ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയിൽ ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും, ദക്ഷിണ റെയിൽവെ ആസ്ഥാനത്ത് നിന്ന് സംസ്ഥാന സർക്കാരിന് ലഭിച്ച കത്തിലുള്ള അവ്യക്തത നീക്കാൻ നടപടിയെടുക്കുമെന്നുമുള്ള മന്ത്രി ഇ. ചന്ദ്രശേഖരന്റെ പുതിയ വെളിപ്പെടുത്തൽ പച്ചക്കള്ളവും, നനഞ്ഞ പടക്കത്തിനുള്ള തീക്കൊളുത്തലും. കാഞ്ഞങ്ങാട്ട് 2010-ൽ രൂപീകരിച്ച കാണിയൂർ പാത സമിതി നേതാക്കളായ സി. യൂസഫ് ഹാജി, സി. ഏ. പീറ്റർ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി. കെ. നാരായണൻ, ടി. മുഹമ്മദ് അസ്്ലം എന്നിവരോടാണ് മന്ത്രി ചന്ദ്രശേഖരൻ ഇന്നലെ ഈ കള്ളം പറഞ്ഞത്.
കാഞ്ഞങ്ങാട്- കാണിയൂർ പാതയ്ക്ക് 2007-ൽ അന്നത്തെ വി. എസ്. സർക്കാർ നൽകിയ നിരാക്ഷേപ പത്രം പിന്നീട് അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ കീറിക്കളയുകയായിരുന്നു. 2015-ൽ അധികാരത്തിലെത്തിയ പിണറായി സർക്കാറും, കാണിയൂർ റെയിൽപ്പാതയോട് പുറം തിരിഞ്ഞു നിന്നു. 2016-17 വർഷത്തെ കേരള ബജറ്റിൽ കാണിയൂർ പാതയ്ക്ക് 20 കോടി രൂപ ടോക്കൺ തുക മാത്രമാണ് കേരളം വകയിരുത്തിയത്.
2017-ൽ നിന്ന് ഇങ്ങോട്ട് 2020 വരെ നീണ്ട മൂന്നുവർഷക്കാലം കേരള മന്ത്രിസഭയിൽ രണ്ടാമനായി അധികാരത്തിലിരുന്ന മന്ത്രി ഇ. ചന്ദ്രശേഖരന് പിണറായി സർക്കാരിൽ സമ്മർദ്ദം ചെലുത്തി സ്വന്തം മണ്ഡലമായ കാഞ്ഞങ്ങാടിന്റെ ഹൃദയത്തിലൂടെ പൂക്കളുടെ നഗരമായ ബംഗളൂരുവിലേക്ക് കടന്നു പോകുന്ന കാനന റെയിൽപ്പാത യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. കാഞ്ഞങ്ങാട് – കാണിയൂർ റെയിൽപാതയ്ക്ക് മൊത്തം കണക്കാക്കിയ പദ്ധതി ചിലവ് വെറും 1400 കോടി രൂപയാണ്. ഈ തുകയിൽ 700 കോടി രൂപ കേന്ദ്ര സർക്കാരും, ശേഷിച്ച 700 കോടിയിൽ 350 കോടി കേരള സർക്കാരും, 350 കോടി കർണ്ണാടക സർക്കാരും വഹിക്കണമെന്ന പദ്ധതിയാണ് കാണിയൂർ പാത നിർമ്മാണം.
കർണ്ണാടകയുടെ 350 കോടി രൂപ വഹിക്കാൻ കർണ്ണാടകയിൽ ഈ കാലയളവിൽ അധികാരത്തിൽ വന്ന കോൺഗ്രസ്സിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും, ദൾ മുഖ്യമന്ത്രി കുമാരസ്വാമിയും സമ്മതിക്കാതിരുന്നത് മംഗളൂരു സ്വകാര്യ ബസ്സ് ലോബിക്ക് വഴങ്ങിയാണ്. 2019 നവംബറിൽ അധികാരത്തിൽ വന്ന ബിജെപി മുഖ്യമന്ത്രി യദിയൂരപ്പയ്ക്ക് കാണിയൂർ പാതയിൽ താൽപ്പര്യമുണ്ടെന്ന് യദിയൂരപ്പ സർക്കാരിലെ തുറമുഖ- ഗ്രാമവികസനമന്ത്രി എസ്. അങ്കാരപ്പ കാണിയൂർപാത കർമ്മസമിതി പ്രവർത്തകരെ അറിയിച്ചിരുന്നുവെങ്കിലും, 2019 ഡിസംബറിൽ കർണ്ണാടകയിൽ അധികാരത്തിൽ വന്ന മുഖ്യമന്ത്രി യദിയൂരപ്പയെ നേരിട്ടു കണ്ട് പാതയുടെ പ്രയോജനം ബോധ്യപ്പെടുത്താൻ, ഇന്നുവരെ തയ്യാറാകാതിരുന്ന മന്ത്രി ചന്ദ്രശേഖരൻ കേരളത്തിൽ ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് തലയ്ക്ക് മീതെ എത്തി നിൽക്കുമ്പോൾ, കാണിയൂർ പാതയിൽ ആശങ്ക വേണ്ടെന്നും, ദക്ഷിണ റെയിൽവെയുടെ കത്തിലെ അവ്യക്തത നീക്കുമെന്നും പറയുന്നത് കള്ളവും, വെറും മൂന്നാം കിട രാഷ്ട്രീയക്കാരന്റെ തിരഞ്ഞെടുപ്പ് സ്റ്റണ്ടുമാണ്.
പാതയ്ക്കാവശ്യമായ 1400 കോടിയിൽ 700 കോടി രൂപ കേന്ദ്രസർക്കാർ തരാമെന്ന് മോദി സർക്കാറിൽ അന്നത്തെ റെയിൽമന്ത്രി ഡി. വി. സദാനന്ദ ഗൗഡയ്ക്ക് ശേഷം വന്ന റെയിൽവെ മന്ത്രി സുരേഷ് പ്രഭു ദൽഹിയിൽ അദ്ദേഹത്തിന്റെ സ്വന്തം കാബിനിൽ അന്നത്തെ കാസർകോട് എംപി, പി. കരുണാകരന്റെ സാന്നിദ്ധ്യത്തിൽ കാഞ്ഞങ്ങാട്ട് നിന്ന് അന്ന് കേന്ദ്ര മന്ത്രിയെ കാണാനെത്തിയ കർമ്മസമിതി അംഗങ്ങൾക്ക് മുന്നിൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, എന്തുകൊണ്ടോ പി. കരുണാകരനും കാണിയൂർ റെയിൽപാതയോട് പൂർണ്ണമായും പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു.
2015-ലാണ് കേന്ദ്ര സർക്കാർ കാണിയൂർ പാതയുടെ ഭൂമി സർവ്വേയ്ക്ക് ഉത്തരവിട്ടത്. കാഞ്ഞങ്ങാട് മുതൽ സുള്ള്യക്കടുത്തുള്ള കാണിയൂർ വരെ 91 കി. മീറ്റർ ദൂരത്തിൽ സർവ്വെ നടത്താനാണ് അന്ന് റെയിൽ മന്ത്രിയായിരുന്ന ഡി. വി. സദാനന്ദഗൗഡ ഉത്തരവിട്ടത്. ഗൗഡയുടെ ജൻമഗൃഹം കേരള അതിർത്തിയോട് ചേർന്നുകിടക്കുന്ന സുള്ള്യയിലാണ്. അദ്ദേഹം പുത്തൂർ കോടതിയിൽ വക്കീലായിരുന്നു.
ഈ റിപ്പോർട്ട് പൂർത്തിയാക്കി കേന്ദ്ര സർക്കാരിന് സമർപ്പിക്കുന്ന കാര്യത്തിൽ 15 വർഷം എംപിയായിരുന്ന പി. കരുണാകരൻ ഒട്ടും താൽപ്പര്യമെടുത്തില്ല. 2015-ൽ പാതയുടെ സർവ്വെ പൂർത്തിയാക്കിയ സ്ഥിതിക്ക് 2020-ൽ ഈ പാതയിൽ ട്രെയിൻ ഓടേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു. കാഞ്ഞങ്ങാട്ട് നിന്ന് വെറും 150 രൂപയ്ക്ക് 290 കിലോമീറ്റർ ദൂരം മാത്രം വരുന്ന പാതയിലൂടെ സഞ്ചരിച്ച് കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് ബംഗളൂരു നഗരത്തിൽ എത്തിച്ചേരാൻ കഴിയുമായിരുന്ന റെയിൽ പാതയാണ് രാഷ്ട്രീയ പ്രമാണിമാരുടെ പൊറുക്കാനാവാത്ത ഉച്ചയുറക്കത്തിൽ കാസർകോടിനും കേരളത്തിനും, കർണ്ണാടകയ്ക്കും നഷ്ടമായത്.
കാണിയൂർ പാത യാഥാർത്ഥ്യമാക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹമുണ്ടായിരുന്നുവെങ്കിൽ, 5 വർഷം എംഎൽഏയും 5 വർഷം മന്ത്രിയും, (അതും രണ്ടാമൻ) ആയിരുന്നിട്ട് കൂടി കഴിയാതിരുന്ന ഇ. ചന്ദ്രശേഖരൻ, പാതയ്ക്ക് വേണ്ടി മുഖ്യമന്ത്രിയിൽ താൻ സമ്മർദ്ദം ചെലുത്തുമെന്ന് ഇന്നലെ നടത്തിയ പ്രഖ്യാപനം വെറും പൊള്ളയും, ജനവഞ്ചനയും, കാസർകോട്ടെ ജനങ്ങളോട് ചെയ്തുവെച്ച കൊടുംപാതകവുമാണ്.