കാണിയൂർ റെയിൽ പ്പാതയ്ക്ക് ആദ്യം അനുമതി നൽകിയത് വി. എസ്. അച്യുതാനന്ദൻ

കാഞ്ഞങ്ങാട്: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്- പാണത്തൂർ – കാണിയൂർ റെയിൽപ്പാത വിഷയം പ്രചാരണ വിഷയമാക്കാനുള്ള കോൺഗ്രസ്സ് നീക്കത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശം വസ്തുതകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാതെ കേരളസർക്കാർ നൽകിയ സമ്മതപത്രം അപൂർണ്ണമായതിനാലാണ് കാണിയൂർ പാതയ്ക്ക് അനുമതി കിട്ടാത്തതെന്നായിരുന്നു ഐഎൻടിയുസി പ്രതിഷേധ സംഗമത്തിൽ ഉണ്ണിത്താൻ എംപി പറഞ്ഞത്.

നേരത്തെ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കാഞ്ഞങ്ങാട്- കാണിയൂർപാതയ്ക്ക് സ്ഥലമെടുക്കാനുള്ള അനുമതി നൽകിയത്. തൽസമയം, കേന്ദ്ര പദ്ധതികൾക്ക് സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് നൽകണമെന്നതായി രുന്നു കേന്ദ്രമാനദണ്ഡം. പിന്നീട് വന്ന നരേന്ദ്രമോദി സർക്കാർ കേന്ദ്രപദ്ധതികളുടെ പകുതി വിഹിതം സംസ്ഥാന സർക്കാരുകൾ വഹിക്കണമെന്ന മാനദണ്ഡം കൈക്കൊള്ളുകയായിരുന്നു. എന്നാൽ പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാറിനെ കർമ്മസമിതി നേതൃത്വത്തിൽ പലതവണ കണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല.

തുടർന്ന് വന്ന പിണറായി വിജയൻ സർക്കാരാണ് കാണിയൂർ പാതയ്ക്ക് ബജറ്റിൽ തുക അനുവദിക്കുകയും കേന്ദ്രമാനദണ്ഡപ്രകാരം പകുതി വിഹിതം നൽകാമെന്ന സമ്മതപത്രം നൽകുകയും ചെയ്തത്. ഈ സമ്മതപത്രം പൂർണ്ണമല്ലെന്ന വാദം നിരത്തിയാണ് ഇപ്പോൾ രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കോൺഗ്രസ്സ് നേതൃത്വവും ഐഎൻടിയുസിയും കേരള സർക്കാരിനെതിരെ തിരിയുന്നത്.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കാണിയൂർപാത തെരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റി നേട്ടം കൊയ്യാനുള്ള നീക്കങ്ങൾക്കാണ് ഇപ്പോൾ കോൺഗ്രസ്സ് നേതൃത്വം മുൻകൈയെടുക്കുന്നത്. കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനത്തിനുതകുന്ന കാണിയൂർ പാതയുടെ സിംഹഭാഗവും കടന്നുപോകുന്നത് കാഞ്ഞങ്ങാട് മണ്ഡലത്തിലൂടെയാണ്.  മണ്ഡലത്തിന്റെ എംഎൽഏയായ മന്ത്രി ഇ. ചന്ദ്രശേഖരനെ പ്രതിക്കൂട്ടിലാക്കാൻ കാണിയൂർ പാത വിഷയം എടുത്തിടാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കോൺഗ്രസ്സും ഇപ്പോൾ നടത്തുന്നതെന്ന് വ്യക്തം.

LatestDaily

Read Previous

സംയുക്ത ജമാഅത്ത് ഭാരവാഹികളുമായി ഖാസി മുത്തുക്കോയ ചർച്ച നടത്തി

Read Next

സുനിലിന് എതിരെ കാഞ്ഞങ്ങാട്ടും കേസ് പ്രതിയുടെ വീട്ടിൽ വീണ്ടും റെയ്ഡ് ∙ രേഖകൾ പിടികൂടി