം ആവശ്യപ്പെട്ടു.

90 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാഞ്ഞങ്ങാട്-പാണത്തൂര്‍ -കാണിയൂര്‍ പാതയുടെ 41 കിലോമീറ്റര്‍ കേരളത്തിലും ബാക്കി കര്‍ണ്ണാടകയിലുമാണ്. കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടാക്കാന്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുന്നതിന് യോഗം നടപടികള്‍ ആവിഷ്‌ക്കരിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രിയേയും നേതാക്കളെയും കര്‍മ്മസമിതി പ്രതിനിധികള്‍ കാണും.

നിര്‍മ്മാണം ഏറെക്കുറേ പൂര്‍ത്തിയായ കോട്ടച്ചേരി റെയില്‍വേ മേല്‍പാലം എത്രയും വേഗം തുറന്ന് കൊടുക്കാനും കുശാല്‍നഗര്‍ റെയില്‍ മേല്‍പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കാനും യോഗം സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു. പുതിയകോട്ടയില്‍ ഉദ്ഘാടനം കഴിഞ്ഞ അമ്മയും കുഞ്ഞും ആശുപത്രിയും ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള കാത്ത്‌ലാബും പൂര്‍ണ്ണ സജ്ജമാക്കി പ്രവര്‍ത്തനം തുടങ്ങമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.

സമിതി ചെയര്‍മാന്‍ അഡ്വ.പി.അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സി.യൂസഫ്ഹാജി, അഡ്വ.എം.സി.ജോസ്, സി.എ.പീറ്റര്‍, ടി.മുഹമ്മദ് അസ്ലം, കുഞ്ഞിക്കണ്ണന്‍ കക്കാണത്ത്, എ.ഹമീദ്ഹാജി, എം.കുഞ്ഞിക്കൃഷ്ണന്‍, ബി.സുകുമാരന്‍, കെ.മുഹമ്മദ്കുഞ്ഞി, എ.ദാമോദരന്‍, സി.മുഹമ്മദ്കുഞ്ഞി, എം.വിനോദ്, ഇ.കെ.കെ.പടന്നക്കാട്, സൂര്യ ഭട്ട്, അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു.

LatestDaily

Read Previous

ഗൾഫിലേക്ക് കടന്ന ഫാഷൻ ഗോൾഡ് മുൻ ഡയറക്ടർ തിരിച്ചെത്തി

Read Next

പത്ത് വർഷമായി നന്നാക്കാതെ അലാമിപ്പള്ളി ക്ലബ്ബ് റോഡ്