സംയുക്ത ജമാഅത്ത് അദ്ധ്യക്ഷൻ ആരാകും?

കാഞ്ഞങ്ങാട്: കാൽ നൂറ്റാണ്ടുകാലം കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്തിന്റെ അധ്യക്ഷ പദവി അലങ്കരിച്ച മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തിന് ശേഷം ആരായിരിക്കും ഈ അധ്യക്ഷ പദവി ഇനി അലങ്കരിക്കുകയെന്ന് ജനങ്ങൾ പരസ്പരം ചോദിച്ചു തുടങ്ങി. പരേതനായ എംബി മൂസ്സാഹാജിയായിരുന്നു 1980 മുതൽ 1991 ൽ മരണം വരെ കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്തിന്റെ അദ്ധ്യക്ഷൻ. മൂസ്സാഹാജിയുടെ മരണത്തിന് ശേഷം ഈ കാൽ നൂറ്റാണ്ടുകാലം ഇപ്പോൾ 2020 മരണം വരെ മെട്രോ മുഹമ്മദ് ഹാജി അദ്ധ്യക്ഷ സ്ഥാനത്ത് തുടരുകയും ചെയ്തു.

മൂസ്സാഹാജിയും, മെട്രോ മുഹമ്മദ്ഹാജിയും അലങ്കരിച്ച സംയുക്ത ജമാഅത്ത് അദ്ധ്യക്ഷ പദവിയിലേക്ക് കഴിവും പ്രാപ്തിയും പൊതു സമ്മതനുമായ ഒരാളെ ജനങ്ങൾ ഒന്നടങ്കം ഉറ്റുനോക്കുകയാണ്. മൻസൂർ ആശുപത്രി ചെയർമാൻ കുഞ്ഞാമദ് പാലക്കി നിലവിൽ സംയുക്ത ജമാഅത്തിന്റെ ഖജാൻജിയാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി അദ്ദേഹം ഖജാൻജി സ്ഥാനത്ത് തുടരുന്നു. കാഞ്ഞങ്ങാട്ടെ ഏ. ഹമീദ്ഹാജി സംയുക്ത മുസ്്ലീം ജമാഅത്തിന്റെ വൈസ് പ്രസിഡണ്ടാണ്. ഹമീദ്ഹാജിയും കുഞ്ഞാമദ് പാലക്കിയുമാണ് നിലവിൽ സംയുക്ത ജമാഅത്ത് അദ്ധ്യക്ഷ പദവിയിലേക്ക് പ്രത്യക്ഷത്തിൽ കാണുന്നവർ. ബശീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്തിന്റെ ജനറൽ സെക്രട്ടറിയാണ്. ഏ.ഹമീദ്ഹാജിയും ബശീർ വെള്ളിക്കോത്തും മനസ്സുകൊണ്ട് അത്ര നല്ല ചേർച്ചയിലല്ല. മെട്രോ മുഹമ്മദ്ഹാജി ദീർഘകാലം വിദേശത്ത് പോകുമ്പോഴെല്ലാം, വൈസ് പ്രസിഡണ്ട് എന്ന നിലയിൽ ഏ.ഹമീദ്ഹാജിക്ക് പ്രസിഡണ്ടിന്റെ ചുമതല നൽകാറുണ്ടെങ്കിലും, ഈ ചുമതല കൈമാറ്റം ബശീറിന് ഒട്ടും ഇഷ്ടമായിരുന്നില്ല.

കാരണം, ഹമീദ്ഹാജി പ്രസിഡണ്ടിന്റെ ചുമതലയിലിരുന്നപ്പോഴൊന്നും  കാലത്ത് സെക്രട്ടറി ബശീർ മനപ്പൂർവ്വം സംയുക്ത ജമാഅത്തിന്റെ യോഗം വിളിക്കാതിരുന്ന സന്ദർഭങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ട്. ബശീറും, ഏ.ഹമീദ്ഹാജിയും തമ്മിലുള്ള പടല പിണക്കം നിലനിൽക്കുന്നിടത്തോളം  ഏ.ഹമീദ്ഹാജിയെ സംയുക്ത ജമാഅത്തിന്റെ പ്രസിഡണ്ട് പദവിയിലിരുത്താൻ ബശീർ ഉള്ളുകൊണ്ട് ഒട്ടും  സമ്മതിക്കുകയുമില്ല. ഈ വിഷയത്തിൽ ഒരു തെരഞ്ഞെടുപ്പ് ഉണ്ടായാൽ തന്നെ സംയുക്ത ജമാഅത്തിൽ നിലവിലുള്ള അംഗ ജമാഅത്തുകളിൽ കിഴക്കൻ ലോബിയും പടിഞ്ഞാറൻ ലോബിയും ഇരു തട്ടുകളിൽ തിരിഞ്ഞുകൊണ്ട് വോട്ടു ചെയ്യാനും മടിക്കില്ല. ഇതിൽ കിഴക്കൻ ലോബി ബശീറിനൊപ്പവും, പടിഞ്ഞാറൻ ലോബി ഏ,ഹമീദ്ഹാജിക്കൊപ്പവും ചേരി തിരിഞ്ഞു നിൽക്കാനുള്ള സാദ്ധ്യതകളും ഏറെയാണ്. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പദവിയിൽ താൽപ്പര്യമില്ലെന്ന് കുഞ്ഞാമദ് പാലക്കി പറയുന്നു. ഹമീദ്ഹാജി താൽപ്പര്യമില്ലെന്നും, താൽപ്പര്യമുണ്ടെന്നും ഇതുവരെ  പറഞ്ഞിട്ടില്ല. പ്രസിഡണ്ട് പദവി അധികകാലം ഒഴിച്ചിടുന്നതിൽ  മറ്റു പ്രയാസങ്ങൾ ഉള്ളതിനാൽ ജൂൺ മാസത്തിൽ തന്നെ പൊതു സമ്മതനായ ഒരു അദ്ധ്യക്ഷനെ സംയുക്ത ജമാഅത്തിന് തെരഞ്ഞെടുക്കേണ്ടി വരും.

LatestDaily

Read Previous

ഷാർജ ഐ എം സി സി ക്ക് അവശ്യമരുന്നുകൾ കൈമാറി

Read Next

റഫിയാത്തിന്റെ ഐഫോൺ വീണ്ടും അന്വേഷണ സംഘത്തിന് കൈമാറി