ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയെക്കണ്ട് നൽകിയ നിവേദനത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ട് നടത്തിയ ചർച്ചയിലും കാഞ്ഞങ്ങാട് –പാണത്തൂർ, കാണിയൂർ റെയിൽപ്പാതയെ അവഗണിച്ചു. കാഞ്ഞങ്ങാട്ട് നിന്ന് പാണത്തൂർ വഴി കർണ്ണാടകയിലെ സുള്ള്യക്കടുത്ത കാണിയൂർ വരെയുള്ള റെയിൽപ്പാതയുടെ സർവ്വേകൾ പൂർത്തിയാക്കി ലാഭകരമെന്ന് കണ്ടെത്തിയ റിപ്പോർട്ട് കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് സമർപ്പിച്ചതാണ്.
മറ്റു റെയിൽപ്പാതകളെ അപേക്ഷിച്ച് ചുരുങ്ങിയ ചെലവിൽ പണിയാൻ കഴിയുന്ന കാഞ്ഞങ്ങാട് –കാണിയൂർ റെയിൽപാതയ്ക്ക് ഭൂമിയേറ്റെടുക്കുന്നതിനുൾപ്പടെപ്രയാസങ്ങളൊന്നുമില്ല. കേന്ദ്ര സർക്കാറിന്റെ അനുമതി ലഭിക്കുന്നതോടെ നിർമ്മാണം നടത്താൻ കഴിയുന്ന പാകത്തിലുള്ള കാഞ്ഞങ്ങാട്–കാണിയൂർ പാതയ്ക്ക് അനുകൂലമായ സാഹചര്യമാണിപ്പോഴുള്ളത്.
ഹൊസ്ദുർഗ് താലൂക്കിലെയും മലയോര മേഖലയുടെ വികസനത്തിനും കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനത്തിനും പ്രയോജനപ്പെടുന്ന കാഞ്ഞങ്ങാട് –പാണത്തൂർ പാത വഴി ഏഴ് മണിക്കൂറിനകം ബംഗളൂരുവിലെത്താൻ കഴിയും. എല്ലാ അനുകൂല സാഹചര്യവുമുണ്ടായിട്ടും, കാഞ്ഞങ്ങാട് പാണത്തൂർ കാണിയൂർ പാത മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കണ്ടുന്നയിച്ച ആവശ്യങ്ങളിൽപ്പെടാതെ പോയത് വടക്കൻ കേരളത്തോട് വിശിഷ്യാ കാസർകോട് ജില്ലയോടുള്ള അവഗണനയായി മാത്രമെ കാണാനാവൂ.
അതേസമയം, കാഞ്ഞങ്ങാട്–പാണത്തൂർ, ബാഗമണ്ഡലം വഴി മടിക്കേരിയിലെത്തുന്ന ഹൈവേയെ കേന്ദ്ര സർക്കാറിന്റെ ഭാരത് മാല പദ്ധതിയിലുൾപ്പെടുത്താൻ ധാരണയായിട്ടുണ്ട്. മടിക്കേരിയിലെത്തിയാൽ മൈസൂർ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്ട് നിന്നുള്ള റോഡ് യാഥാർത്ഥ്യമാക്കാൻ നേരത്തെ ദേശീയ പാതയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും, സാങ്കേതികക്കുരുക്കിൽപ്പെട്ട് ദേശീയപാത ശൃംഖലയിൽപ്പെടാതെ പോവുകയായിരുന്നു. ഇതാണ് ഇപ്പോൾ ഭാരത് മാല പദ്ധതിയിൽപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം കേരളത്തിലെ മറ്റ് പത്ത് റോഡുകളും ഭാരത് മാലയിൽപ്പെടുത്തിയിട്ടുണ്ട്.